
ചെറുവത്തൂർ ∙ ഇന്നലെ പുലർച്ചെ നാലോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെറുവത്തൂർ, പിലിക്കോട്, കയ്യൂർ–ചീമേനി പഞ്ചായത്തിൽ വ്യാപകമായ നാശനഷ്ടം. ചെറുവത്തൂർ പഞ്ചാത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരം കടപുഴകിയും പൊട്ടിയും വീടിന്റെ മുകളിൽ വീണ് 17ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായി.
പുതിയകണ്ടം, വിവി.നഗർ, തെക്കുംമുറി, രാമൻചിറ, വെങ്ങാട്ട് എന്നിവിടങ്ങളിലാണ് നാശനഷ്ടം. തെക്കുംമുറിയിലെ ശോഭയുടെ വീടിനു മുകളിൽ തെങ്ങുവീണ് ഭാഗികമായി തകർന്നു.
ചെറുവത്തൂർ കൊവ്വലിലെ പൊടാര രാജന്റെ ഇരുനില വീടിന്റെ മേൽക്കൂര കാറ്റിൽ പൂർണമായും തകർന്നു വീണു. പുതിയകണ്ടത്തെ ബാലന്റെ വീടിന്റെ മുൻ ഭാഗത്തെ ഷീറ്റ് തെങ്ങുവീണ് തകർന്നു. മുള്ളിക്കീൽ കാർത്യായനിയുടെ വീടിന്റെ അടുക്കള ഭാഗത്തെ ഷീറ്റ് കാറ്റിൽ തകർന്നു വീണു.
ജാതിമരം കടപുഴകി വീണ് വീരഭദ്ര ക്ഷേത്രത്തിന്റെ ഒരു ഭാഗത്തെ ഓട് തകർന്നു. കെ.വി.കുഞ്ഞിക്കൃഷ്ണന്റെ പറമ്പിലെ പ്ലാവ് പൊട്ടി വീണു കവുങ്ങുകൾ നശിച്ചു.
വെങ്ങാട്ടെ വിനോദ്, രാമകൃഷ്ണൻ എന്നിവരുടെ പറമ്പിലെ തെങ്ങ്, മാവ്, വാഴ എന്നിവ നശിച്ചു. ചെറുവത്തൂർ വില്ലേജ് ഓഫിസർ വിനോദ് കണ്ണോത്ത് സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ കണക്കാക്കി.
കയ്യൂർ–ചീമേനി പഞ്ചായത്തിൽ പിലാന്തോളിയിലെ മയ്യൽ നാരായണന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു.
പിലിക്കോട് പഞ്ചായത്തിലെ എരവിലിൽ മരംപൊട്ടി വീണ് സന്ധ്യാറാണിയുടെ വീട് ഭാഗികമായി തകർന്നു. അനേകം പേരുടെ പറമ്പുകളിലെ തെങ്ങ്, കവുങ്ങ്, വാഴ എന്നിയും കാറ്റിൽ നിലംപൊത്തി.
കെഎസ്ഇബി പിലിക്കോട് സെക്ഷന്റെ കീഴിലുള്ള പുതിയകണ്ടം, മുണ്ടക്കണ്ടം, കണ്ണാടിപ്പാറ, മാണിയാട്ട്, ആനിക്കാടി, നാപ്പച്ചാൽ, തെക്കേ വളപ്പ് എന്നിവിടങ്ങളിൽ വൈദ്യുതി ലൈനിൽ മരം പൊട്ടിവീണ് 22 ഓളം വൈദ്യുതത്തൂണുകൾ തകർന്നു. രാത്രി വൈകിയും പലയിടത്തും വൈദ്യുതി വിതരണം പുന:സ്ഥാപിച്ച് വരികയാണ്. കൊവ്വലിൽ വ്യാപക നഷ്ടം.
കണ്ണോത്തെ ശോഭയുടെ വീടിന്റെ മുകളിലേക്ക് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീണു മൊറക്കാട്ട് ബാലന്റെ വീട്ടിലേക്ക് അടുത്ത പറമ്പിലേക്ക് മാവ് പൊട്ടിവീണ് ശുചിമുറിയുടെ മേൽക്കൂര പ്ലാവ് പൊട്ടിവീണു തകർന്നു. കെ.വി.കുഞ്ഞിക്കൃഷ്ണന്റെ പറമ്പിലെ പ്ലാവ് കടപുഴകി വീണു.
∙ തൃക്കരിപ്പൂർ വടക്കെ തൃക്കരിപ്പൂർ വില്ലേജിൽ പൂച്ചോലിൽ ടി.വി.ലക്ഷ്മിയുടെ ഓടുമേഞ്ഞ വീട് തകർന്നു. സൗത്ത് തൃക്കരിപ്പൂർ വില്ലേജിൽ ഉടുമ്പുന്തലയിലെ സുഹറ ഇബ്രാഹിമിന്റെ വീടിന്റെ അടുക്കള ഭാഗം തെങ്ങ് പൊട്ടിവീണു തകർന്നു.ഉദിനൂരിലെ ആനിക്കാട് അനീഷിന്റെ വീട്ടു വളപ്പിൽ തെങ്ങും മരവും പൊട്ടിവീണു.
തൊഴുത്തിനു നാശം നേരിട്ടു. ഈയക്കാട് വൈക്കത്ത് കാരുണ്യ പുരുഷ സ്വയംസംഘം നട്ടുപിടിപ്പിച്ച വാഴക്കൃഷിയിൽ വാഴകൾ പൊട്ടിവീണു.
കാർഷിക വിളകൾ നശിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നു കർഷക സംഘം വടക്കെ തൃക്കരിപ്പൂർ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.
മലയോരത്ത് നാശനഷ്ടം
രാജപുരം ∙ മലയോരത്ത് മഴയോടൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റിൽ വൈദ്യുതത്തൂണുകൾ തകർന്നും, മരം വീണു കമ്പി പൊട്ടിയും വൈദ്യുതി വിതരണം തടസ്സപ്പെടുന്നു. ജീവനക്കാർ തകരാറുകൾ ഓരോന്നായി പരിഹരിച്ച് വരുമ്പോഴേയ്ക്കും അടുത്ത കാറ്റിൽ വീണ്ടും വൈദ്യുത തൂണുകൾ തകർന്ന് വീഴുന്നതിനാൽ തകരാർ പരിഹരിക്കാൻ വൈകുന്നതായി അധികൃതർ പറയുന്നു.കെഎസ്ഇബി രാജപുരം സെക്ഷനിൽ ഇന്നലെ മാത്രം വിവിധ ഭാഗങ്ങളിലായി മുപ്പതോളം വൈദ്യുത തൂണുകൾ തകർന്നതായാണ് കണക്ക്.
ഇരുന്നൂറിലധികം പരാതികളാണ് ഇന്നലെ വരെ പരിഹരിക്കാൻ ബാക്കിയുള്ളത്. കാറ്റടിച്ചുണ്ടാകുന്ന പ്രശ്നങ്ങളിൽ അപകട
സാധ്യത ഒഴിവാക്കുകയാണ് ജീവനക്കാർ ആദ്യം ചെയ്യുന്നത്.ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ 4 തവണയാണ് ശക്തമായ കാറ്റടിച്ചത്. അട്ടേങ്ങാനത്ത് ഇന്നലെ ഉച്ചയോടെ വീശിയടിച്ച കാറ്റിൽ 3 എച്ച്ടി വൈദ്യുത തൂണുകളാണ് തകർന്നത്.
തകരാർ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കൂടുതൽ കരാർ ജീവനക്കാരെ നിയോഗിക്കുമെന്ന് രാജപുരം സെക്ഷൻ എൻജിനീയർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]