
ചെറുവത്തൂർ ∙ ഏതു നിമിഷവും താഴേക്കു വീഴാവുന്ന സ്ഥിതിയിൽ തലയ്ക്ക് മീതെ വലിയ പാറക്കൂട്ടങ്ങൾ. തടുത്ത് നിർത്താൻ ആകെ ഉള്ളത് 6 മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തി.
ഇതിന് ഇടയിൽ തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങൾ. മയിച്ചയിലെ വീരമലക്കുന്നിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. ദേശീയപാതയുടെ വികസനത്തിന് വേണ്ടി അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടത്തിയ വീരമല കാലവർഷം എത്തിയതോടെ ഏതു നിമിഷവും താഴേക്കു പതിക്കാവുന്ന നിലയിൽ കിടക്കുകയാണ്.
57 ഏക്കർ വിസ്തൃതിയാണ് മലയ്ക്ക് ആകെ ഉള്ളത് ഇതിന്റെ മുകൾ തട്ടിൽ 10 ഏക്കർ സ്ഥലം റവന്യു വകുപ്പിന്റെ കൈവശമാണ്.
37 ഏക്കറോളം സ്ഥലം വനം വകുപ്പിന്റെ കയ്യിലും. ബാക്കി വരുന്ന സ്ഥലം മലയുടെ അടിവാരം 10 ഏക്കറോളം സ്ഥലം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്.
മലയുടെ അടിഭാഗം ഏതു നിമിഷവും ഇടിയുന്ന സ്ഥിതിയിലാണ്. മണ്ണിടിഞ്ഞ് കഴിഞ്ഞാൽ കടൽ പോലെ ദേശീയപാതയിലേക്ക് മണ്ണ് അടക്കം കുതിച്ച് വരുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്.
പ്രകൃതി സൗന്ദര്യം പേറുന്ന വീരമലയുടെ മുകൾത്തട്ട്
കാക്ക പൂവ്, തുമ്പപ്പൂവ് എന്നിങ്ങനെ മനോഹരമായ പൂക്കൾ വിരിയുന്ന വിശാലമായ ഇടമാണ് വീരമലയുടെ മുകൾത്തട്ട്.
ഡച്ച് കോട്ടയും അറബി കടലിന്റെ സൗന്ദര്യവും ഈ മലയിലെത്തിയാൽ മനം നിറയെ കാണാം. ജില്ലയുടെ ടൂറിസം ഭൂപടത്തിൽ വരാൻ പോകുന്ന പൈതൃക ഗ്രാമം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മലയാണിത്.
പോയ കാലത്ത് ഡച്ച് കാർ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ നിന്ന് സുഗന്ധ ദ്രവ്യങ്ങൾ ശേഖരിക്കാൻ കോട്ട കെട്ടി തമ്പടിച്ചിരുന്നത് വീരമലയിലായിരുന്നു.
ഡച്ചുകാരാണ് ഈ കുന്നിന് വീരമല എന്ന പേര് നൽകിയത്. മലയുടെ മുകൾ തട്ടിൽ ഇപ്പോഴും ഈ കോട്ടയുടെ അവശിഷ്ടങ്ങളുണ്ട്.
മലയുടെ കിഴക്കൻ താഴ്വാരത്തിൽ കിടക്കുന്ന രാമൻചിറ തടാകം ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണ്. 3 അപ്രോച്ച് റോഡുകളുള്ള ജില്ലയിലെ എറ്റവും വലിയ പാലം രാമൻചിറയ്ക്കു കുറുകെ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്.
കായൽ ടൂറിസത്തിന്റെ ഭാഗമായി വീരമലയുടെ വടക്ക് ഭാഗത്തുള്ള അടിവാരത്തിലൂടെ കടന്നുപോകുന്ന തേജസ്വിനി പുഴയുടെ തീരത്ത് വഞ്ചി വീട് ടെർമിനൽ സ്ഥാപിച്ച് അതുവഴി വീരമലയിലേക്ക് എത്താനുള്ള പദ്ധതിയുമുണ്ട്.
ഇതോടോപ്പം മലയുടെ അടിവാരത്തുള്ള ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നടത്തുന്നത് വീരമലയിലുള്ള ജലസംഭരണിയിൽ നിന്നാണ്. ഇത്തരത്തിൽ നാടും ജനങ്ങളുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന ഒരു മലയെയാണ് അശാസ്ത്രീയമായ മണ്ണെടുപ്പിലൂടെ തകർത്തത്.
കുന്ന് തുരന്നത് മണ്ണിനു വേണ്ടിയോ?
ചെറുവത്തൂർ∙ വീരമല കുന്ന് തുരന്നു തന്നെ ദേശീയപാത പണിയണമെന്ന് തീരുമാനിച്ചത് കുന്നിടിച്ചു ലഭിക്കുന്ന മണ്ണിനു വേണ്ടിയോ? ആ തീരുമാനം ഈ പ്രദേശത്തെ ദേശീയപാതയെ എത്തിച്ചിരിക്കുന്നത് എന്നും ഭീതിയോടെ യാത്ര ചെയ്യാനുള്ള വിധിയിലേക്കും.!
ദേശീയ പാതയുടെ വികസനം വരുന്ന വേളയിൽ ഇതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടുള്ള സർവേ നടന്നപ്പോൾ വീരമലയെ പൂർണമായും ഒഴിവാക്കി കൊണ്ട് കാര്യങ്കോട് പാലം കഴിഞ്ഞാൽ നേരിട്ട് ചെറുവത്തൂർ ചെക്ക് പോസ്റ്റിലേക്ക് എത്തുന്നവിധം വയലിലൂടെ പാത കടന്നുപോകുന്ന രീതിയിലായിരുന്നു സർവേ നടന്നത്.
എന്നാൽ ഇതെല്ലാം മാറ്റി വീരമലയിലെ മണ്ണ് ലക്ഷ്യമാക്കി അലൈൻമെന്റ് മാറ്റുകയായിരുന്നുവെന്നാണു നാട്ടുകാർ ആരോപിക്കുന്നു. ഇന്നു കാണുന്ന ഈ ദുരിതത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിന്റെ ഉത്തരവാദി മണ്ണിനു വേണ്ടി അലൈൻമെന്റ് വീരമലയിലേക്കു മാറ്റിയ അധികൃതർ തന്നെയാണെന്നാണ് ജനങ്ങൾ പറയുന്നത്.
വീരമലക്കുന്നിൽനിന്ന് അനുവദിച്ചതിലേറെ മണ്ണു കടത്തിയതിനു ദേശീയപാത നിർമാണക്കമ്പനിയായ മേഘയ്ക്ക് 1.16 കോടി രൂപ പിഴ ചുമയ്ത്തിയിരുന്നു.
അപകടാവസ്ഥ ഒഴിവാക്കുന്നതിനായി കുന്ന് തട്ടുകളായി തിരിക്കുന്നതിന് 65,000 ക്യുബിക് മീറ്റർ മണ്ണ് നീക്കാനാണ് കമ്പനിക്ക് അനുമതി നൽകിയത്. ഈ അനുമതി ദുരുപയോഗം ചെയ്ത് അനുവദിച്ചതിലേറെ മണ്ണെടുത്തതായി ഹൊസ്ദുർഗ് തഹസിൽദാർ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
മുൻപ് പുല്ലൂരിൽ അനുമതി നൽകിയ ദിവസം കഴിഞ്ഞു മണ്ണെടുത്തതിന് 1.78 ലക്ഷം രൂപയും കമ്പനിക്ക് പിഴയിട്ടിരുന്നു.
വീരമലക്കുന്നിന് മുകളിൽ ജലസംഭരണി പദ്ധതിയും
ചെറുവത്തൂർ∙ ജലജീവൻ മിഷൻ പദ്ധതി വഴി ചെറുവത്തൂർ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ശുദ്ധജലം വിതരണം ചെയ്യാനുള്ള പദ്ധതിക്ക് വേണ്ടിയുള്ള ജലസംഭരണി നിർമിക്കുന്നത് വീരമലക്കുന്നിൽ മണ്ണിടിയുന്ന ഭാഗത്തിന്റെ നേരെ മുകളിൽ. 2 കോടിയോളം രൂപ ചെലവിലാണ് ജലസംഭരണി നിർമിക്കുന്നത്. സംഭരണിയുടെ അടിത്തറയുടെ നിർമാണം ഇതിനകം തന്നെ പൂർത്തിയായി.
ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് മുകളിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്.
കലക്ടറുടെ നിർദേശ പ്രകാരം നേരത്തെ നടത്തിയ ഡ്രോൺ പരിശോധനയിൽ വിള്ളൽ കണ്ടെത്തിയ മേഖല കൂടിയാണിത്. ഇവിടെ സംഭരണി നിർമിച്ചാൽ എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്ന് നാട്ടുകാർ ചോദിക്കുന്നു.
കാക്കടവിൽനിന്നു വെള്ളം ശേഖരിച്ച് കയ്യൂർ വഴി വീരമലയിലെ സംഭരണിയിലേക്കു കൊണ്ടുവന്ന് ചെറുവത്തൂർ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വെള്ളം എത്തിക്കാനാണ് പദ്ധതി കൊണ്ട് ഉദേശിക്കുന്നത്.
വീട്ടുകാർക്ക് മാറിത്താമസിക്കാൻ അറിയിപ്പ്
ചെറുവത്തൂർ∙ മലയുടെ അടിവാരത്തുള്ള വീട്ടുകാർക്ക് മാറിത്താമസിക്കാൻ അറിയിപ്പ് നൽകി. മയിച്ചയിലെ 20 വീട്ടുകാർക്കാണ് അധികൃതർ നോട്ടിസ് നൽകിയത്.
ഇതിൽ ഏറെ സുരക്ഷിതരല്ലാത്ത കുറച്ച് വീട്ടുകാർ ഇതിനകം തന്നെ താമസം മാറ്റിയിട്ടുണ്ട്. മറ്റുള്ളവർ മാറാനുള്ള തയാറെടുപ്പിലാണ്.
മുന്നറിയിപ്പ് നൽകി
കഴിഞ്ഞദിവസം മണ്ണിടിച്ചിലുണ്ടായ കാസർകോട്ടെ വീരമലക്കുന്നിനെക്കുറിച്ചു മലയാള മനോരമയ്ക്കു വേണ്ടി സ്ഥലം സന്ദർശിച്ച ഭൗമസാങ്കേതിക വിദഗ്ധരായ ഡോ.എ.ഭൂമിനാഥൻ, ഡോ.എൻ.ഉണ്ണിക്കൃഷ്ണൻ, ഡോ.ജി.ഹരി എന്നിവർ മുന്നറിയിപ്പു നൽകിയിരുന്നു.
വീരമലയുടെ മണ്ണു നീക്കംചെയ്ത പലഭാഗത്തും വിള്ളലുകളുണ്ടെന്നും അതുകൊണ്ടുതന്നെ ഇടിയാനുള്ള സാധ്യത കൂടുതലെന്നും ചൂണ്ടിക്കാട്ടിയിരുന്നതായി തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ. എൻ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
തെക്കിൽ വളവുകളിൽ ഇനിയും കുന്നിടിയുമോയെന്ന് ആശങ്ക
കാസർകോട് ∙ ദേശീയപാത രണ്ടാം റീച്ചിൽ ചെർക്കള–ചട്ടഞ്ചാൽ റൂട്ടിലെ തെക്കിൽ വളവുകളിൽ ഇനിയും കുന്നിടി ഞ്ഞ് അപകടമുണ്ടാവുമോ എന്ന ആശങ്ക മാറാതെ നാട്ടുകാർ.
ന്യൂ ബേവിഞ്ച ഭാഗത്ത് വലിയ മണ്ണിടിച്ചിലുണ്ടായത് ജൂൺ 17ന് ആണെങ്കിൽ തെക്കിൽ ഭാഗത്ത് മണ്ണിടിഞ്ഞത് മേയ് 30ന് ആണ്. 4 കിലോ മീറ്റർ വരുന്ന ഈ റൂട്ടിൽ ചെങ്കള വില്ലേജിലെ വി.കെ.പാറ വളവിൽ 100 മീറ്റർ ദൂരം 8 മീറ്ററും സ്റ്റാർ നഗർ വളവിൽ 400 മീറ്റർ ദൂരം 10 മീറ്റർ ഉയരവുമുള്ള കുന്നിടിച്ചാണ് പാത നിർമിച്ചത്.
വികെ പാറ മുതൽ സ്റ്റാർ നഗർ വരെ ഒന്നര കിലോമീറ്റർ ദൂരം കുന്ന് നെടുകെ പിളർത്തിയാണ് ദേശീയപാത ഒരുക്കുന്നത്.
ഇവിടെ സോയിൽ നെയ്ലിങ് ചെയ്തിട്ടുണ്ടെങ്കിലും സുരക്ഷാഭീഷണി മാറിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സ്റ്റാർ നഗർ വളവിൽ മണ്ണിടിച്ചിൽ തടയുന്നതിനുള്ള സുരക്ഷാ മാർഗങ്ങൾ ഒരുക്കിയിട്ടില്ല.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ വീരമല, മട്ടലായി കുന്നുകളിൽ ഡ്രോൺ സർവേ നടത്തിയിരുന്നു. ഇവിടെയും ചെർക്കള–ചട്ടഞ്ചാൽ റൂട്ടിനെ അവഗണിച്ചു.
തെക്കിൽ വില്ലേജിലെ കാനത്തുകുണ്ടിലും അപായ ഭീഷണിയുണ്ട്.
ഇവിടെ സോയിൽ നെയ്ലിങ് ചെയ്ത ഭാഗം 10 മീറ്ററോളം ഇടിഞ്ഞിരുന്നു. ചെർക്കള– ചട്ടഞ്ചാൽ പാതയിൽ പലതവണ മണ്ണിടിഞ്ഞ് ഗതാഗതം നിരോധിച്ചിരുന്നു.
കുന്നു പിളർത്തി പാതയൊരുക്കി കുത്തനെ സോയിൽ നെയ്ലിങ് നടത്തിയിട്ടുണ്ടെങ്കിലും ജൂൺ 17ന് സോയിൽ നെയ്ലിങ് ചെയ്ത ഭാഗവും അകത്തുള്ള കമ്പികളുമടക്കമാണ് ഇടിഞ്ഞു റോഡിൽ കിടന്നത്. ആ ദിവസം തന്നെ വലിയ 2 ഇടിച്ചിലും ഒരു ചെറിയ ഇടിച്ചിലുമുണ്ടായിരുന്നു.
ബേവിഞ്ച സ്റ്റാർ നഗറിൽ പിളർന്ന കുന്നിനു അരികിൽ മുപ്പതിലേറെ കുടുംബങ്ങൾ താമസമുണ്ട്.
കുണ്ടടുക്കം, പുലിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങളും ആശങ്കയിലാണ്. സംരക്ഷണ ഭിത്തി നിർമിക്കണമെന്നാണ് ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
പ്രത്യാഘാതം ശാസ്ത്രീയമായി പരിശോധിക്കാതെയും പരിഹരിക്കാതെയുമാണ് കുന്നിടിക്കലും തുടർനിർമാണവും നടത്തുന്നതെന്ന പരാതികൾ നിലനിൽക്കുന്നുണ്ട്.
മേയ് 12ന് ആയിരുന്നു മട്ടലായിക്കുന്നിലെ അപകടം. കുന്നിടിച്ച ഭാഗത്തു കോൺക്രീറ്റ് ഭിത്തി നിർമിക്കു ന്നതിനിടെയാണ് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളിക്കു ദാരുണാന്ത്യമുണ്ടായത്.
ഭിത്തി നിർമാണം പൂർത്തീകരിക്കാൻ 6 മീറ്റർ മാത്രം ശേഷിക്കെയാണു കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) മരിച്ചത്. ജില്ലാ ഭരണകൂടം നടത്തിയ ഡ്രോൺ സർവേയിൽ മട്ടലായിക്കുന്നിലും ചെറിയ വിള്ളലുകൾ കണ്ടെത്തിയിരുന്നു.
വീരമലയിലെ അത്ര ഗുരുതരമല്ലെങ്കിലും മണ്ണിടിയാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല.
അതേസമയം, അപകടശേഷം മട്ടലായിൽ നിർമിച്ച സുരക്ഷാകവചം വീരമലയിൽ പ്രവർത്തികമല്ലെന്ന് വിലയിരുത്തൽ. ഉറപ്പുള്ള കുന്നാണ് മട്ടലായിലേത്.
മറിച്ച് വീരമലയിലെ മണ്ണിന് ഉറപ്പിലാത്തതാണ് മണ്ണിടിച്ചലിന് കൂടുതൽ കാരണമാകുന്നത്. ഇവിടെ മട്ടലായി കുന്നിൽ ഒരുക്കിയ സുരക്ഷ കവചം മതിയാകില്ലെന്നാണ് വിലയിരുത്തൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]