പരവനടുക്കം∙ സർക്കാർ മഹിളാമന്ദിരത്തിലെ താമസക്കാരായ ശ്രീജയ്ക്കും അഞ്ജുവിനും ഇനി പുതുജീവിതം. ഇന്നലെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ഇരുവർക്കും ആശംസകൾ നേരാനെത്തി ജില്ലാ കലക്ടർ കെ.ഇമ്പശേഖർ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്നു വരന്മാർക്കു കൈപിടിച്ചു നൽകിയപ്പോൾ ഇവർക്കൊപ്പം ചടങ്ങിനെത്തിയവരും ആശംസകളറിയിച്ചു.
അഞ്ജുവിനെ നീലേശ്വരം പരപ്പയിലെ എം.സജിത്തും ശ്രീജയെ കൊളത്തൂരിലെ കെ.രാജേഷുമാണ് മിന്നു ചാർത്തിയത്. ജീവനക്കാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വിവാഹചടങ്ങിൽ പങ്കാളിയായി.
പഠനസൗകര്യാർഥം കെ.അഞ്ജുവും ശ്രീജയും 4 വർഷങ്ങൾക്കു മുൻപാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പരവനടുക്കത്തെ മഹിളാ മന്ദിരത്തിൽ എത്തിയത്.
ബിരുദം പഠനം പൂർത്തിയാക്കിയ കെ.അഞ്ജു കാസർകോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റും ശ്രീജ മായിപ്പാടി ഡയറ്റിലെ രണ്ടാം വർഷ അധ്യാപക വിദ്യാർഥിനിയുമാണ്. ശ്രീജയെയും അഞ്ജുവിനെയും പെണ്ണ് കാണാനായി വരനും വീട്ടുകാരുമെത്തിയത് മഹിളാമന്ദിരത്തിലായിരുന്നു.
പരസ്പരം ഇഷ്ടമായതോടെ തുടർനടപടികളിലേക്ക് നീങ്ങി. വരന്മാർ ആദ്യം മഹിളാ മന്ദിരത്തിൽ വിവാഹം കഴിക്കാൻ താൽപര്യമാണെന്നു കാണിച്ചുള്ള അപേക്ഷ നൽകി.
അപേക്ഷ വനിതാ ശിശുവികസന ഓഫിസർ മുഖേന വകുപ്പ് ഡയറക്ടറേറ്റിൽ എത്തി. വരന്മാരെക്കുറിച്ചുള്ള വിവിധ അന്വേഷണങ്ങൾ പൂർത്തിയാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ വിവാഹത്തിന് അനുമതി നൽകിയതോടെയാണ് വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയത്.
വിവാഹചെലവിലേക്കായി ഇരുവർക്കും ഒരു ലക്ഷം രൂപ വകുപ്പ് നൽകി.
വകുപ്പിലെയും അങ്കണവാടിയിലെ ജീവനക്കാരുടെയും വകയായി വളകളും കമ്മലുകളും സമ്മാനമായി നൽകിയപ്പോൾ ഇരുവർക്കും മോതിരമാണ് മഹിളാമന്ദിരത്തിലെ ജീവനക്കാരും സ്ഥലംമാറി പോയവരും ചേർന്നു നൽകിയത്. വിവാഹ വസ്ത്രങ്ങളും സദ്യയും ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ വകയായിരുന്നു.
വിവാഹശേഷം ഇരുവരെയും വരന്മാരുടെ വീടുകളിൽ എത്തിച്ചാണ് ജീവനക്കാർ മടങ്ങിയത്.
വനിതാ ശിശുവികസന ജില്ലാ ഓഫിസർ ടി.ഹഫ്സത്ത്, പ്രോഗ്രാം ഓഫിസർ ജിജി ജോൺ, മഹിളാ മന്ദിരം സൂപ്രണ്ട് ടി.നദീറ, വനിത സംരക്ഷണ ഓഫിസർ പി.ജി.സവിത, സിഡിപിഒമാരായ കെ.ബീന, തില, കെ.കെ.ബിന്ദു, ശ്രീജ, കെ.ജെ.സായാഹ്ന, പ്രീത, ഗീതാകുമാരി, സ്റ്റാഫ് കൗൺസിൽ കൺവീനർ എ.ടി.ശശി, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബീരൂ, സീനിയർ സൂപ്രണ്ട് എ.പി.ഷൈലശ്രീ, മഹിളാമന്ദിരം മേട്രൺമാരായ പി.ജിഷ, യു.ശ്യാമള, ഓഫിസ് അസിസ്റ്റന്റ് കെ.സനീഷ, എന്നിവരടക്കമുള്ളവർ പങ്കെടുക്കുകയും ആവശ്യമായ സഹായങ്ങൾ നൽക്കുകയും ചെയ്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

