കാസർകോട്∙ കാസർകോട് നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് ആദ്യമായി മത്സരിക്കുന്നത് 1965ൽ. മഞ്ചേശ്വരത്ത് ആദ്യമായി മത്സരത്തിനിറങ്ങുന്നത് 1980ൽ.
1967ൽ കാസർകോട്ടും 1980ൽ മഞ്ചേശ്വരത്തും ആദ്യമായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ചപ്പോൾ രണ്ടിടത്തും പരാജയമായിരുന്നു ഫലം. രണ്ട് മണ്ഡലങ്ങളിലും പിന്നീട് ഒന്നാമത്തെ രാഷ്ട്രീയപ്പാർട്ടിയായി ലീഗ് വളരുന്നതായിരുന്നു കാഴ്ച.
ഇത്ര വേഗത്തിൽ പാർട്ടിക്കു വളർച്ചയുണ്ടായ മറ്റൊരു മണ്ഡലം പാർട്ടി കോട്ടയായ മലപ്പുറം ജില്ലയിൽ പോലുമില്ലത്രെ.
സി.എച്ച്.മുഹമ്മദ് കോയ എത്തി ക്യാംപ് ചെയ്ത നാളുകൾ
1952ൽ കാസർകോട് ജില്ല മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്നപ്പോൾ കാസർകോട് മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ലീഗ് മൂന്നാമതായിരുന്നു. കോൺഗ്രസിനായിരുന്നു വിജയം.
കേരള നിയമസഭയിലേക്ക് 1957ലും 1960ലും കോൺഗ്രസ് വിജയിച്ചുകോൺഗ്രസിന്റെ തട്ടകം തകർക്കാൻ കാസർകോട് മണ്ഡലത്തിൽ 1965ൽ ലീഗ് ഒരു തന്ത്രം ആസൂത്രണം ചെയ്തു. പാർട്ടി പിന്തുണയ്ക്കുന്ന സ്വതന്ത്രനെ മത്സരത്തിനായി കളത്തിലിറക്കുക.
കാസർകോട് മണ്ഡലത്തിൽ അങ്ങനെ 1965ൽ കോൺഗ്രസിലെ ഡോ. ക്യാപ്റ്റൻ കെ.എ.
ഷെട്ടിക്കെതിരെ എട്ടുംവളപ്പിൽ അബ്ദുൽഖാദറിനെ ലീഗ് മത്സരത്തിനിറക്കി. ചിഹ്നം ലീഗിന്റെ കോണിക്കു പകരം കുതിര.
തിരഞ്ഞെടുപ്പിൽ വിജയത്തിനു വേണ്ടി സി.എച്ച്. മുഹമ്മദുകോയയുൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി.
അബ്ദുൽ ഖാദറിന് 2,139 വോട്ട് ഭൂരിപക്ഷത്തിൽ വിജയം. കാസർകോട് മണ്ഡലത്തിൽ ലീഗിന്റെ തേരോട്ടം ഇവിടെ തുടങ്ങുന്നു.
പാർട്ടിക്കു സ്വാധീനമില്ലാതിരുന്ന മണ്ഡലത്തിൽ ആദ്യമായി കക്ഷിരഹിതനെ നിർത്തി ലീഗ് നടത്തിയ പരീക്ഷണം വിജയമായി.
പാർട്ടി ചിഹ്നത്തിൽ ആദ്യ ജയം 1977ൽ
1967ൽ ലീഗ് ആദ്യമായി കാസർകോട് മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു. പക്ഷേ പരാജയമായിരുന്നു ഫലം.
മുസ്ലിം ലീഗ് നേതാവ് ഹമീദലി ഷംനാട് അന്ന് കർണാടക സമിതി പിന്തുണയോടെ മത്സരിച്ച യു.പി.കുനിക്കുല്ലായയോട് 95 വോട്ടിന് പരാജയപ്പെടുകയായിരുന്നു. 1970ൽ മുസ്ലിംലീഗിനു വേണ്ടി ബി.എം.അബ്ദുറഹ്മാൻ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു.
1977ലാണ് ടി.എ.ഇബ്രാഹിമിലൂടെ പാർട്ടി ചിഹ്നത്തിൽ മുസ്ലിം ലീഗിനു മണ്ഡലത്തിൽ ജയിക്കാനായത്. 1979ൽ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ സി.ടി.അഹമ്മദലി കന്നിയങ്കത്തിൽ അഖിലേന്ത്യാ ലീഗിലെ ബി.എം.അബ്ദുൽറഹ്മാനോടു തോറ്റു.
തുടർന്ന് 1980,1982,1987, 1991, 1996, 2001, 2006 വർഷങ്ങളിൽ തുടർച്ചയായി മുസ്ലിം ലീഗിലെ സി.ടി.അഹമ്മദലിയാണ് വിജയിച്ചത്. 2011ലും 2016ലും 2021ലും എൻ.എ.നെല്ലിക്കുന്നിലൂടെ ലീഗ് കോട്ട
നിലനിർത്തി.
മഞ്ചേരത്ത് ആദ്യം തോൽവി
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 1980ലാണ് മുസ്ലിം ലീഗിന്റെ സ്വന്തം സ്ഥാനാർഥി വരുന്നത്. അന്ന് ചെർക്കളം അബ്ദുല്ല സിപിഐയുടെ ഡോ.എ.സുബ്ബറാവുവിനോട് തോറ്റു.
പിന്നീട് 1987ൽ സുബ്ബറാവുവിനെ തന്നെ പരാജയപ്പെടുത്തി ചെർക്കളം അബ്ദുല്ല മഞ്ചേശ്വരത്തു നിന്ന് ആദ്യ മുസ്ലിം ലീഗ് എംഎൽഎയായി. 1987 മുതൽ 2001 വരെ ചെർക്കളം അബ്ദുല്ല എംഎൽഎ ആയി തുടർന്നു.
2006ൽ സിപിഎം ലീഗിനെതിര അട്ടിമറി വിജയം നേടി. പിന്നീട് ലീഗ് മണ്ഡലം തിരിച്ചു പിടിക്കുകയും പി.ബി.അബ്ദുറസാഖ്, എം.സി.കമറുദ്ദീൻ, എ.കെ.എം.അഷറഫ് എന്നിവർ എംഎൽഎമാരാവുകയും ചെയ്തു.
രണ്ട് ലീഗ് മന്ത്രിമാർ
മുസ്ലിം ലീഗിൽ നിന്ന് ജില്ല രണ്ട് മന്ത്രിമാരെയും സംഭാവന ചെയ്തു.
2011ൽ ചെർക്കളം അബ്ദുല്ല എ.കെ.ആന്റണി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്തു. 1991 മുതൽ 1995വരെ സി.ടി.
അഹമ്മദലി തദ്ദേശ സ്വയംഭരണ വകുപ്പും 1995 മുതൽ 1996വരെ പൊതുമരാമത്തു വകുപ്പും കൈകാര്യം ചെയ്തു.
ലീഗിലെ പിളർപ്പ്
മുസ്ലിം ലീഗിലെ 2 പിളർപ്പുകളും കാസർകോട് പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. 1974ലെ ആദ്യ പിളർപ്പിനു ശേഷം രൂപീകരിച്ച അഖിലേന്ത്യാ ലീഗ് കാസർകോട് ജില്ലയിൽ അത്യാവശ്യം സജീവമായിരുന്നു.
1979ൽ ഉപതിരഞ്ഞെടുപ്പിൽ അഖിലേന്ത്യാ ലീഗിലെ ബി.എം.അബ്ദുൽറഹ്മാൻ മുസ്ലിംലീഗിലെ സി.ടി.അഹമ്മദലിയെ തോൽപ്പിച്ച് എംഎൽഎയുമായി. അഖിലേന്ത്യാ ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കാസർകോട് സ്വദേശി ഹമീദലി ഷംനാട് ആയിരുന്നു.
ഇദ്ദേഹം നാദാപുരം എംഎൽഎയും രാജ്യസഭാ അംഗവുമായിരുന്നു.
പിന്നീട് 1993ലെ പിളർപ്പിനെ തുടർന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് ഐഎൻഎൽ രൂപീകരിച്ചപ്പോഴും കാസർകോട് ജില്ലയിലെ ഒരു വിഭാഗം പ്രവർത്തകർ സേട്ടിനൊപ്പം നിന്നു. അന്ന് ഐഎൻഎല്ലിനൊപ്പം നിന്ന് നിയമസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി 2 തവണ മത്സരിച്ച് പരാജയപ്പെട്ട
എൻ.എ.നെല്ലിക്കുന്ന് പിന്നീട് ലീഗിലേക്ക് തിരിച്ചെത്തിയശേഷം യുഡിഎഫ് പ്രതിനിധിയായി 3 തവണ നിയമസഭയിലെത്തി.
യുഡിഎഫിന്റെ കരുത്ത്
ലീഗ് ശക്തിപ്രാപിച്ചതോടെ കോൺഗ്രസിന്റെ ശക്തി സാവധാനം കുറഞ്ഞു വന്നു. അതേ സമയം ലോക്സഭയിലേക്ക് കോൺഗ്രസിന്റെ സ്ഥാനാർഥിയെ 2 തവണ വിജയിപ്പിച്ച് അയയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ലീഗിന്റെ സംഭാവനകൾ തന്നെയാണ്.
മഞ്ചേശ്വരം മണ്ഡലത്തിലെ 8 പഞ്ചായത്തുകളും യുഡിഎഫ് ഭരിക്കുന്നത് ലീഗിന്റെ മികവിലാണ്. കാസർകോട് നിയമസഭാ മണ്ഡലത്തിലെ 8ൽ 5 പഞ്ചായത്തുകളിലും യുഡിഎഫ് ഭരിക്കുന്നതിൽ ലീഗിന്റെ വലിയ സംഭാവനകളുണ്ട്.
ഉദുമയിലെ മൂളിയാർ, ഉദുമ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്ട് മണ്ഡലത്തിൽ നഗരസഭയിലും തൃക്കരിപ്പൂർ മണ്ഡലത്തിൽ പടന്ന, വലിയപറമ്പ, തൃക്കരിപ്പൂർ പഞ്ചായത്തുകളും ലീഗിന്റെ സ്വാധീനമേഖലകളാണ്.
മറ്റു മുന്നണികളുടെ എംഎൽഎമാരെപ്പോലെ പാർട്ടി ഓഫിസിൽ നിന്ന് കത്തുവാങ്ങി വരാൻ ലീഗിന്റെ എംഎൽഎമാർ ആവശ്യപ്പെടാറില്ല. ജാതിയും മതവും മുഖവും നോക്കാതെ ജനങ്ങളുടെ പ്രശ്നങ്ങളിൽ എപ്പോഴും ഇടപെടുകയും സഹായിക്കുകയും ചെയ്യുന്നതിനാലാണ് ലീഗ് തുടർവിജയം നേടുന്നത്’ – എൻ.എ.നെല്ലിക്കുന്ന് (കാസർകോട് സിറ്റിങ് എംഎൽഎ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

