കാസർകോട് ∙ പൊലീസ് വെരിഫിക്കേഷൻ നടത്തിയ ഉദ്യോഗസ്ഥന്റെ അശ്രദ്ധ മൂലം കാഞ്ഞങ്ങാട് സ്വദേശി ശ്രീനിവാസന്റെ ജോലിക്കായുള്ള വിദേശയാത്ര 2 വട്ടം മുടങ്ങിയ പ്രശ്നത്തിൽ ഇടപെട്ടു മനുഷ്യാവകാശ കമ്മിഷൻ. മറ്റൊരാളുടെ പേരിലുള്ള കേസ് കാഞ്ഞങ്ങാട് അരയി കൊളത്തിങ്കാൽ വീട്ടിൽ ശ്രീനിവാസന്റെ പേരിൽ തെറ്റായി രേഖപ്പെടുത്തിയതു മൂലം വിദേശയാത്ര തടസ്സപ്പെട്ട
സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്. ജനുവരി 15ന് മുംബൈ വിമാനത്താവളത്തിലാണ് ശ്രീനിവാസന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്.
ദുബായിലെത്തി കടങ്ങളെല്ലാം വീട്ടണം, കുടുംബത്തെ സംരക്ഷിക്കണം. ഈ ആഗ്രഹവുമായി ശ്രീനിവാസൻ വിമാനം കയറാൻ മുംബൈ വിമാനത്താവളത്തിലെത്തി.
എന്നാൽ, പാസ്പോർട്ട് പരിശോധിച്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്ര തടഞ്ഞ് പാസ്പോർട്ട് പിടിച്ചുവച്ച് നോട്ടിസ് നൽകി തിരിച്ചയച്ചു. പൊലീസ് വെരിഫിക്കേഷനെത്തിയ ഉദ്യോഗസ്ഥന്റെ പിഴവായിരുന്നു കാരണം.
മറ്റൊരു ശ്രീനിവാസന്റെ പേരിലുള്ള കേസ് ഈ ശ്രീനിവാസന്റെ പേരിൽ റിപ്പോർട്ട് ചെയ്തു.
കാഞ്ഞങ്ങാട് അരയി സ്വദേശിയായ ശ്രീനിവാസന്റെ വീട്ടുപേര് കൊളത്തിങ്കാൽ ഹൗസ് എന്നാണ്. സ്ഥലത്തർക്കവുമായി ബന്ധപ്പെട്ടു കേസുള്ള ശ്രീനിവാസന്റെ വീട്ടുപേര് തരംബയിൽ എന്നാണ്.
ഇദ്ദേഹം ഒരു കിലോമീറ്റർ മാറിയാണ് താമസിക്കുന്നത്. ഇരുവരുടെയും അച്ഛന്റെ പേര് കുഞ്ഞിക്കണ്ണൻ എന്നു തന്നെ.
തരംബയിൽ ശ്രീനിവാസന്റെ കേസാണ് കൊളത്തിങ്കാൽ ശ്രീനിവാസന്റെ വെരിഫിക്കേഷൻ റിപ്പോർട്ടിൽ വന്നത്.
യാത്ര മുടങ്ങിയതോടെ വിമാന ടിക്കറ്റ് തുകയായ 27000 രൂപ പാഴായി. തുടർന്ന്, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് മാറ്റി അയപ്പിച്ചു.
വീണ്ടും പാസ്പോർട്ട് ഓഫിസിൽ എല്ലാം ശരിയാക്കി. 20000 രൂപ നൽകി വീണ്ടും 20ന് വിമാനത്താവളത്തിലെത്തി.
കണ്ണൂർ വഴിയായിരുന്നു യാത്ര. ഇമിഗ്രേഷനിലെത്തിയപ്പോൾ ഇതേ പ്രശ്നം വീണ്ടും തലപൊക്കി.
ശരിയാക്കിയ കാര്യങ്ങൾ പാസ്പോർട്ട് ഓഫിസിലെ കംപ്യൂട്ടറിൽ അപ്ഡേറ്റ് ആയിരുന്നില്ല. മാർച്ച് 7ന് അകം ശ്രീനിവാസന് ഗൾഫിലെത്തണം.
അതിനു മുൻപ് രേഖ തിരുത്തി കാര്യങ്ങൾ വ്യക്തത വരുത്തിയില്ലെങ്കിൽ യാത്ര മുടങ്ങി ജോലി നഷ്ടമാകും.
പൊലീസുദ്യോഗസ്ഥന്റെ വീഴ്ചയെ കുറിച്ച് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. മാർച്ചിൽ കാസർകോട് നടത്തുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

