
ബോവിക്കാനം ∙ കാനത്തൂർ തൈരയിൽ വ്യാജ നമ്പർപ്ലേറ്റ് പതിച്ച വാഹനം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇന്നലെ രാവിലെയാണ് വിജനമായ സ്ഥലത്ത് വാഹനം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.മുൻവശത്ത് ഒട്ടിച്ച വ്യാജ നമ്പർ പ്ലേറ്റ് താഴെ ഇളകിവീണതാണ് സംശയത്തിനിടയാക്കിയത്.
വ്യാജ നമ്പർ പ്ലേറ്റിന്റെ താഴെ യഥാർഥ നമ്പർ പ്ലേറ്റും ഉണ്ടായിരുന്നു. കെഎൽ 60 ടി 0110 എന്നതാണ് ജീപ്പിന്റെ യഥാർഥ റജിസ്ട്രേഷൻ നമ്പർ.
അതു മറച്ച് മുകളിൽ വ്യാജ നമ്പർ പ്ലേറ്റ് പശകൊണ്ട് ഒട്ടിച്ചുവയ്ക്കുകയായിരുന്നു.മുൻവശത്തെ വ്യാജ നമ്പർ പ്ലേറ്റ് ഇളകി വീണതിനാൽ അവിടെ യഥാർഥ നമ്പറായ തന്നെയായിരുന്നു. എന്നാൽ പിറകിൽ വ്യാജ നമ്പറും.
സംശയം തോന്നിയ നാട്ടുകാരായ യാത്രക്കാർ ആദൂർ പൊലീസിനെ വിവരം അറിയിക്കുകയും എസ്ഐ കെ.വിനോദ് കുമാറും സംഘവും എത്തി ജീപ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
ഞായറാഴ്ച രാത്രി 10നും ഇന്നലെ പുലർച്ചെ 6നും ഇടയിലാണ് ജീപ്പ് ഇവിടെ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം തന്റെ ജീപ്പ് കാണാനില്ലെന്ന് പറഞ്ഞ് കാഞ്ഞങ്ങാട് സ്വദേശിയായ ഷഫീർ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച പരാതി നൽകിയിരുന്നു.
സുഹൃത്തായ സജാദിനെ വിൽക്കാൻ ഏൽപിച്ച ജീപ്പ് അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് കാണാതായി എന്നായിരുന്നു പരാതി. സജാദിന്റെ സുഹൃത്തായ ഒരാളാണ് ഇതിനു പിന്നിലെന്നും പരാതിയിൽ പറയുന്നു.
ഈ പരാതിയിൽ ഇന്നലെ ഹൊസ്ദുർഗ് പൊലീസ് കേസെടുക്കുകയും ചെയ്തു.
എന്നാൽ ഈ പരാതി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മയക്കുമരുന്ന് കടത്തുന്നതിനോ മറ്റു കുറ്റകൃത്യങ്ങൾക്കോ ഉപയോഗിച്ച ജീപ്പ് പൊലീസിനെയോ എക്സൈസിനെയോ കണ്ട് ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് അധികൃതർ സംശയിക്കുന്നത്.
ജീപ്പിനുള്ളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ജീപ്പ് കടത്തിക്കൊണ്ടുപോയി എന്ന് പരാതിയിൽ പറയുന്ന വ്യക്തിയെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.
വ്യാജ റജിസ്ട്രേഷൻ മട്ടാഞ്ചേരിയിലെ സമാന മോഡൽ വാഹനത്തിന്റേത്
ജീപ്പിൽ പതിച്ച വ്യാജനമ്പർ ഇതേ മോഡലിലുള്ള മറ്റൊരു ജീപ്പിന്റേത്. പൊലീസ് പരിശോധിച്ചാലും സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് ഒരേ മോഡൽ ജീപ്പിന്റെ തന്നെ വ്യാജനമ്പർ ഉപയോഗിച്ചത്.
കാഞ്ഞങ്ങാട് സബ് ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്ത ഥാർ എൽഎക്സ് ഡി മോഡലിലുള്ള ഈ ജീപ്പിന് ഉപയോഗിച്ചത് ഇതേ മോഡലിലുള്ള മട്ടാഞ്ചേരി സബ് ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്ത ജീപ്പിന്റേതാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
സാധ്യത
ചെർക്കള–ജാൽസൂർ സംസ്ഥാനാന്തര പാതയെയും ബോവിക്കാനം–കുറ്റിക്കോൽ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് കോട്ടൂർ–പയർപ്പള്ളം റോഡ്. ചെർക്കള–ജാൽസൂർ റോഡ് വഴി എത്തുന്ന വാഹനം ഈ റോഡിലൂടെ പയർപ്പള്ളത്ത് എത്തിയാൽ കുറ്റിക്കോൽ വഴി കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകാൻ പറ്റും.
അങ്ങനെ പോകുന്നതിനിടെ എവിടെയെങ്കിലും പൊലീസ് ഉണ്ടെന്ന വിവരം ലഭിച്ചതിനാൽ ജീപ്പ് പാണൂർ റോഡിലേക്ക് പോയിരിക്കാനാണ് സാധ്യത. പക്ഷേ ജീപ്പ് എന്തിനാണ് ഇവിടെ ഉപേക്ഷിച്ചതെന്ന സംശയം നിലനിൽക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]