കാസർകോട്∙ സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീം സിലക്ഷൻ പട്ടികയിൽ അംഗമായ സംസ്ഥാന താരത്തെ ഒഴിവാക്കി മറ്റൊരാളെ ഉൾപ്പെടുത്തിയതായി പരാതി. ഇതിനെതിരെ ഫുട്ബോൾ താരവും ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ ചേരൂറിലെ ഉമ്മർ അഫാഫ് കലക്ടർക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും പരാതി നൽകി.
സിലക്ഷൻ ട്രയൽസിൽ 18 അംഗ ടീം അംഗങ്ങളുടെ പട്ടിക ശനിയാഴ്ച രാത്രി 10ന് ആണ് പ്രസിദ്ധപ്പെടുത്തിയത്.
ഇതിൽ ഉമ്മർ അഫാഫ് പട്ടികയിൽ എട്ടാം സ്ഥാനക്കാരനായി ഇടം നേടിയിരുന്നു. ഈ പട്ടികയിൽ ഒരു ഗോൾ കീപ്പർ മാത്രമാണ് ഉണ്ടായിരുന്നത്.
രണ്ടു ഗോൾ കീപ്പർമാരെ ഉൾപ്പെടുത്താത്തതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ സബ്ജൂനിയർ–ജൂനിയർ വിഭാഗങ്ങളിൽ ദേശീയ–സംസ്ഥാനതലങ്ങളിൽ മത്സരിച്ച ഉമ്മർ അഫാഫിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി മറ്റൊരു ഗോൾകീപ്പറെ ഉൾപ്പെടുത്തിയാണ് കണ്ണൂരിൽ നടന്ന സംസ്ഥാന മേളയിൽ ജില്ലാ ടീം പങ്കെടുത്തത്.
രണ്ടാമതൊരു ഗോൾ കീപ്പർക്ക് ഇടം നൽകാൻ നിലവിൽ തുടർച്ചയായി 2 തവണ കേരള ടീമിനായി ബൂട്ടണിഞ്ഞ മികച്ച സെന്റർ ഫോർവേഡിനെ ടീമിൽ നിന്നു പുറത്താക്കിയതാണ് പരാതിക്കിടയായത്. ഒഴിവാക്കപ്പെട്ട
ഉമ്മർ അഫാഫ് പ്രഫഷനൽ ക്ലബ് അംഗവും 2023-24 സീസണിൽ കേരള ഫുട്ബോൾ അസോസിയേഷൻ കേരള ജൂനിയർ ബെസ്റ്റ് പ്ലയറുമായിരുന്നു. തൃക്കരിപ്പൂരിൽ നടന്ന ജില്ലാ സ്കൂൾ ചാംപ്യൻഷിപ്പിൽ ചാംപ്യന്മാരായ കാസർകോട് ഉപജില്ലാ ടീമംഗവുമാണ്.
മത്സരത്തിൽ ഉപജില്ലാ നേടിയ 3 ഗോളുകളിൽ രണ്ടെണ്ണവും ഉമ്മർ അഫാഫിന്റെയായിരുന്നു.
സബ്സ്റ്റിറ്റ്യൂട്ട് ആയി ഫീൽഡിലെത്തി 5 മിനിറ്റ് മാത്രം കളിച്ച് ഒരു ബോൾ ടച്ച് പോലും കിട്ടാത്ത താരമടക്കം നിലവിൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പരാതിയുണ്ട്. ഒന്നാം നമ്പർ ജഴ്സി അണിഞ്ഞാണ് ഉമ്മർ അഫാഫ് ആദ്യ മത്സരിച്ചതെന്നും പിന്നീടുള്ള മത്സരങ്ങളിൽ ഒന്നാം നമ്പർ ജഴ്സി ഒഴിവാക്കി അഞ്ചാം നമ്പറിട്ടു കളിച്ചു.
ജഴ്സി നമ്പർ മാറി കളിച്ചപ്പോൾ ഉണ്ടായ ക്ലറിക്കൽ അബദ്ധമാണ് ഉമ്മർ അഫാഫിന്റെ അവസരം നഷ്ടപ്പെടുത്തിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
എംഎസ്എഫ് ഉപരോധിച്ചു
കാസർകോട്∙ സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ ജില്ലാ ടീം സിലക്ഷനിൽ അർഹരായവരെ പട്ടികയിൽ നിന്ന് പുറത്താക്കിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവർത്തകർ ഡിഡിഇ ഓഫിസ് ഉപരോധിച്ചു. ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട
ജില്ലാ ടീം അംഗങ്ങളുടെ പട്ടിക കീഴ്വഴക്കങ്ങൾ മറികടന്ന് തലേദിവസം വാട്സാപ് വഴിയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ പിറ്റേന്ന് മത്സരദിവസം രാവിലെ സംസ്ഥാന താരമടക്കമുള്ളവരെ പ്ലെയർ ലിസ്റ്റിൽ നിന്നും പുറത്താക്കി പുതുക്കിയ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ടീം സിലക്ഷനിൽ തികഞ്ഞ പക്ഷപാതം കാണിച്ച സെലക്ടർമാർ ക്ലറിക്കൽ പിഴവാണെന്ന് ആദ്യം സമ്മതിക്കുകയും പിന്നീട് അതേ ലിസ്റ്റിനെ ന്യായീകരിക്കുകയുമാണ് ചെയ്തത്. അർഹതക്കപ്പുറം ബാഹ്യ ഇടപെടലുകൾ നടത്തി കായിക താരങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയ അധികൃതരുടെ ക്രൂരതയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതു സംബന്ധിച്ച് ഡിഡിഇ, കലക്ടർ എന്നിവർക്ക് പരാതി നൽകി. ഉപരോധത്തിന് നേതൃത്വം നൽകിയ ജില്ലാ പ്രസിഡന്റ് താഹ ചേരൂർ, നിയോജക മണ്ഡലം പ്രസിഡന്റ് ഹാഷിർ മൊയ്തീൻ, ജനറൽ സെക്രട്ടറി സിറാജ് ബദിയടുക്ക, ട്രഷറർ അർഫാത്ത് കമ്പാർ, ജാബിർ ഷിബിൻ, അസ്ഫർ മജൽ, സിയാൻ തളങ്കര, ഉമർ ഖയ്യും എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.
7 എംഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]