കാസർകോട് ∙ ഇനി ശ്രീനിവാസനു സമാധാനിക്കാം, വിമാനത്താവളത്തിൽ തലയുയർത്തി കയറിച്ചെല്ലാം. സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ഗൾഫിലേക്കു പറക്കാം.
കോഴിക്കോട് പാസ്പോർട്ട് ഓഫിസിലെത്തിയ അദ്ദേഹത്തിന്റെ കയ്യിലേക്ക് സ്വപ്നങ്ങളുടെ നിറമുള്ള ആ പാസ്പോർട്ട് അധികൃതർ തന്നെ വച്ചുനൽകി. ഒപ്പം ക്ലിയറൻസ് സർട്ടിഫിക്കറ്റും.
പാസ്പോർട്ട് വെരിഫിക്കേഷൻ സമയത്ത് പൊലീസ് ഉദ്യോഗസ്ഥനുണ്ടായ വീഴ്ചയാണ് ശ്രീനിവാസന്റെ ജീവിതത്തിന്റെ നിറങ്ങളെ എയർപോർട്ടിൽ വച്ച് തച്ചുടച്ചത്. കാഞ്ഞങ്ങാട് അരയിയിലെ കൊളത്തിങ്കാൽ ശ്രീനിവാസന് ദുബായിൽ പോകാൻ കഴിയാതെ വന്നതോടെ മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ട
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു.
വെരിഫിക്കേഷനെത്തിയ പൊലീസുകാരൻ നൽകിയ തെറ്റായ റിപ്പോർട്ടാണ് ശ്രീനിവാസന്റെ യാത്ര മുടക്കിയത്. മറ്റൊരു ശ്രീനിവാസന്റെ പേരിലുള്ള കേസ് ഈ ശ്രീനിവാസന്റെ പേരിൽ റിപ്പോർട്ട് ചെയ്തു.
ഒരു കിലോമീറ്റർ മാറി താമസിക്കുന്ന മറ്റൊരു ശ്രീനിവാസനുണ്ട്. ഇരുവരുടെയും അച്ഛന്റെ പേരും ഒന്നാണ് വീട്ടുപേരിൽ മാത്രം മാറ്റം.
ഇയാളുടെ പേരിലുള്ള കേസ് പാസ്പോർട്ട് വേരിഫിക്കേഷനിൽ കൊളത്തിങ്കാൽ ശ്രീനിവാസന്റെ പേരിൽ റിപ്പോർട്ട് ആയി അയച്ചു.
ജനുവരി 15ന് മുംബൈ വിമാനത്താവളത്തിലാണ് ശ്രീനിവാസനെ ആദ്യം തടഞ്ഞത്. എന്നാൽ, പാസ്പോർട്ട് പരിശോധിച്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്ര തടഞ്ഞ് പാസ്പോർട്ട് പിടിച്ചുവച്ച് നോട്ടിസ് നൽകി തിരിച്ചയച്ചു.
തുടർന്ന്, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് മാറ്റി അയപ്പിച്ചു. വീണ്ടും പാസ്പോർട്ട് ഓഫിസിൽ എല്ലാം ശരിയാക്കി.
20000 രൂപ നൽകി വീണ്ടും 20ന് കണ്ണൂർ വിമാനത്താവളത്തിലെത്തി. ഇമിഗ്രേഷനിലെത്തിയപ്പോൾ ഇതേ പ്രശ്നം വീണ്ടും തലപൊക്കി.
ശരിയാക്കിയ കാര്യങ്ങൾ പാസ്പോർട്ട് ഓഫിസിലെ കംപ്യൂട്ടറിൽ അപ്ഡേറ്റ് ആയിരുന്നില്ല. ഇപ്പോൾ നടപടികൾ പൂർത്തിയായി.
ഇനി ശ്രീനിവാസനു പറക്കാം, സ്വപ്നങ്ങളുടെ ആകാശത്തേക്ക്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

