കാസർകോട് ∙ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള സംരക്ഷിത സ്മാരകമായ കാസർകോട് ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് അവകാശം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്(ഡിടിപിസി). 3 വർഷത്തേക്കാണ് കേരള പുരാവസ്തു വകുപ്പ് നടത്തിപ്പ് ചുമതല കൈമാറുന്നത്.
ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പുരാവസ്തു വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. കോട്ടയിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ വികസിപ്പിക്കുന്നതിനാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറുന്നത്.
കോട്ടയുടെ ഉടമസ്ഥാവകാശം സംസ്ഥാന പുരാവസ്തു വകുപ്പിൽ തന്നെ നിക്ഷിപ്തമാക്കിയാണ് നിലവിലെ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി കോട്ട നടത്തിപ്പ് അവകാശം കൈമാറുന്നത്.
ഡിടിപിസിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് സംസ്ഥാന പുരാവസ്തു ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചന്ദ്രഗിരി കോട്ട വെഡ്ഡിങ് ഡെസ്റ്റിനേഷനായും വിനോദസഞ്ചാര വികസന കേന്ദ്രമായും മാറ്റാനുള്ള നടപടികളാണ് ടൂറിസം വകുപ്പിന്റെ പരിഗണനയിലുള്ളത്. ചന്ദ്രഗിരിപ്പുഴ അറബിക്കടലിൽ സംഗമിക്കുന്ന തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 46 മീറ്റർ ഉയരത്തിലാണ് 7 ഏക്കർ വിസ്തീർണമുള്ള ചന്ദ്രഗിരിക്കോട്ട.
ഏറെ ഹൃദ്യമാണ് കോട്ടയിൽ നിന്ന് കാണാവുന്ന ചന്ദ്രഗിരിപ്പുഴ അറബിക്കടലിൽ സംഗമിക്കുന്ന ദൃശ്യങ്ങൾ.
കോട്ട രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സന്ദർശകർക്ക് തുറന്നു കൊടുക്കുന്നുണ്ട്.
എന്നാൽ ആവശ്യമായ പരിപാലനം ഇല്ലാതെ നിലവിൽ കാടുപിടിച്ചു കിടക്കുന്നു. സർക്കാരിന് വരുമാനം ലഭിക്കുന്ന നിലയിലേക്ക് കോട്ട
ഉപയോഗപ്പെടുത്തണം എന്ന തീരുമാനമനുസരിച്ചാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ടൂറിസം വകുപ്പ് മുഖേന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ധാരണാപത്രം ഉണ്ടാക്കിയിട്ടുള്ളത്.
കോട്ടയിൽ വൈകിട്ട് 5 കഴിഞ്ഞും സന്ദർശകർക്ക് തങ്ങാൻ സമയം അനുവദിക്കുക, ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുക, വെളിച്ചം, കഫെറ്റീരിയ സൗകര്യം ഏർപ്പെടുത്തുക, ദിവസവും വിവിധ പരിപാടികൾ നടത്തി ടൂറിസം സർകീറ്റ് ആയി വികസിപ്പിക്കുക, ഇവന്റ് മാനേജ്മെന്റ് സംഘങ്ങൾ മുഖേന വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രമായി ഉപയോഗപ്പെടുത്തുക, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവയാണ് പരിഗണനയിലുള്ള വികസന പദ്ധതികൾ.
സഞ്ചാരികളെ ആകർഷിക്കും വിധം ഇരു വകുപ്പുകൾക്കും സാമ്പത്തിക നേട്ടം ഉണ്ടാകുന്ന വിധത്തിലായിരിക്കും പദ്ധതി നിർവഹണം. ചന്ദ്രഗിരിക്കോട്ടയിൽ നിന്ന് തളങ്കരയിലേക്ക് റോപ് വേ സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തുന്ന പദ്ധതികൾ നടപ്പിലാക്കിയാൽ കാസർകോട് നഗരസഭയ്ക്കും ചെമ്മനാട് പഞ്ചായത്തിനും മാത്രമല്ല ജില്ലയിൽ വിനോദ സഞ്ചാര വികസന രംഗത്തും ഇത് വലിയ നേട്ടമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]