
പെരിയ ∙ കല്യോട്ട് യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ പ്രയോഗിക്കാനായി കൊണ്ടുവന്ന ‘വജ്ര’ ജലപീരങ്കി പണിപറ്റിച്ചു. മാർച്ച് ഉദ്ഘാടനത്തിനുശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ വജ്രയിൽനിന്ന് ആദ്യം വെള്ളം ചീറ്റിയത് മാർച്ച് തടയാനായിനിന്ന പൊലീസുകാരുടെ ദേഹത്തേക്ക്..!
പ്രവർത്തകർ കൂക്കിവിളിച്ചപ്പോൾ പിന്നീട് വെള്ളം ചീറ്റിയത് ആകാശത്തേക്കും..! ഇതു ചിരിക്കു വകനൽകിയെങ്കിലും പിന്നീട് ജലപീരങ്കി അനുസരണയുള്ളവനായി.
സമീപത്തെ വീട്ടുപറമ്പിൽ നിലയുറപ്പിച്ച പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ വീടിന്റെ ഭിത്തിയിലേക്ക് വെള്ളം ചീറ്റിയത് പ്രതിഷേധത്തിനിടയാക്കി. ഇതിനു മുൻപ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയും ജലപീരങ്കിക്ക് ഉന്നംതെറ്റിയത് പൊലീസിനു തലവേദനയായിരുന്നു.
കല്യോട്ട് യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ ജലപീരങ്കി
പെരിയ ∙ കല്യോട്ട് ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട
പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമവിരുദ്ധമായി പരോൾ അനുവദിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് നടന്ന മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏച്ചിലടുക്കത്തേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ച പൊലീസ് കല്യോട്ട് ടൗണിനു സമീപം ബാരിക്കേഡുയർത്തി പ്രവർത്തകരെ തടഞ്ഞു.
മാർച്ച് ഉദ്ഘാടനത്തിനുശേഷം ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ ഓലമടലും മറ്റും പൊലീസിനുനേരെ വലിച്ചെറിഞ്ഞ് പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡിനു പിന്നിൽ പൊലീസ് കനത്ത പ്രതിരോധവുമായി നിലയുറപ്പിച്ചു.
ഏറെ നേരത്തെ ശ്രമഫലമായി ബാരിക്കേഡ് കെട്ടിയ കയർ പ്രവർത്തകർ അറുത്തുമാറ്റിയെങ്കിലും ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ബാബുരാജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ.കാർത്തികേയൻ എന്നിവർ പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
കല്യോട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മൃതി മണ്ഡപത്തിൽനിന്ന് ഏച്ചിലടുക്കത്തേക്ക് നടത്തുന്ന പ്രതിഷേധജ്വാല പരിപാടിക്ക് പൊലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ പൊലീസ് കല്യോട്ട് ടൗണിൽ മാർച്ച് തടയാനുള്ള സന്നാഹങ്ങളൊരുക്കി. കണ്ണൂരിൽനിന്ന് 50 പേരുടെ സായുധ പൊലീസ് സംഘം ഉൾപ്പെടെ നൂറോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു.
ബേക്കൽ ഡിവൈഎസ്പി വി.വി.മനോജിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ കെ.പി.ഷൈൻ (അമ്പലത്തറ), അനിൽകുമാർ(ആദൂർ), കെ.ദാമോദരൻ(ബേഡകം), സന്തോഷ്കുമാർ (മേൽപ്പറമ്പ്) എന്നിവരുടെ നേതൃത്വത്തിൽ കല്യോട്ട് ശക്തമായ സുരക്ഷാസന്നാഹമാണ് മാർച്ചിനെ തടയാൻ പൊലീസ് ഒരുക്കിയത്.
വൈകിട്ട് 5.30ന് ആണ് സ്മൃതി മണ്ഡപത്തിൽനിന്ന് മാർച്ച് ആരംഭിച്ചത്. കെപിസിസി നിർവാഹക സമിതിയംഗം റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ.കാർത്തികേയൻ, ഭാരവാഹികളായ രതീഷ് രാഘവൻ, ദീപു കല്യോട്ട്, ഉനൈസ് ബേഡകം, മാർട്ടിൻ ജോർജ്, രാജേഷ് തമ്പാൻ, അനൂപ് കല്യോട്ട്, മാർട്ടിൻ ഏബ്രഹാം, സുജിത് തച്ചങ്ങാട്, വിനോദ് കപ്പിത്താൻ, ഗിരികൃഷ്ണൻ കൂടാല എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]