ബോവിക്കാനം ∙ പട്ടാപ്പകൽ പുലിയിറങ്ങി വീട്ടുമുറ്റത്ത് നിന്നു കോഴിയെ പിടിച്ചു. തൊട്ടടുത്ത് കളിക്കുകയായിരുന്ന രണ്ടു വയസ്സുകാരൻ പുലിയുടെ മുൻപിൽ നിന്നു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.കുട്ടിയാനത്തെ എം.ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ പത്തരയോടെ പുലിയുടെ ആക്രമണമുണ്ടായത്.
ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായ കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അശോകൻ പണിക്കു പോയിരുന്നു.
ഭാര്യ കാവ്യയും മകൻ 2 വയസ്സുള്ള ആയുഷുമാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആയുഷ് പുലി, പുലി എന്ന് ഉറക്കെ പറയുന്നത് കേട്ട് കാവ്യ പുറത്തേക്ക് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഒരു നിമിഷം തരിച്ചുനിന്നുപോയ കാവ്യ ഉടനെ മുറ്റത്തേക്കിറങ്ങി കുട്ടിയെ എടുത്ത് വീട്ടിലേക്കു കയറി.
അവിടെയുണ്ടായിരുന്ന ഒരു പിടക്കോഴിയെയും പിടിച്ച് പുലി കാട്ടിലേക്ക് മറയുകയും ചെയ്തു. കുട്ടിയുടെ 5 മീറ്റർ അടുത്തായാണ് പുലിയുണ്ടായിരുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ചെളിയിൽ പതിഞ്ഞ കാൽപാടുകൾ കണ്ട് പുലിയാണെന്ന് സ്ഥിരീകരിച്ചു.
പുലിയുടെ രോമങ്ങളും ഇവിടെ നിന്നു കണ്ടെത്തി.
മുളിയാർ പഞ്ചായത്തിൽ 2 വർഷത്തോളമായി പുലിശല്യം തുടർക്കഥയാണെങ്കിലും ആദ്യമായാണ് പട്ടാപ്പകൽ വീട്ടുമുറ്റത്ത് പുലിയിറങ്ങുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ബാവിക്കര അമ്മങ്കല്ലിൽ പട്ടിയെ പിടിച്ച് 2 ദിവസം തുടർച്ചയായി പുലിയിറങ്ങിയ ശേഷം പലയിടത്തും പുലിയെ കണ്ടിട്ടുണ്ടെങ്കിലും കാര്യമായ ആക്രമണങ്ങൾ ഉണ്ടായിട്ടില്ല.
രാത്രി ഇവിടെ നിരീക്ഷണം നടത്തുമെന്നും ആവശ്യമെങ്കിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് തുടർ നടപടികളിലേക്ക് കടക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.
പുലിയുടെ വിഡിയോകൾ കണ്ടത് തുണയായി
ബോവിക്കാനം∙ മൊബൈൽ ഫോണിൽ പുലിയുടെ വിഡിയോകൾ കണ്ടുള്ള പരിചയം കൊണ്ടാണ് തൊട്ടുമുന്നിലെത്തിയ പുലിയെ രണ്ടു വയസ്സുകാരൻ ആയുഷ് തിരിച്ചറിഞ്ഞത്. ‘പുലി, പുലി’ എന്ന് തന്റേതായ ഭാഷയിൽ അവൻ ഉറക്കെ വിളിച്ചുപറയുന്നതു കേട്ടാണ് വീട്ടിനുള്ളിൽ നിന്ന് കാവ്യ പുറത്തിറങ്ങിയത്.
അപ്പോൾ കണ്ട കാഴ്ചയുടെ ഞെട്ടൽ ഇപ്പോഴും കാവ്യയുടെ മുഖത്ത് നിന്ന് മാറിയിട്ടില്ല.
മുറ്റത്തേക്കു നോക്കിയപ്പോൾ കുട്ടി ഒരു ഭാഗത്ത് പേടിച്ച് നിലവിളിക്കുന്നു; തൊട്ടപ്പുറത്ത് ഒരു പുള്ളിപ്പുലി. മറ്റൊന്നും നോക്കാതെ കാവ്യ പുറത്തിറങ്ങി കുട്ടിയെ മാറോട് ചേർത്ത് അകത്തേക്കോടി.
വീടിന്റെ ഇന്റർലോക്ക് പാകിയ മുറ്റത്താണ് അപ്പോൾ പുലിയുണ്ടായിരുന്നത്. അവിടെ തന്നെ വീട്ടിലെ നായയും കോഴികളും ഉണ്ടായിരുന്നു.
അപ്പോൾ കോഴികളിലൊന്നിനെയും കടിച്ച് പുലി തൊട്ടപ്പുറത്തെ വനത്തിലേക്കു പോവുകയും ചെയ്തു.തന്നെ തിരിഞ്ഞു നോക്കിയ ശേഷം മെല്ലെയാണ് പുലി നടന്നു പോയതെന്ന് കാവ്യ പറഞ്ഞു. കാവ്യ വിവരം അറിയിച്ചതിനെ തുടർന്നു നാട്ടുകാർ എത്തുകയും പുലിയുടേതെന്നു കരുതുന്ന കാൽപാടുകൾ കണ്ടെത്തുകയും ചെയ്തു.
പുലി പിടിച്ച കോഴിയുടെ തൂവലുകളും അവിടെ വീണുകിടപ്പുണ്ട്. സമീപത്തുള്ള പഴയ ക്വാറിയുടെ ഭാഗത്തേക്കാണ് പുലി പോയത്.
വനംവകുപ്പ് ആർആർടി സംഘം സ്ഥലത്ത് പരിശോധന നടത്തി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബവും നാട്ടുകാരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

