കാസർകോട് ∙ ഇലപ്പുള്ളി രോഗം ബാക്കിയാക്കിയത് മഹാളിയും നശിപ്പിച്ചതോടെ കമുകിൻ തോട്ടങ്ങളിൽ കർഷകരുടെ വിലാപം. ഒന്നിനു പിന്നാലെ ഒന്നായി രോഗങ്ങൾ പടർന്ന് ജില്ലയുടെ തലപ്പൊക്കമായിരുന്ന കമുകുകൃഷി തന്നെ ഇല്ലാതാകുന്ന സ്ഥിതി. പഠനങ്ങളും പരിശോധനകളും മുറയ്ക്ക് നടക്കുന്നതല്ലാതെ, 5 വർഷം മുൻപ് എത്തിയ ഇലപ്പുള്ളി രോഗത്തെ തുടച്ചുനീക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (സിപിസിആർഐ) കാർഷിക സർവകലാശാലയും നിർദേശിക്കുന്ന പ്രതിരോധ മരുന്ന് തളിച്ച സ്ഥലങ്ങളിൽ പോലും രോഗത്തിന് ഒരു കുറവുമുണ്ടായിട്ടില്ല. ഇനിയും രോഗം തുടർന്നാൽ ജില്ലയിൽ നിന്ന് കമുക് കൃഷി പാടേ ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്നാണ് കർഷകർ പറയുന്നത്.
ഇലപ്പുള്ളിയുടെ ആശങ്കയ്ക്കിടയിലാണ് ഇത്തവണ മഹാളിയും വ്യാപകമായത്.
ഇടവേളയില്ലാതെ പെയ്ത മഴയ്ക്കിടയിൽ ബോർഡോ മിശ്രിതം തളിക്കാൻ സമയമോ തൊഴിലാളികളെയോ കിട്ടാത്തതിനാൽ മഹാളി അതിവേഗം പടർന്ന് നാശനഷ്ടം രൂക്ഷമാക്കി. ജില്ലയിലെ അടയ്ക്ക കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയും തുടർന്ന് അടയ്ക്ക ടാസ്ക് ഫോഴ്സ് എന്ന പേരിൽ മന്ത്രി പി.പ്രസാദ് ഇടപെട്ട് ശാസ്ത്രസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഈ സംഘം ജില്ലയിലെ തോട്ടങ്ങൾ സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട
നടപടികൾ ജില്ലയിലെ എംഎൽഎമാരുടെ യോഗം വിളിച്ച് മന്ത്രി ചർച്ച നടത്തുകയും ചെയ്തു. സർക്കാരിന്റെ ഈ ഇടപെടൽ വലിയ പ്രതീക്ഷയോടെയാണ് കർഷകർ കാണുന്നത്.
എന്താണ് ഇലപ്പുള്ളി രോഗം?
കമുകിന്റെ ഇലയിൽ നേർത്ത ഒരു മഞ്ഞപ്പൊട്ട് പോലെയാണ് ഇലപ്പുള്ളിയുടെ തുടക്കം.
ക്രമേണ അത് വളർന്ന് വലുതാവുകയും പൊട്ടുകളുടെ എണ്ണം വർധിക്കുകയും ചെയ്യും. പച്ച ഇല പതിയെ മഞ്ഞ നിറത്തിലേക്ക് മാറും.
അപ്പോഴേക്കും ആദ്യം രോഗം പ്രത്യക്ഷപ്പെട്ട ഭാഗം കരിഞ്ഞ് ഉണങ്ങിയിട്ടുണ്ടാകും.
പതിയെ ഇല ഒന്നാകെ കരിഞ്ഞ് ഉണങ്ങുകയും ചെയ്യുന്നു. ഇലയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ രോഗം. പൂക്കുലകൾ കരിഞ്ഞുണങ്ങി അടയ്ക്ക ഉൽപാദനം കുറയാനും ഇതു കാരണമാകുന്നു.
രോഗം ബാധിച്ച കമുകുകൾ ഉണങ്ങി നശിക്കുന്നതും കാണാം. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് ഇത് ആദ്യമായി കാണപ്പെട്ടു തുടങ്ങിയത്.
അവിടെ നിന്ന് വ്യാപിച്ച് ഇപ്പോൾ കാസർകോട് മുഴുവൻ പടർന്നു. ഇലയിൽ മാത്രമല്ല അടക്കയിലേക്കും ഇലയിൽ കാണുന്ന പോലെ പുള്ളിക്കുത്ത് കാണുന്നുണ്ട്.
കാരണം കുമിൾബാധ
കൊളിറ്റോട്രിക്കം എന്ന കുമിൾബാധയാണ് ഇലപ്പുള്ളി രോഗം പടർത്തുന്നതെന്നാണ് കൃഷി ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
വായുവിലൂടെ പടരുന്ന രോഗം മഴക്കാലത്ത് തീവ്രമാകും. ഈ വർഷം ഏപ്രിൽ മുതൽ നിർത്താതെ പെയ്യുന്ന മഴ രോഗം വർധിക്കാനുള്ള ഒരു കാരണമായി പറയുന്നു.
രോഗത്തെ ചെറുക്കാൻ പ്രതിരോധ മരുന്ന് അധികൃതർ നിർദേശിക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.
മറ്റു വിളകൾക്കും ബാധിക്കുന്നു
കമുകിന്റെ ഇലപ്പുള്ളി മറ്റു വിളകൾക്കും പകരാൻ തുടങ്ങിയത് വലിയ ആശങ്കയുണ്ടാക്കുന്നു. തെങ്ങ്, കുരുമുളക്, കൊക്കോ, റബർ തുടങ്ങിവയിലേക്കാണ് ഈ കുമിൾ ബാധ പടരുന്നത്.
ഇത് അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തെങ്ങ്, കുരുമുളക്, കൊക്കോ തുടങ്ങിയവ കമുകിൻ തോട്ടങ്ങളിലും അതിനോടു ചേർന്നും കാണപ്പെടുന്നവയാണ്.
പലയിടത്തും തെങ്ങുകൾ ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. കുരുമുളക് കൃഷി പാടേ ഇല്ലാതായി.
മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താം
പ്രതിരോധ മരുന്ന് തളിക്കുന്നതിനൊപ്പം തന്നെ കൃഷിഭൂമിയിലെ മണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തണമെന്നാണ് കൃഷിവകുപ്പ് നിയോഗിച്ച ടാസ്ക് ഫോഴ്സിന്റെ പ്രധാന നിർദേശം.
ഇവരുടെ പരിശോധനയിൽ ജില്ലയിലെ മണ്ണിൽ അമ്ലത കൂടുതലാണെന്നാണ് കണ്ടെത്തിയത്. പിഎച്ച് മൂല്യം 6.5–7 വരെയുള്ള മണ്ണാണ് വിളകൾക്ക് അനുയോജ്യം.
എന്നാൽ ജില്ലയിലെ മണ്ണിന്റെ പിഎച്ച് ചില സ്ഥലങ്ങളിൽ നാലിൽ താഴെയാണ്.
കുമ്മായം ചേർത്ത് പിഎച്ച് സാധാരണ രീതിയിലെത്തിച്ചാൽ മാത്രമേ വളങ്ങൾ വലിച്ചെടുക്കാൻ കമുകിന് സാധിക്കുകയുള്ളൂ. ഒരു വർഷം 2 തവണയായി ഒരു കിലോ കുമ്മായം നൽകണം.
അതിനു ശേഷം ഒരാഴ്ച കഴിഞ്ഞാണ് വളപ്രയോഗം ചെയ്യേണ്ടത്. ജൈവ വളവും രാസവളവും സമീകൃതമായി നൽകുന്നതാണ് ഉത്തമം.
ഏപ്രിൽ–മേയ്, സെപ്റ്റംബർ–ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ 3 തവണകളായിട്ടാണ് വളപ്രയോഗം ചെയ്യേണ്ടത്. പച്ചില വളവും ചാണക വളവുമൊക്കെ ഉപയോഗിക്കുന്നത് കുറഞ്ഞതിനാൽ കമുകിന് ആരോഗ്യം ക്ഷയിച്ചതായും അത് രോഗം പെട്ടെന്ന് ബാധിക്കാൻ കാരണമാകുന്നുവെന്നും ഇവർ വിലയിരുത്തി.
സബ്സിഡി കൊടുത്താൽ പോരാ
ഇലപ്പുള്ളി രോഗത്തിന് മരുന്നടിക്കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഒരു മാസത്തെ ഇടവേളയിൽ 2 തവണകളായാണ് മരുന്നടിക്കേണ്ടത്. ഒരു പ്രദേശത്തെ മുഴുവൻ തോട്ടങ്ങളിലും മരുന്നടിച്ചാൽ മാത്രമേ ഇതുകൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ.
അതുകൊണ്ട് തദ്ദേശ സ്ഥാപനങ്ങൾ തൊഴിലാളികളുടെ ഒരു ടീം രൂപീകരിച്ച് വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ ഇതിനു മുന്നിട്ടിറങ്ങിയാൽ സമ്പൂർണമായി ഇല്ലാതാക്കാൻ കഴിയും. അതല്ലാതെ വെറുതേ മരുന്നിനു മാത്രം സബ്സിഡി നൽകിയാൽ അത് കൈ കഴുകലാകും.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ 4 കോടിയിലേറെ രൂപയാണ് കമുക് കൃഷിക്ക് നീക്കിവച്ചിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

