കാസർകോട് ∙ പിഎസ്സി അഡ്വൈസ് മെമ്മോ നൽകുന്നു. മാസങ്ങൾ കഴിഞ്ഞും നിയമനം നടക്കുന്നില്ല.
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലാണ് ഈ സ്ഥിതി. ഗവ.എൽപി സ്കൂൾ മലയാളം മീഡിയം അധ്യാപക തസ്തികയിൽ അഡ്വൈസ് മെമ്മോ ലഭിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിലെ വനിതാ ഉദ്യോഗാർഥികൾ ഉൾപ്പെടെയുണ്ട്. അഡ്വൈസ് മെമ്മോ ലഭിച്ച് അഞ്ചര മാസം കഴിഞ്ഞിട്ടും തങ്ങൾക്ക് എന്തേ നിയമനം കിട്ടാത്തത് എന്ന ചോദ്യവുമായി പിഎസ്സി ഓഫിസിൽ സമീപിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പിൽ ചോദിക്കൂ എന്നാണ് മറുപടി.
വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഒഴിവുകളിലേക്കുള്ള നിയമനം ആവശ്യപ്പെട്ട് നൽകിയ കത്ത് പ്രകാരമാണ് റാങ്ക് ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികൾക്ക് പിഎസ്സി അഡ്വൈസ് മെമ്മോ നൽകിയത്. വിദ്യാഭ്യാസ വകുപ്പിൽ ഇതേക്കുറിച്ചു ചോദിക്കുമ്പോൾ അധികൃതർക്ക് നിസ്സഹായാവസ്ഥ.
ഒഴിവുകളിൽ നിയമനം ആവശ്യപ്പെട്ട് പിഎസ്സി ഓഫിസിൽ അറിയിക്കുമ്പോൾ ഈ സ്ഥിതി ഉണ്ടായിരുന്നില്ല.
ആറാം പ്രവൃത്തി ദിവസം കണക്കെടുപ്പ് പൂർത്തിയായപ്പോൾ ജില്ലയിൽ സർക്കാർ സ്കൂളുകളിൽ 6603 വിദ്യാർഥികൾ കുറഞ്ഞു. എൽപി, യുപി വിഭാഗങ്ങളിൽ ആയിരുന്നു ഏറ്റവും കുറവ്.
ഏറ്റവും കൂടുതൽ എൽപി വിഭാഗത്തിൽ. എൽപി 4918, യുപി 1210, ഹൈസ്കൂൾ 475 കുട്ടികൾ വീതം കുറഞ്ഞു. ചില സ്കൂളുകളിൽ ഒരു ക്ലാസിൽ പത്തും പതിനഞ്ചും കുട്ടികൾ മാത്രം.
തസ്തിക നഷ്ടത്തിന്റെ പേരിൽ പുറത്തു പോകേണ്ടി വന്ന 13 അധ്യാപകരെ തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും പിഎസ്സി അഡ്വൈസ് മെമ്മോ നൽകിയവർക്ക് വൈകിയാണെങ്കിലും ജോലി നൽകാൻ കഴിയുമെന്നു തന്നെയാണു പ്രതീക്ഷയെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. സർക്കാർ സ്കൂളുകളിൽ പഠന നിലവാരം വളരെ മെച്ചപ്പെടുത്തി കുട്ടികളുടെ എണ്ണം കൂട്ടാനുള്ള നിർദേശമാണ് അവർ നൽകുന്നത്.
അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം നൽകാത്തത് ഭിന്നശേഷി വിഭാഗത്തിന്റെ അവകാശ സംരക്ഷണ നിയമത്തിന്റെ ലംഘനം ആണെന്നും മെമ്മോ ലഭിച്ചവർ ചൂണ്ടിക്കാട്ടുന്നു. നിയമലംഘന പ്രശ്നം ഉന്നയിക്കുമ്പോഴും ഇനി പിഎസ്സി ഓഫിസിൽ ഒഴിവ് അറിയിക്കുക ഇവർക്ക് നിയമനം നൽകിയശേഷം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. കെടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർ പുറത്തു പോകേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കെ തന്നെയാണ് ക്ലാസിൽ കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ അധ്യാപക തസ്തിക നഷ്ടപ്പെടുന്നത്.
ഏറെ അധ്യാപക കുടുംബങ്ങൾ ആശങ്കയിലാണ്. വിദ്യാർഥികൾ കുറഞ്ഞതിന്റെ പേരിൽ ഒട്ടേറെ വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

