
ചട്ടഞ്ചാൽ∙ ദേശീയപാത സർവീസ് റോഡിലെ നടപ്പാതകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിക്കാൻ എത്തിച്ച 4.74 ലക്ഷം രൂപയുടെ ഇരുമ്പ് കൈവരികൾ കവർന്ന കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. പെരിയ ചെക്കിപ്പള്ളത്തെ എം.മൻസൂർ (31) കുണിയ പാറ ഹൗസിൽ മുഹമ്മദ് റിഷാദ് (26) കുണിയ കുണ്ടൂർ ഹൗസിൽ കെ.എച്ച്.അലി അസ്കർ (26) എന്നിവരെയാണ് മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. കേസിലെ പ്രതിയായ മുഹമ്മദ് റിഷാദ് മുസ്ലിം യൂത്ത് ലീഗ് കുണിയ ശാഖാ കമ്മിറ്റി ട്രഷററാണെന്നു പറയുന്നു.
2 മീറ്റർ നീളവും ഒന്നര മീറ്റർ ഉയരവും 84 കിലോ ഭാരമുള്ള 46 ഇരുമ്പ് കൈവരികളാണു മോഷണം പോയതെന്ന് നിർമാണ പ്രവൃത്തി ഉപകരാർ ഏറ്റെടുത്ത കൊളത്തൂരിലെ നഞ്ചിൽ എൻജിനീയറിങ് വർക്കേഴ്സ് സ്ഥാപന മാനേജർ മുന്നാട് കമ്മാളംക്കയിലെ കെ.കെ.അനിലൻ പൊലീസിൽ നൽകിയ പരാതിയിലുണ്ട്.
പൊയ്നാച്ചി സൗത്തിലെ പെട്രോൾ പമ്പ് മുതൽ മയിലാട്ടി സബ് സ്റ്റേഷൻ വരെയുള്ള നടപ്പാതകളിൽ സ്ഥാപിക്കാൻ എത്തിച്ച ഇരുമ്പ് കൈവരികളിൽ 46 എണ്ണമാണ് വിവിധ ദിവസങ്ങളിലായി മിനിലോറിയിൽ സംഘം കടത്തിയത്.
നിർമാണ കമ്പനിയായ മേഘയുടെ മയിലാട്ടി ചൗക്കിയയിലെ യാർഡിലാണ് ഇരുമ്പ് കൈവരികൾ നിർമിച്ചിരുന്നത്. ഇതിൽ 154 എണ്ണം പ്രവൃത്തികൾ നടക്കുന്നിടത്ത് എത്തിച്ചിരുന്നു.
ഞായറാഴ്ച രാത്രി സംശയകരമായ സാഹചര്യത്തിൽ പ്രതികളായ 3 പേർ ചേർന്നു ഇരുമ്പ് കൈവരികൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നത് സമീപത്തുണ്ടായിരുന്നവർ മേഘയുടെ സുരക്ഷാ ജീവനക്കാരെ അറിയിച്ചിരുന്നു. ഇവർ എത്തുമ്പോഴേക്കും വാഹനത്തിൽ സാധനങ്ങളുമായി സംഘം രക്ഷപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാവിലെ പൊയ്നാച്ചി പെട്രോൾ പമ്പിനു സമീപത്തെ സർവീസ് പാതയോരത്ത് നിന്ന് 5 ഇരുമ്പ് കൈവരികൾ എടുത്തു കൊണ്ടുപോകാൻ ശ്രമിക്കവേ സൈറ്റ് സൂപ്പർവൈസർ രാജപ്പൻ പിള്ള നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തടഞ്ഞുവച്ചു.
ഇതിനിടെ 2 പേർ വാഹനവുമായി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി.
പിന്നീട് പൊലീസ് മറ്റു 2 പ്രതികളെയും പിടികൂടുകയായിരുന്നു. കടത്താൻ ഉപയോഗിച്ച വാഹനവും ഇതിനകത്ത് കയറ്റിയ ഇരുമ്പ് കൈവരികളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ മൻസൂറിന്റെ ബന്ധുവിന്റെതാണ് കടത്താൻ ഉപയോഗിച്ച വാഹനം എന്നു പൊലീസ് പറഞ്ഞു.
കുറെ ദിവസങ്ങളെടുത്താണ് ഇരുമ്പ് കൈവരികൾ കടത്തിയതെന്നാണു പൊലീസ് സംശയിക്കുന്നത്. കടത്തിയ കൈവരികൾ ആക്രിക്കടയിൽ വിൽപന നടത്തിയെന്നാണു പ്രതികളുടെ മൊഴിയെന്നും ഇവ കണ്ടെടുക്കുമെന്നും പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]