
കാഞ്ഞങ്ങാട് ∙ എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് നൽകുന്നതിനിടെ റോഡിൽ നിന്നു ടാങ്കർ ലോറി കുഴിയിലേക്ക് മറിഞ്ഞു. പാചകവാതക ചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
മുൻകരുതലിന്റെ ഭാഗമായി സമീപത്തെ വീടുകളിൽ നിന്നു ആളുകളെ ഒഴിപ്പിച്ചു. ദേശീയപാതയിൽ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ ഇന്നലെ ഉച്ചയ്ക്കാണ് അപകടം.
മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോകുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.
ദേശീയപാതയിൽ സർവീസ് റോഡിലൂടെ പോകുകയായിരുന്നു ടാങ്കർ ലോറി. പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പെട്ടെന്ന് സ്വകാര്യ ബസ് എതിരെ വരികയായിരുന്നു.
ബസിന് സൈഡ് നൽകാൻ ശ്രമിക്കുന്നതിനിടെയാണ് റോഡരികിലെ കുഴിയിലേക്ക് ടാങ്കർ മറിഞ്ഞതെന്നു ഡ്രൈവർ തമിഴ്നാട് തിരുച്ചി സ്വദേശി സുരേഷ് (37) പറഞ്ഞു. അപകടത്തിൽ സുരേഷിന്റെ വലതുകാലിന് പരുക്കുമേറ്റു. അപകട
വിവരമറിഞ്ഞ ഉടൻ തന്നെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
പരിശോധനയിൽ ചോർച്ചയില്ലെന്നു കണ്ടെത്തിയതോടെയാണ് ആശങ്ക നീങ്ങിയത്.
പിന്നീട് ദേശീയപാതയിലൂടെ തന്നെ വാഹനങ്ങളെ കടത്തിവിട്ടു. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്താൻ പറ്റുമെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും സേഫ്റ്റി ഓഫിസർ സ്ഥലത്തെത്താതെ ഒരു നീക്കവും വേണ്ടെന്ന് പൊലീസ് പറഞ്ഞു.
അഗ്നിരക്ഷാ സേനയും ഈ നിലപാടിനോട് യോജിച്ചു. ഇതോടെ ഡ്രൈവർ മംഗളൂരുവിലെ പ്ലാന്റിൽ വിവരമറിയിച്ചു.
സംഭവം അറിഞ്ഞ ഉടൻ തന്നെ കലക്ടർ കെ.ഇമ്പശേഖർ ഇടപെട്ടു. എച്ച്പി അധികൃതർക്ക് സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എൽപിജി ക്വിക് റെസ്പോസ് ടീം സ്ഥലത്തെത്തി പരിശോധന നടത്തി.
ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തി. ചോർച്ചയില്ലാത്തതിനാൽ ഇന്നു രാവിലെ 9ന് ഖലാസികളുടെ സഹായത്തോടെ ടാങ്കർ ഉയർത്തും.
തഹസിൽദാറും കാസർകോട് ആർഡിഒയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സ്കൂളുകൾക്ക് അവധി
മറിഞ്ഞ ടാങ്കർ ഉയർത്തുന്നതിനാൽ ഇന്നു രാവിലെ 9 മുതൽ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടാങ്കർ നീക്കുന്നത് വരെയാണ് നിയന്ത്രണം. ചോർച്ചയില്ലാത്തതിനാൽ വീടുകളിൽ നിന്നു ആളുകളെ അടിയന്തരമായി ഒഴിപ്പിക്കില്ല.
എന്നാൽ, ഈ സമയം വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ, അടുപ്പ് കത്തിക്കാനോ, പുകവലിക്കാനോ പാടില്ല. ഇന്റവേർട്ടറും ഉപയോഗിക്കരുത്. വാഹനം സ്റ്റാർട്ട് ചെയ്യരുത്.
ചുറ്റുവട്ടത്തെ വൈദ്യുതി ബന്ധം വിഛേദിക്കും. സൗത്ത് മുതൽ ഐങ്ങോത്ത് വരെ (18,19,26 വാർഡുകൾ) പ്രാദേശിക അവധി പ്രഖ്യാപിച്ചു.
സ്കൂളുകൾ, അങ്കണവാടികൾ, കടകൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമായിരിക്കും. രാവിലെ 8 മുതൽ സൗത്ത് മുതൽ പടന്നക്കാട് വരെ ദേശീയപാതയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തും.
മറ്റു വഴികളിലൂടെ വാഹനങ്ങളെ വഴി തിരിച്ചുവിടും. അപകടം നടന്ന സ്ഥലത്ത് വിഡിയോ ചിത്രീകരണവും പാടില്ല.
പൊതുജനങ്ങൾക്കു പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
കാഞ്ഞങ്ങാട് ∙ കൊവ്വൽ സ്റ്റോറിൽ മറിഞ്ഞ ടാങ്കർ ലോറി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 18 ടൺ ഭാരമുള്ള ടാങ്കറാണ് മറിഞ്ഞത്.
ഇന്ന് രാവിലെ 9.30 മുതൽ കാഞ്ഞങ്ങാട് നിന്നു നീലേശ്വരത്തേക്കു വരുന്ന വാഹനങ്ങൾ പുതിയ കോട്ടയിൽ നിന്നു കല്ലൂരാവി വഴി നീലേശ്വരത്തേക്കും പോകണം. നീലേശ്വരത്തു നിന്ന് കാഞ്ഞങ്ങാട്ടേക്കു വരുന്ന വാഹനങ്ങൾ മടിക്കൈ കല്യാൺ റോഡ്, ആലയി വഴി കാഞ്ഞങ്ങാട് എത്തിച്ചേരണം. വലിയ വാഹനങ്ങൾ ആ സമയത്ത് നിർത്തിയിടണം.
പടന്നക്കാട് ഹൈവേ ബ്ലോക്ക് ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]