ബേക്കൽ∙ ജില്ലയുടെ ടൂറിസം വികസനത്തിനായി സംസ്ഥാന സർക്കാർ 1995ൽ രൂപീകരിച്ച പൊതുമേഖലാ സ്ഥാപനമായ ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ (ബിആർഡിസി)യുടെ ബോർഡ് മീറ്റിങ് യോഗം ഇന്ന്. ബേക്കൽ ഗേറ്റ് വേ ഹോട്ടലിൽ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന യോഗത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയും ബിആർഡിസി ചെയർമാനുമായ ഡോ.
എ.ജയതിലക് ഉൾപ്പെടെയുള്ളവർ നേരിട്ടും ടൂറിസം സെക്രട്ടറി, ടൂറിസം ഡയറക്ടർ എന്നിവർ ഓൺലൈനായും പങ്കെടുക്കും. ബിആർഡിസിയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ച് നടപ്പാക്കിയ ഭൂരിഭാഗം പദ്ധതികളും പൂർത്തീകരിച്ചു കഴിഞ്ഞതിനാൽ പുതിയ പദ്ധതികൾ ഇന്നത്തെ യോഗത്തിൽ നിർദേശിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
5 കോടിയിലേറെയാണ് ബിആർഡിസിയുടെ വാർഷിക വരുമാനം.
യോഗത്തിൽ നടപടി പ്രതീക്ഷിക്കുന്നവ
∙നിർമാണം നിലച്ച 3 റിസോർട്ടുകൾ: ചെമ്പിരിക്ക,ചേറ്റുകുണ്ട്, കുളവയൽ റിസോർട്ട് പദ്ധതികളാണ് ഇനി പൂർത്തിയാവാനുള്ളത്. പാതിവഴിയിലായ ഈ 3 റിസോർട്ടുകൾ പൂർത്തിയാക്കുകയും പുതിയ പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യണം.
പദ്ധതി പ്രദേശങ്ങൾ വ്യാപിപ്പിക്കണം
80 കിലോമീറ്ററോളം വരുന്ന ജില്ലയുടെ കടൽത്തീരത്തായി 9 പഞ്ചായത്തുകളും 3 നഗരസഭകളും സ്ഥിതി ചെയ്യുന്നു.
ഇതിൽ 4 തീരദേശ പഞ്ചായത്തുകൾ തുടക്കം മുതൽ ബിആർഡിസിയുടെ പദ്ധതി പ്രദേശമായിരുന്നു. പിന്നീട് കാഞ്ഞങ്ങാട് നഗരസഭ കൂട്ടിച്ചേർക്കപ്പെട്ടു.
ബാക്കിയായ 5 തീരദേശ പഞ്ചായത്തുകളും 2 നഗരസഭകളും ബിആർഡിസി പദ്ധതി പ്രദേശമായി കൂട്ടിച്ചേർക്കണം.
ബേക്കൽ മൊട്ടക്കുന്നിലെ 1.3 ഏക്കർ സ്ഥലം
പള്ളിക്കര ഹയർ സെക്കൻഡറി സ്കൂളിന് പിറകുവശത്ത് ബിആർഡിസിയുടെ കൈവശമുള്ള 1.3 ഏക്കർ ബീച്ച് കാണാവുന്ന തരത്തിലുള്ള മൊട്ടക്കുന്നിൽ പുതിയ പദ്ധതി ആവിഷ്കരിക്കണം.
പെരിയ എയർസ്ട്രിപ്
വർഷങ്ങൾക്ക് മുൻപ് പദ്ധതിയിട്ട പെരിയ എയർസ്ട്രിപ്പിന് എല്ലാ വർഷവും ബജറ്റിൽ തുക അനുവദിക്കുന്നതല്ലാതെ സ്ഥലം ഏറ്റെടുക്കാനുള്ള പ്രവൃത്തിപോലും തുടങ്ങിയിട്ടില്ല
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനോടു ചേർന്ന് 3 ഏക്കർ സ്വകാര്യവ്യക്തികളിൽ നിന്ന് ഏറ്റെടുത്ത് പാർക്കിങ്, പാർക്ക് എന്നിവ സജ്ജമാക്കണം.
തീരദേശ ഹൈവേ അലൈൻമെന്റ്
തീരദേശ ഹൈവേ അലൈൻമെന്റ് ടൂറിസത്തിന് ഗുണകരമായ രീതിയിൽ മാറ്റണമെന്ന നിർദേശം.
തീരദേശ ഹൈവേ കോടി ബീച്ചിന്റെ ഭാഗത്തു നിന്ന് പ്രധാന റിസോർട്ടുകളുടെ സമീപത്തു കൂടെ മാറ്റിയാൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനടക്കം ഗുണം ചെയ്യും. കൂടാതെ കോടി, കാപ്പിൽ, കൊപ്പൽ, കൊവ്വൽ, ജന്മ ബീച്ചുകളുടെ സാധ്യത വർധിക്കുന്നതോടൊപ്പം ഒട്ടേറെ ചെറിയ സംരംഭങ്ങളും ഇവിടെ ഉയർന്നുവരും.
ബേക്കൽ ബീച്ച് റോഡ് വികസനം
കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ബീച്ച് പാർക്കിലെ നിലവിലെ റോഡ് നാലുവരിയാക്കണം.
പാർക്കിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം. ഇക്കാര്യം തീരദേശ ഹൈവേയുടെ അന്തിമ രൂപരേഖയിൽ തീരുമാനമായ ശേഷമേ ബിആർഡിസി പരിഗണിക്കാൻ സാധ്യതയുള്ളു എന്നാണ് വിവരം,
ബേക്കൽ സംസ്ഥാനപാത സൗന്ദര്യവൽക്കരണം
ബേക്കൽ കോട്ടക്കുന്നിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പുൽത്തകിടി ഉണ്ടാക്കിയെങ്കിലും വെള്ളം ലഭിക്കാത്തതിനാൽ എല്ലാം ഉണങ്ങി.
പ്രദേശം രാത്രിയിൽ ഇരുട്ടിലുമാണ്. ബേക്കൽ ജംക്ഷൻ മുതൽ പെരിയ റോഡ് ജംക്ഷൻ വരെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതോടൊപ്പം സൗന്ദര്യവൽക്കരണം നടപ്പാക്കണം.
ടൂറിസം അമ്യൂസ്മെന്റ് സെന്റർ ആശയവുമായി ബിആർഡിസി
ബേക്കൽ ∙ ജില്ലയുടെ ടൂറിസം വികസനത്തിൽ നിർണായകമായി മാറിയ ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷന്റെ (ബിആർഡിസി) നേതൃത്വത്തിൽ ബേക്കലിൽ ടൂറിസം അമ്യൂസ്മെന്റ് സെന്റർ സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ.
ഇന്ന് നടക്കുന്ന ബിആർഡിസി ബോർഡ് യോഗത്തിൽ അവതരിപ്പിക്കുന്ന പദ്ധതികളിലൊന്ന് അമ്യൂസ്മെന്റ് സെന്ററാണ്. ജില്ലയുടെ ടൂറിസം വികസനത്തിന് അനിവാര്യമായിരുന്ന റിസോർട്ടുകൾ വന്നു കഴിഞ്ഞതായും ഇനി വേണ്ടത് ടൂറിസ്റ്റുകൾക്കു വേണ്ട
രാജ്യാന്തര നിലവാരത്തിലുള്ള അമ്യൂസ്മെന്റ് സെന്ററാണെന്നുമാണ് ബിആർഡിസിയുടെ വിലയിരുത്തൽ.
ഡിസ്നി വേൾഡ്, യൂണിവേഴ്സൽ സ്റ്റുഡിയോ തുടങ്ങി ആഗോള ബ്രാൻഡുകളെ സഹകരിപ്പിച്ചുകൊണ്ടുള്ള കേന്ദ്രമാണ് ലക്ഷ്യമിടുന്നതെന്നും ഹൈദരാബാദ് രാമോജി ഫിലിംസിറ്റിയുടെ മാതൃകയുടെ ചെറുപതിപ്പെങ്കിലും നടപ്പിലാക്കാനാകണമെന്നും ഈ മെഗാ പ്രോജക്ട് ഉൾപ്പെടെയുള്ള പദ്ധതികൾ ഇന്നത്തെ യോഗത്തിൽ അവതരിപ്പിക്കുമെന്നും ബിആർഡിസി എംഡി ഷിജിൻ പറഞ്ഞു.
ബേക്കൽ കോട്ടയുടെ പ്രവേശനകവാടത്തിനു സമീപം ബിആർഡിസിയുടെ സ്ഥലത്ത് കഫേ ഡേ ബേക്കൽ എന്ന പദ്ധതി ഉടൻ പൂർത്തിയാകും. ബേക്കൽ കോട്ടയിലെത്തുന്ന സന്ദർശകർക്കു വേണ്ട
ഇലക്ട്രിക് വാഹനങ്ങളുൾപ്പെടെയുള്ള സൗകര്യം ഒരുക്കാൻ തയാറാണെന്നറിയിച്ച് ബിആർഡിസി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കത്തു നൽകിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ലെന്നും ഷിജിൻ പറമ്പത്ത് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]