കാസർകോട്∙ ഒന്നര വർഷത്തോളം ജില്ലയെ വിറപ്പിച്ച പുള്ളിപ്പുലി ഇനി പുത്തൂർ സുവോളജിക്കൽ പാർക്കിൽ സഞ്ചാരികളെ ആകർഷിക്കുന്ന ‘റെമോ’. പരുക്കിനെ തുടർന്ന് സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി ആശുപത്രിയിൽ കഴിയുന്ന ‘റെമോ’യെ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി വാങ്ങിയ ശേഷം പാർക്കിലേക്ക് മാറ്റും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സുവോളജിക്കൽ പാർക്കിലെ 3 പുലികളിലൊന്നാണ് കാസർകോട് നിന്ന് കൊണ്ടുപോയ ഈ ആൺപുലി. കഴിഞ്ഞ മാർച്ച് 26ന് ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ ആവലുങ്കാലിൽ നിന്ന് വനംവകുപ്പ് കൂട് വച്ച് പിടികൂടിയ പുലിയെ ആണ് പരുക്കിനെ തുടർന്ന് തൃശൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റിയത്.
കഴിഞ്ഞ ഫെബ്രുവരി 5ന് കൊളത്തൂർ മടന്തക്കോട് മാളത്തിൽ മുള്ളൻപന്നിക്ക് വച്ച കെണിയുടെ ഇരുമ്പ് കേബിളിലാണ് ഈ പുലി കുടുങ്ങിയത്.
അന്ന് മുൻഭാഗത്തെ വലതുകാലിന് പരുക്കേറ്റിരുന്നു. ഇതു കൂടാതെ കൂട്ടിൽ നിന്നു രക്ഷപ്പെടാനൂള്ള ശ്രമത്തിനിടയിൽ മുഖത്തും സാരമായി പരുക്കേറ്റതിനെ തുടർന്നാണ് വനംവകുപ്പ് ചീഫ് കൺസർവേറ്ററുടെ അനുമതി വാങ്ങി സുവോളജിക്കൽ പാർക്കിൽ ചികിത്സയ്ക്കായി കൊണ്ടുപോയത്.
മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ ഡോക്ടർമാർ പരിശോധിച്ച ശേഷം കഴിഞ്ഞ 7 മാസമായി പുലി സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി ആശുപത്രിയിലാണ്. ചികിത്സയെ തുടർന്ന് ഇപ്പോൾ പരുക്ക് പൂർണമായും ഭേദമായി.
പാർക്ക് അധികൃതർ തന്നെയാണ് ഇവന് റെമോ എന്ന പേരിട്ടത്.
സ്വന്തം വാൽ കടിച്ച് മുറിച്ച് തുടക്കത്തിൽ റെമോ അക്രമാസക്തനായിരുന്നു. എന്നാൽ ഇപ്പോൾ ‘നല്ല കുട്ടിയായി അനുസരണയുള്ള’വനാണ്.
ഈ പുലിക്ക് ഏകദേശം 6 വയസ്സ് പ്രായമുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷം നടപടികൾ പൂർത്തിയാക്കി കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതിയോടെ പാർക്കിൽ തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനം. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പാർക്ക് അടുത്ത വർഷം ജനുവരിയോടെയാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.
അതിനു മുൻപ് ‘റെമോ’യെ പാർക്കിന്റെ ഭാഗമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. വയനാട്ടിൽ നിന്ന് എത്തിച്ച ഒരു പുലിയും തൃശൂർ മൃഗശാലയിൽ നിന്നു മാറ്റിയ പുലിയുമാണ് ഇവിടെ വേറെയുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

