കാസർകോട് ∙ ‘2023 മേയ് 19നാണ് ഞാൻ ജില്ലയുടെ 25ാമത്തെ കലക്ടറായി കാസർകോട്ടെത്തിയത്. എനിക്ക് പരിചിതമല്ലാത്ത ജില്ല.
പക്ഷേ എല്ലാ ദിവസവും രാവിലെ ഞാൻ മലയാള പത്രങ്ങളുടെ പ്രാദേശിക പേജിലൂടെ കണ്ണോടിക്കും. ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിയിരുന്നത് അങ്ങനെയാണ്.’ കാസർകോട് കലക്ടറായി 3 വർഷം പൂർത്തിയാകാനിരിക്കെ കലക്ടർ ചുമതലയിൽ നിന്ന് ഒഴിയുന്ന കെ.ഇമ്പശേഖറിന്റെതാണ് ഈ വാക്കുകൾ.
ജില്ലാ ഭരണകൂടത്തെ പൊതു ജനങ്ങളുമായി അടുപ്പിക്കുന്നതിന് വേറിട്ട
പദ്ധതികൾ നടപ്പിലാക്കിയും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ആവിഷ്കരിച്ചും ഒട്ടേറെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയാണ് ഇമ്പശേഖർ പടിയിറങ്ങുന്നത്. ഇക്കാലയളവിൽ രാഷ്ട്രപതിയിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങാനുള്ള അപൂർവ അവസരവും ലഭിച്ചു.
കെ.ഇമ്പശേഖർ മനോരമയോട് സംസാരിക്കുന്നു.
മെമന്റോയുമായി വരല്ലേ..
കഴിഞ്ഞ 3 വർഷത്തിനിടെ കിട്ടിയ പ്തിലേറെ പുരസ്കാരങ്ങളുണ്ട്. അവയെല്ലാം ഞാൻ കലക്ടറേറ്റിൽ തന്നെ സമർപ്പിച്ചാണ് മടങ്ങുന്നത്.
അതിനെക്കാൾ എത്രയോ ഇരട്ടിയാണ് ഇക്കാലയളവിൽ കിട്ടിയിട്ടുള്ള മെമന്റോകൾ. അവയൊക്കെ എവിടെ കൊണ്ടുവയ്ക്കുമെന്നാണ് ആശങ്ക.
കൂടെ കൊണ്ടുപോകണമെങ്കിൽ ഒരു ലോറി തികയില്ല.അതിനാൽ ട്രാൻസ്ഫർ വിവരമറിഞ്ഞ് വരുന്നവരോട് ഒന്നേ പറയാനുള്ളു. മെമന്റോ കൊണ്ടുവരേണ്ടത്.
സ്നേഹം മാത്രം മതി.– ഇമ്പശേഖർ അഭ്യർഥിച്ചു.
കാസർകോട് മിനി ഇന്ത്യ
രാജ്യത്തിന്റെ ചെറിയൊരു മോഡൽ തന്നെയാണ് എനിക്ക് കാസർകോട്ട് കാണാനായത്. ഇതു പോലെ ചെറിയൊരു പ്രദേശത്ത് ഇത്രയും ഭാഷാ, ജാതി, മത വൈവിധ്യം ലോകത്ത് തന്നെ ഒരിടത്തും ഉണ്ടാവില്ല.
നല്ലത് കണ്ടാൽ നല്ലതാണെന്നും മോശം കണ്ടാൽ മോശമാണെന്നും തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്തവരാണ് ഈ നാട്ടുകാർ. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കാസർകോട് എന്നീ 4 ജില്ലകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്.
പക്ഷേ ഇതര ദേശക്കാരായ ആളുകളെ ഇത്ര സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നതുപോലെ കേരളത്തിന്റെ തെക്കൻ ഭാഗത്ത് ഉണ്ടെന്നു തോന്നുന്നില്ല.
ഇത് എന്റെയും നാട്
ഞാൻ എവിടെപ്പോയാലും കാസർകോട് സ്വന്തം നാടുപോലെ തന്നെ ആയിരിക്കും. അതിന് പല കാരണങ്ങളുണ്ട്.
കാസർകോട് പോലെ തന്നെ ബഹു ഭാഷകളുള്ള നാടാണ് ഞാൻ ജനിച്ചു വളർന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ദേവാല. തമിഴ്, മലയാളം, കന്നഡ, ഗോത്ര ഭാഷകളായ ബഡഗ, പണിയാവ് എന്നിങ്ങനെ പല ഭാഷകൾ സംസാരിക്കുന്നവരുടെ നാടാണ് നീലഗിരിയും.
മറ്റൊന്ന്, വളരെ ചെറിയ പ്രായം മുതലേ എനിക്ക് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. കലക്ടർ ആയി സേവനം ചെയ്യുക എന്നതായിരുന്നു അത്.
ആ ആഗ്രഹം സഫലമായത് കാസർകോട്ടാണ്. ആ നിലയിലും എനിക്ക് മറക്കാനാവാത്തതാണ് ഈ നാട്.
പുതിയ ചുമതല പിന്നീട്
കലക്ടറുടെ സ്ഥാനം ഒഴിയുമ്പോൾ പുതിയ ചുമതല എവിടേക്കാണെന്ന് നിർദേശം വന്നിട്ടില്ല.
ചെന്നൈയിലെ ഒഫ്താൽമോളജിസ്റ്റ് ഡോ.നന്ദിനിയാണ് ഭാര്യ. ആദിയ മകളാണ്.
ഇമ്പശേഖറിന്റെ പൂർവികർ തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നുള്ളവരാണ്. ബ്രിട്ടിഷ് ഭരണകാലത്ത് സിലോണിലേക്കു പോയ ഇവർ 1964ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

