∙ ലോകത്തൊരിടത്തും കാസർക്കോട്ടുള്ളതു പോലെ സമ്പൽസമൃദ്ധമായ നാട്ടുഭാഷ ഇല്ലെന്നും അതിൽ നമ്മൾക്ക് ഏറെ അഭിമാനിക്കാമെന്നും എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്. പ്രാദേശിക പദങ്ങൾ തേടി ജില്ലയിലൂടെയുള്ള മനോരമ ഹോർത്തൂസ് പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനൊരു വാക്യം പറയാം. സുബീക്ക് എണിച്ചിറ്റ് ചളിച്ചിറ്റ് കയ്യിന്നില്ല.
ഇത് കാസർകോട് തളങ്കര ഭാഗത്തെ ഭാഷാശൈലിയാണ്. സുബീക്ക് എന്ന് പറഞ്ഞാൽ അതിരാവിലെ…എണിച്ചിറ്റ്–എഴുന്നേറ്റിട്ട്, ചളിച്ചറ്റ്–തണുത്ത് വിറയ്ക്കുന്നത് കൊണ്ട് ഒന്നും സാധിക്കുന്നില്ല…എന്നാണതിന്റെ അർഥം’.
‘വർത്തമാനം പറയുക’ എന്നതിനു മാത്രം കാസർകോട് ജില്ലയിൽ 30 വാക്കുകളുണ്ട്–അദ്ദേഹം പറഞ്ഞു.
പൊഞ്ഞാറ്– നൊസ്റ്റാൾജിയയ്ക്ക് കാസർകോടിന്റെ സംഭാവന
3 കോളജുകളിലും വിദ്യാർഥികൾ ഒരേ പോലെ നിർദേശിച്ച വാക്കായിരുന്നു പൊഞ്ഞാറ്. ‘നൊസ്റ്റാൾജിയ എന്ന വാക്കിന് വീട്ടുനോവ് എന്നൊരു വാക്കും ഗൃഹാതുരത്വം എന്ന വാക്കും പിൽക്കാലത്ത് രൂപപ്പെട്ടെങ്കിലും സ്വാഭാവികമായ ഒരു വാക്ക് മലയാളത്തിലില്ല.
എന്നാൽ കാസർകോട് ജില്ലയിൽ പൊഞ്ഞാറ് എന്ന വാക്കുണ്ട്. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ ഞങ്ങൾ നാട്ടുഭാഷകൾ ഉൾക്കൊളളിച്ച് നാട്ടുഭാഷ നിഘണ്ടു തയാറാക്കിയപ്പോഴും പൊഞ്ഞാറ് എന്ന പേരാണ് ഞങ്ങൾ നൽകിയത്.’– അംബികാ സുതൻ മാങ്ങാട് പറഞ്ഞു.രാജപുരം സെന്റ് പയസ്സ് കോളജിൽ നിന്നാരംഭിച്ച യാത്ര പെരിയ എസ്എൻ കോളജ്, കാഞ്ഞങ്ങാട് നെഹ്റു കോളജ് എന്നിവിടങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി. ക്യാംപസുകളിൽ നാട്ടുപദങ്ങളുടെ അലയൊലികൾ തീർത്തും കലാ അവതരങ്ങളുടെ ആവേശം സൃഷ്ടിച്ചുമാണ് ‘പദ’യാത്ര കടന്നുപോയത്.
14 ജില്ലകളിലെയും പര്യടനം പൂർത്തിയാക്കി യാത്ര ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. ക്യാംപസുകളിൽ നിന്ന് സ്വീകരിച്ച നാടൻ പദങ്ങൾ കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തുസ് വേദിയിൽ പ്രദർശിപ്പിക്കും.
‘ഇടങ്ങേറാക്കല്ലപ്പാ’- സെന്റ് പയസ് ടെൻത് കോളജ്
∙ ജില്ലയിലെ പദയാത്രയ്ക്കു തുടക്കംകുറിച്ച് രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ എത്തിയ ഹോർത്തൂസ് പദയാത്രയ്ക്ക് ആവേശോജ്വല വരവേൽപ്.
കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് പദയാത്രയെ സ്വീകരിച്ചു. ‘ഇടങ്ങേറാക്കല്ലപ്പാ’ എന്ന നാടൻ ഭാഷാ പ്രയോഗം ഹോർത്തൂസിന്റെ ഭാഷാ നിഘണ്ടുവിൽ എഴുതി കോളജ് പ്രിൻസിപ്പൽ ഡോ.
ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ‘ഇടങ്ങേറാക്കല്ലപ്പാ’ എന്ന വാക്കിന് ശല്യം ചെയ്യരുത് എന്നാണ് അർഥം. എഴുത്തുകാരൻ ഡോ.അംബികാസുതൻ മാങ്ങാട് ചടങ്ങിൽ മുഖ്യാതിഥിയായി. തലവിധി എന്നർഥം വരുന്ന ‘അണേവാരം’ എന്ന വാക്കാണ് അദ്ദേഹം ഹോർത്തൂസിലേക്ക് സമ്മാനിച്ചത്.
എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.
അഖിൽ തോമസ് പ്രസംഗിച്ചു. കോളജ് എൻഎസ്എസിന്റെ നേതൃത്വത്തിൽ ആട്ടവും പാട്ടുമായാണ് ഹോർത്തൂസ് പദയാത്രയെ വരവേറ്റത്.അധ്യാപിക ഡോ. കെ.ഇ.രചന, അമൃത പവിത്രൻ, എസ്.വി.പൂജിത, എ.നിവേദ്യ, എം.സീത, മദ മിന്നത്ത്, എ.ജാസന, വി.ആദിത്യനന്ദ, എം.വി.അശ്വതി, എസ്.വി.പൂജിത, പി.ശ്രദ്ധ, ടി.കെ.ഗോപിക, എം.കൃഷ്ണേന്ദു, എം.എസ്.ജിഷ്ണേന്ദു, എൻ.ടി.കെ.അഭിഷ, വി.കെ.ദൃശ്യ പ്രദീപ്, ആദ്യ അരവിന്ദ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
‘ചണ്ട്’ – കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്
∙ പ്രാദേശിക ഭാഷയ്ക്ക് സംസ്ഥാനത്ത് ആദ്യമായി നിഘണ്ടു തയാറാക്കിയ, ഒട്ടേറെ സാഹിത്യപ്രതിഭകളെ വാർത്തെടുത്ത സാഹിത്യവേദിയുള്ള കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇമ്പമേറിയ താരാട്ടുപാട്ടുമായാണ് ഹോർത്തൂസ് പദയാത്രയെ വരവറ്റത്. കോളജ് മലയാള വിഭാഗം അധ്യക്ഷ ഡോ.
ധന്യ കീപ്പേരിയാണ് താരാട്ടുപാട്ട് പാടിയത്. നനഞ്ഞ എന്നർഥം വരുന്ന ‘ചണ്ട്’ എന്ന വാക്കെഴുതി കോളജ് പ്രിൻസിപ്പൽ ഡോ.
ടി.ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്തു. കലാസാഹിത്യ രംഗത്ത് പുതുതലമുറയെയും ഭാഗവാക്കാക്കാനുള്ള മലയാള മനോരമയുടെ സംരംഭം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ധന്യ കീപ്പേരി, ഡോ.
നന്ദകുമാർ കോറോത്ത്, ഡോ. കെ.പി.ഷീജ, ഡോ.
ഉദയ, പി.അപർണ, കെ.സനോജ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ ഋതുപർണ, സ്നേഹ, അഖിന, ആമ്പൽ, ശ്രീഹരി, ഫറാസ്, മാളവിക, ജഫ്രി, ആദർശ് എന്നിവർ വിവിധ കലാപരിപാടികളവതരിപ്പിച്ചു.
നിട്ടപ്രാണ- പെരിയ എസ്എൻ കോളജ്
പെരിയ എസ്എൻ കോളജിലെ അധ്യാപകരും വിദ്യാർഥികളും ഹോർത്തൂസ് പദയാത്രയിൽ സമ്മാനിച്ചത് കാസർകോടൻ നാട്ടുഭാഷയുടെ സൗന്ദര്യം പേറുന്ന 100 വാക്കുകൾ.ഉമ്മട്ടം, പൂത്താറ്, ബയത, മജെ, കുളുത്ത്, കോരിക്കുടി തുടങ്ങി നൂറോളം വാക്കുകളുടെ ശേഖരം കോളജിനു നേതൃത്വം നൽകുന്ന എസ്എൻ ട്രസ്റ്റ് ചെയർമാൻ രാജൻ പെരിയ, പ്രിൻസിപ്പൽ ഡോ.ഇ.എസ്.ലത, യൂണിയൻ ചെയർമാൻ സി.എൻ.ആഷിക്ക് എന്നിവർ കൈമാറി.
ആകസ്മികം എന്നർഥം വരുന്ന ‘നിട്ടപ്രാണ’ എന്ന പദമെഴുതി എസ്എൻ ട്രസ്റ്റ് ചെയർമാൻ രാജൻ പെരിയ പദയാത്രയുടെ കോളജിലെ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.
ഇ.എസ്.ലത അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറർ കുമാരൻ ഐശ്വര്യ, ഡയറക്ടർമാരായ പി.ദാമോദരപ്പണിക്കർ, കേവീസ് ബാലകൃഷ്ണൻ, സി.എച്ച്.നാരായണൻ, കെ..വി.കമലാക്ഷൻ, കുഞ്ഞിരാമൻ പള്ളിക്കര, ഡോ.
സി.കെ.നാരായണ പണിക്കർ, യൂണിയൻ ചെയർമാൻ സി.എൻ.ആഷിക് എന്നിവർ പ്രസംഗിച്ചു.
നാട്ടുഭാഷയിലൊരു ഏറ്റുമുട്ടൽ
∙ നാട്ടുഭാഷകളുടെ സൗന്ദര്യം ‘ഏറ്റുമുട്ടിയ’ ഭാഷാസംവാദത്തിന്റെ മനോഹരമായ ആവിഷ്കാരത്തിനാണ് പെരിയ എസ്എൻ കോളജ് വേദിയായത്. വിദ്യാർഥികൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കാസർകോടിന്റെ തനതു നാട്ടുഭാഷകളിൽ ആശയവിനിമയം നടത്തിയത് കൗതുകത്തോടൊപ്പം ചിരിക്കും വക നൽകി.
കോളജ് യൂണിയൻ ചെയർമാനായ സി.എൻ.ആഷിക്കിനെപ്പറ്റിയും കോളജ് ബസ് യാത്രയെക്കുറിച്ചുമൊക്കെയായിരുന്നു ഇവർ നാട്ടുഭാഷയിൽ പോരടിച്ചത്. ആഷിക്കിന് ‘ബമ്പാണെന്ന്’ ഒരാൾ പറഞ്ഞപ്പോൾ ‘ഓൻ നല്ല ചേലുണ്ടല്ലോ’യെന്നായി മറ്റൊരാൾ.
‘ചേല് നോക്കിറ്റല്ല ഓന് ഓട്ട് കൊടുത്തതെന്ന്’ ഉടൻ മറുപടിയെത്തി.
‘ഓൻ ഓവർസ്മാർട്ടാ’ണെന്ന കുറ്റപ്പെടുത്തലിന് ‘ഓന് ഓട്ട് കൊടുത്താലേ നല്ല പരിപാടിയെല്ലം വെക്കൂവെന്ന’ കൗണ്ടറുമെത്തി. ‘ഓൻ എന്നിറ്റ് എന്ത് പരിപാടി ബെച്ചേ’ എന്ന് ഇതിനും നാട്ടുഭാഷയിൽ തന്നെ ഉടൻ മറുപടിയെത്തി.
വിദ്യാർഥിനികളായ മഹലിയ, ജെയ്ഷ, ഷംസീന, സന, നഹ്ല, ഹനാൻ, മമത, വിദ്യ, ധന്യ, സഞ്ജന എന്നിവർ ചേർന്നാണ് ഈ ഭാഷാ സംവാദ സ്കിറ്റുമായി കാണികളെ ചിരിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

