കാസർകോട് ∙ ദേശീയപാതയുടെ അടിപ്പാതവഴി സർവീസ് റോഡിലേക്ക് വാഹനം കയറുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നതോടെ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളെ അടിപ്പാതയിൽനിന്നു സർവീസ് റോഡിലേക്കു കയറുന്ന വാഹന ഡ്രൈവർമാർക്കു കാണാനാകുന്നില്ലെന്നാണു പരാതി.
കഴിഞ്ഞ ദിവസം പുലർച്ചെ ചെങ്കള നാലാം മൈലിലെ അടിപ്പാതയിൽനിന്നു സർവീസ് റോഡിലേക്ക് കാർ കയറുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിക്കുകയും ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയപാതയിലെ അടിപ്പാതകൾ അശാസ്ത്രീയമായിട്ടാണ് നിർമിച്ചതെന്നും ആരോപണമുണ്ട്.
ആയിരത്തിലേറെ വിദ്യാർഥികളും വിവിധ ഓഫിസുകളിലെ നൂറുകണക്കിനു ജീവനക്കാർ ഉൾപ്പെടെ ആശ്രയിക്കുന്ന വിദ്യാനഗർ ബിസി റോഡ് ജംക്ഷനിലെ അടിപ്പാതയിലൂടെ നൂറുകണക്കിനു വാഹനങ്ങളാണു പോകുന്നത്. ഇവിടെ പൊലീസുകാരെ നിയമിച്ചിട്ടുണ്ട്.
വിദ്യാനഗർ സീതാംഗോളി റോഡ് ജംക്ഷൻ, അടുക്കത്തുബയൽ ഗവ. യുപി സ്കൂൾ ജംക്ഷൻ എന്നിവിടങ്ങളിലും തിരക്കേറിയ സമയങ്ങളിൽ പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
അടിപ്പാതകളിൽനിന്ന് സർവീസ് റോഡുകളിലേക്ക് കയറുന്നയിടങ്ങളിൽ വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം വേണമെന്നതാണ് പ്രധാനം ആവശ്യം.
അടിപ്പാതകളിൽനിന്നുള്ള വാഹനങ്ങൾക്കു സർവീസ് റോഡുകളിലേക്ക് കയറുന്ന വാഹനങ്ങളെ കാണാൻ പറ്റാവുന്ന രീതിയിലുള്ള കണ്ണാടി സ്ഥാപിക്കണമെന്നും സർവീസ് റോഡുകളിലൂടെ പോകുന്ന വാഹനങ്ങൾ അടിപ്പാതയുടെ സമീപത്തെത്തുമ്പോൾ വേഗം കുറയ്ക്കുന്നതിന് ആവശ്യമായ നടപടി വേണമെന്നുമാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. തലപ്പാടി മുതൽ ചെർക്കള വരെ ഒട്ടേറെ അടിപ്പാതകളാണുള്ളത്.
കാറിൽ ടിപ്പർ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ചെർക്കള ∙ പൊലീസ് സംഘം സഞ്ചരിച്ച കാറിൽ ടിപ്പർ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ പരുക്കുകളോടെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തെ സീനിയർ സിവിൽ പൊലീസ് ഓഫിസറും ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡ് അംഗവുമായ കെ.കെ.സജീഷ് (40) ആണ് മരിച്ചത്.
ലഹരിക്കടത്ത് കേസിലെ പ്രതിയെ അന്വേഷിച്ച് പോവുകയായിരുന്നു പൊലീസ് സംഘം. ജില്ലാ പൊലീസ് ആസ്ഥാനത്തെ സീനിയർ സിവിൽ പൊലീസ് ഓഫിസറും ഇതേ സ്ക്വാഡിലെ അംഗവുമായ സുഭാഷ് ചന്ദ്രനാണ് (35) പരുക്കേറ്റത്.
വെള്ളിയാഴ്ച പുലർച്ചെ 2.45ന് ചെങ്കള നാലാം മൈലിലാണ് അപകടം.
വിദ്യാനഗർ ഭാഗത്തെ സർവീസ് റോഡിലൂടെ നാലാംമൈലിലെ അടിപ്പാത കടന്നു ചേരൂർ റോഡിലേക്ക് കയറുന്നതിനിടെ ചെർക്കള ഭാഗത്തുനിന്നു കാസർകോട്ടേക്കു പോവുകയായിരുന്ന ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ഇരുവരെയും സമീപത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീഷിനെ രക്ഷിക്കാനായില്ല.
ടിപ്പർ ലോറി ഡ്രൈവർ വിദ്യാനഗർ ബെദിരയിലെ അബ്ദുൽ ബാസിത്തിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]