കാഞ്ഞങ്ങാട്∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എഐയെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) തരംഗം തീർത്ത് റിയാസ് അമലടുക്കം. ചുവരെഴുത്ത്, പോസ്റ്റ് പ്രചാരണം എന്നിവരെ മറികടന്ന് പ്രചാരണരംഗത്ത് പുത്തൻ ട്രെൻഡ് ആണ് എഐ.
മികച്ച വിഡിയോ ക്ലിപ്പുകൾ തയാറാക്കി നൽകുന്നവരെ തേടി സ്ഥാനാർഥികൾ ക്യൂവിലാണ്. എഐയെ പ്രചാരണായുധമാക്കാൻ ആഗ്രഹിക്കുന്നവരാണ് സ്ഥാനാർഥികളിൽ ഏറെപ്പേരും. ജില്ലയിൽ സ്ഥാനാർഥികൾക്കായി എഐ പോസ്റ്ററുകൾ തയാറാക്കി നൽകുന്നത് റിയാസ് അമലടുക്കമാണ്.
കാഞ്ഞങ്ങാട് നഗരസഭാ സ്ഥാനാർഥിയായ നജ്മ റാഫിയുടെ വിഡിയോ ആണ് റിയാസ് ആദ്യം തയാറാക്കിയത്.
ഇത് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയി. ഒരുദിവസം മാത്രം കണ്ടത് 8 ലക്ഷത്തോളം പേരാണ്.
ഇപ്പോൾ തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള സ്ഥാനാർഥികൾ റിയാസിന് വേണ്ടി ക്യൂവിലാണ്. ഇതിനകം 50 സ്ഥാനാർഥികൾക്ക് എഐ വിഡിയോകൾ തയാറാക്കി നൽകി.
നേരത്തേ രാഷ്ട്രീയ പ്രവർത്തകനായിരുന്നതിനാൽ പ്രചാരണ വിഡിയോ തയാറാക്കാനും റിയാസിന് നന്നായി അറിയാം.
സ്ക്രിപ്റ്റും എഡിറ്റിങ്ങും എല്ലാം റിയാസ് തന്നെയാണ്. 150 സ്ഥാനാർഥികളാണ് ഇപ്പോൾ റിയാസിനോട് വിഡിയോ തയാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഓരോ ദിവസവും എണ്ണം കൂടുകയാണെന്ന് റിയാസ് പറയുന്നു. മലപ്പുറം ജില്ലയിൽ നിന്നാണ് കൂടുതൽ സ്ഥാനാർഥികൾ എഐ പോസ്റ്ററുകൾക്ക് ആവശ്യപ്പെടുന്നത്.
കോഴിക്കോട് ജില്ലയിൽ നിന്ന് ഒരുപാട് പേർ പോസ്റ്റ് ആവശ്യപ്പെടുന്നുണ്ട്. ഒരു സ്ഥാനാർഥിക്ക് വേണ്ടി 10 മുതൽ 15 വിഡിയോകൾ വരെ തയാറാക്കും.
കൂടുതലും വോട്ട് അഭ്യർഥിക്കുന്ന വിഡിയോകൾ ആണ് സ്ഥാനാർഥികൾ ആവശ്യപ്പെടുന്നത്.
സ്ഥാനാർഥികളുടെ ചിഹ്നം, വാർഡിലെ പ്രശ്നങ്ങൾ, സിനിമാറ്റിക് സ്റ്റോറികൾ, മോഡലിങ് വിഡിയോ, സ്ഥാനാർഥികളുടെ ഇൻട്രോ വിഡിയോകൾ തുടങ്ങിയവയാണ് ട്രെൻഡ്. ദിവസവും ലക്ഷങ്ങളാണ് ഇത്തരം വിഡിയോകളും പോസ്റ്ററുകളും കാണുന്നത്.
ഇത് തിരിച്ചറിഞ്ഞാണ് സ്ഥാനാർഥികൾ എഐയെ ആശ്രയിക്കുന്നതും. എഐ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിന് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡീപ് ഫേക്ക് വിഡിയോ, സ്ത്രീകളെ അപമാനിക്കൽ അടക്കം പൂർണമായും വിലക്കിയിട്ടുണ്ട്. നിർമിത ബുദ്ധി ഒരുക്കുന്നവർ കൃത്യമായി നിബന്ധന പാലിച്ചില്ലെങ്കിൽ പണി കിട്ടുക സ്ഥാനാർഥിക്കു കൂടിയാണ്.
അതിനാൽ ഏറെ ജാഗ്രതോടെയാണ് വിഡിയോ തയാറാക്കുന്നതെന്നും റിയാസ് പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

