
കാസർകോട്∙ സ്വയം വീടു വൃത്തിയാക്കുന്ന റോബട് ഉപകരണം, ടിവി കണ്ടു പാചകം ചെയ്യാൻ അവസരം, ഫ്രിജും വാഷിങ് മെഷീനുമടക്കം എല്ലായിടത്തും എഐ… ഓണത്തിരക്കിൽ മുങ്ങിയ വിപണിയിൽ തരംഗമാവുകയാണ് പുത്തൻ സാങ്കേതിക വിദ്യകൾ.ഇന്ത്യൻ, ചൈനീസ് കമ്പനികളുടെ റോബട് ക്ലീനറുകൾ പല വിലകളിലായി ഇന്നും വിപണിയിലുണ്ട്. 12000 രൂപ മുതൽ 40000 രൂപ വരെ വിലയുള്ള ഉപകരണങ്ങൾ വിവിധ ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങളിൽ ലഭ്യമാണ്.
സെൻസറുകളും നാവിഗേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ച് സ്വയം വീട്ടിൽ ചുറ്റി വൃത്തിയാക്കുമെന്നതാണ് ഉപകരണത്തിന്റെ പ്രത്യേകത.
സ്വിച്ച് ഓൺ ആക്കുമ്പോൾ റോബട് സെൻസറുകളുടെ സഹായത്തോടെ ചുറ്റുപാടുകൾ നിരീക്ഷിക്കും. തുടർന്ന് നേർരേഖയിലും വശങ്ങളിലേക്കുമായി നീങ്ങി വൃത്തിയാക്കും. തടസ്സം കണ്ടാൽ ദിശ മാറ്റി മറ്റിടങ്ങളിൽ വൃത്തിയാക്കൽ തുടരും.
ബാറ്ററി കുറഞ്ഞാൽ സ്വയം ഡോക്കിലേക്ക് തിരിച്ചു പോകും, ചാർജ് ചെയ്ത് പിന്നീട് ജോലി തുടരും. വൈഫൈ, ബ്ലൂടൂത്ത് വഴിയും ഇവയെ നിയന്ത്രിക്കാം. കൃത്യമായ ഷെഡ്യൂൾ ക്രമീകരിച്ച് നിർദിഷ്ട
സമയത്ത് ഇവ ഓട്ടോമാറ്റിക്കായി പ്രവർത്തിപ്പിക്കാം.
എഐ വിപ്ലവം എല്ലായിടത്തും
അലക്കാനും തണുപ്പിക്കാനും ഇനി ആൾ വേണ്ട എഐ മതി എന്നതാണ് ഹോം അപ്ലയൻസസിലെ പുതുരീതി.
റോബട്ടിക് വാക്വം ക്ലീനർ പോലെ തന്നെ ആപ്പുകൾ ഉപയോഗിച്ചു ഫോണിൽനിന്ന് എവിടെ ഇരുന്നും ഇവ നിയന്ത്രിക്കാം. വാഷിങ് മെഷീനിൽ തുണി മാത്രം ഇട്ടാൽ മതി.
ബാക്കി എഐ ചെയ്യും. സാധാരണ വാഷിങ് മെഷീനിലെ എല്ലാ പ്രവർത്തനങ്ങളും സ്മാർട് ഫോണിൽ ചെയ്യാം.
ആൾ അടുത്തു വേണമെന്നില്ല. ഫ്രിജിന്റെ കാര്യത്തിലും ഇതേ രീതിയാണ്.
താപം ക്രമീകരിക്കുന്നതും ഓഫ് ചെയ്യുന്നതും അടക്കം എല്ലാ സൗകര്യങ്ങളും ഫോണിൽനിന്നു ചെയ്യാം.
മുറികളിലെ ആളുകളുടെ എണ്ണമനുസരിച്ചും താപനില അനുസരിച്ചും സ്വയം ക്രമീകരിക്കുന്ന എഐ എയർകണ്ടിഷണറുകളും തരംഗമാകുന്നുണ്ട്. മഴമൂലം നിലവിൽ എസി വിപണി അൽപം പിന്നാക്കമാണ്.
എന്നാൽ, മഴ മാറുന്നതോടെ ആവശ്യക്കാരും കൂടുമെന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്. എഐ ഫ്രിജിന് 37000 മുതൽ 3 ലക്ഷം വരെയാണ് വില.
എസി ആണെങ്കിൽ 30000 മുതലുണ്ട്. എഐ വാഷിങ് മെഷീനിൽ ഏറ്റവും കുറഞ്ഞത് 20000 രൂപയ്ക്കു മുകളിൽ വരും.
എല്ലാ ഉൽപന്നങ്ങളിലും എഐ സൗകര്യങ്ങൾ വർധിക്കുന്നതനുസരിച്ചു വിലയും കൂടും.
ടിവി കാണാം പാചകം ചെയ്യാം
വൈഫൈ സംവിധാനമുള്ള പ്രീമിയം റഫ്രിജറേറ്റർ ആണ് ഇപ്പോൾ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്. വില കുറച്ചധികമാണെങ്കിലും വീട്ടമ്മമാരടക്കം സൗകര്യം നോക്കി ഡിസ്പ്ലേ ഉള്ള ഫ്രിജ് വീട്ടിലെത്തിക്കുന്നു.
പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫ്രിജിലെ സ്ക്രീനിൽ യുട്യൂബ് അടക്കം പ്രവർത്തിപ്പിക്കാൻ സൗകര്യമുണ്ട്. വില ഒരു ലക്ഷത്തിനു മുകളിലാണ്.
പാക്കറ്റ് സാധനങ്ങളുടെ ബാർ കോഡ് നോക്കി കാലാവധി കഴിഞ്ഞാൽ നമ്മളെ അറിയിക്കും. റിമൈൻഡർ സൗകര്യവുമുണ്ട്.
ഫ്രൈ ആക്കാം കീശ ചോരാതെ
ഹോം അപ്ലയൻസസിൽ എയർഫ്രൈയർ ആണ് ഇപ്പോഴത്തെ താരം.
സാധാരണക്കാരടക്കം ആവശ്യക്കാരേറെ. അതിനൊപ്പം ഓണം ഓഫറുകൾ കൂടിയുണ്ടിപ്പോൾ.
2990 രൂപ മുതൽ 10000 രൂപ വരെ വിവിധ വിലയിൽ പല കമ്പനികളുടെ ഫ്രൈയറുകൾ ലഭ്യമാണ്. വറക്കാനും പൊരിക്കാനും ഇന്ന് വീടുകളിലെ ഇഷ്ട
ഉപകരണമെന്ന സ്ഥാനം എയർഫ്രൈയർ കയ്യടക്കിയിരിക്കുന്നു. മൈക്രോവേവ് അവ്നുകളുടെ അത്ര ചെലവില്ല എന്നതും എയർഫ്രൈയർ വീട്ടിലെത്തിക്കാൻ സാധാരണക്കാരെ പ്രലോഭിപ്പിക്കുന്നു.
ഓണക്കാലത്ത് ടിവിയും താരം
ഓണക്കാലത്ത് ഏറ്റവുമധികം വിൽപന നേടുന്നത് ടിവികളാണ്.
സാധാരണ ടിവി 32 ഇഞ്ചിന് 5790 രൂപ മുതൽ ആരംഭിക്കുമ്പോൾ സ്മാർട് ടിവിക്ക് ഇത് 6890 രൂപയാണ്. രണ്ടര ലക്ഷം വരെ വിലയുള്ള പല കമ്പനികളുടെ മോഡലുകൾ വിപണിയിലുണ്ട്. സാധാരണക്കാർക്ക് ഇന്ത്യൻ, ചൈനീസ് ബ്രാൻഡുകളാണ് താൽപര്യം.
വിദേശ ബ്രാൻഡുകൾക്കും പ്രത്യേക വിപണിയുണ്ട്. ഓണത്തോടനുബന്ധിച്ച് പല കമ്പനികളും പല ഉൽപന്നങ്ങൾക്കും അധികക വാറന്റി നൽകുന്നുണ്ട്. ഒരു വർഷ വാറന്റി ഉപകരണങ്ങൾക്കു 2 വർഷവും.
2 വർഷ വാറന്റിക്കു 4 വർഷവും അധിക തുക മുടക്കാതെ ലഭിക്കും. ഇതു കൂടാതെയാണ് വ്യാപാര സ്ഥാപനങ്ങളുടെ ഓഫറുകൾ.
10 ശതമാനം മുതൽ 70 ശതമാനം വരെ വിവിധ ഉപകരണങ്ങൾക്ക് കിഴിവുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]