
ചെറുവത്തൂർ ∙ ദേശീയപാതയിൽ വീരമലക്കുന്നിനു സമീപം കുന്നിടിയുന്ന അപകട ഭീഷണി ഒഴിവാക്കാൻ മഴക്കാലത്തിന് ശേഷം മലയെ തട്ടുകളാക്കി മാറ്റി സുരക്ഷ കവചം ഒരുക്കാൻ തീരുമാനം.
ഇന്നലെ സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റിയുടെ ഉന്നത സംഘമാണ് ഈ നിർദേശം മുന്നിൽ വച്ചത്. നിലവിൽ മണ്ണിടിച്ചിൽ തടയാൻ താൽക്കാലിക മാർഗമെന്ന നിലയിൽ റോഡിൽ കുന്നുകൂടിക്കിടക്കുന്ന മണ്ണുനീക്കി താൽക്കാലിക സുരക്ഷ ഭിത്തി നിർമിക്കുന്നതിനും നിർദേശം നൽകി. ഇരു പണികൾക്കുമായുള്ള രൂപരേഖ ഉടൻ തയാറാക്കും.
കഴിഞ്ഞ ദിവസം ഇവിടെ വൻതോതിൽ കുന്നിടിഞ്ഞ് കാർ അപകടത്തിൽപെട്ടിരുന്നു. തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
വീരമലയിലെ മണ്ണിന്റെ ഘടന വിലയിരുത്തിയ പഠനത്തിനും ഡ്രോൺ വഴി നടത്തിയ പരിശോധനയ്ക്കും ശേഷം ഇവിടെ ഏറ്റവും അനുയോജ്യമായ സംരക്ഷണ പദ്ധതി എന്ന നിലയിലാണ് മലയിൽ തട്ടുകളാക്കി സുരക്ഷാകവചം ഒരുക്കുന്നത്.
ദേശീയപാത ഉന്നത അധികാര സംഘത്തിലെ ഉദ്യോഗസ്ഥരായ ഉമേശ് ഗാർഗേ, ജയശങ്കർ തിവാരി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇന്നലെ സംഭവ സ്ഥലത്ത് എത്തിയത്. കരാർ കമ്പനിയായ മേഘയുടെ സീനിയർ മാനേജർ എസ്.കൊൺഡ റെഡിയുമായി സംഘം ചർച്ച നടത്തി. വീരമലയിലെ മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം മലയെ തട്ടുകളാക്കി സംരക്ഷണ ഭിത്തി തീർക്കുക എന്നതു മാത്രമാണെന്നും മഴ കാലത്ത് ഇതിന്റെ പ്രവൃത്തി നടത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ നിലവിൽ മണ്ണിടിച്ചിൽ വഴി ഉണ്ടായ മണ്ണുനീക്കം ചെയ്ത് നേരത്തെ ഉണ്ടായിരുന്നതു പോലെ സംരക്ഷണ കവചം ഒരുക്കണം എന്നാണ് ഉദ്യോഗസ്ഥ സംഘം നിർദേശിച്ചത്.
നേരത്തെ കലക്ടറുടെ നേതൃത്വത്തിൽ നടന്ന ഡ്രോൺ പരിശോധനയിൽ മലയുടെ മുകളിൽ വിള്ളൽ കണ്ടെത്തിയപ്പോഴും ഇതേ നിർദേശമാണ് ദേശീയപാത അതോറിറ്റി മുന്നോട്ടുവച്ചിരുന്നത്.
ദേശീയപാതയിൽ ഗതാഗതനിയന്ത്രണം തുടരുന്നു
ചെറുവത്തൂർ ∙ വീരമലക്കുന്നിൽ നിന്ന് ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെറുവത്തൂർ, പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നീലേശ്വരത്തു നിന്ന് കോട്ടപ്പുറം-മടക്കര വഴി ചെറുവത്തൂർ ദേശീയപാതയിലെത്തി യാത്ര ചെയ്യണം.
പയ്യന്നൂർ ഭാഗത്തു നിന്ന് നീലേശ്വരം – കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കോത്തായിമുക്ക്-കാങ്കോൽ-ചിമേനി കയ്യൂർ-ചായ്യോത്ത് വഴി നീലേശ്വരം ദേശീയ പാതയിൽ എത്തണം.
ഇതുകൂടാതെ കരിവെള്ളൂർ – പാലക്കുന്ന് വെള്ളച്ചാൽ – ചെമ്പ്രകാനം -കയ്യൂർ – ചായ്യോത്ത് വഴിയും നീലേശ്വരത്ത് എത്തിച്ചേരാം. ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഗതാഗത നിയന്ത്രണം തുടരും.
ദേശീയപാത ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായ റൂട്ടിലൂടെ ഹെവി വാഹനങ്ങളും ലോറികളും മാത്രം പൊലീസ് മേൽനോട്ടത്തിൽ കടത്തിവിടുന്നുണ്ട്. ബസ് അടക്കമുള്ള വാഹനങ്ങൾക്ക് വീരമലക്കുന്ന് റൂട്ടിലൂടെ കടന്നുപോകാൻ അനുമതി നൽകിയിട്ടില്ലെന്ന് കലക്ടർ അറിയിച്ചു.
പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്
ചെറുവത്തൂർ∙ വീരമലയിലെ അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം നാടിന് തന്നെ ആശങ്ക ഉണ്ടാക്കിയിരിക്കുന്ന മണ്ണിടിച്ചിൽ ഉണ്ടായതിന് കാരണക്കാരയാവർക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്.
ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് അപകടം നടന്ന സ്ഥലത്തിന്റെ പരിസരത്ത് ധർണ നടത്തുമെന്ന് നേതൃത്വം അറിയിച്ചു.
ടാങ്കർ ലോറികൾ കുടുങ്ങി
കാഞ്ഞങ്ങാട് ∙ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ ടാങ്കർ ലോറികൾ കുടുങ്ങി. വീരമലക്കുന്നിലെ മണ്ണിടിച്ചിലിനെ തുടർന്നാണ് വലിയ വാഹനങ്ങൾ റോഡിൽ കുടുങ്ങിയത്.
മാവുങ്കാൽ മുതൽ ചെമ്മട്ടംവയൽ വരെയുള്ള ഭാഗത്ത് നിരനിരയായി ലോറികൾ നിർത്തിയിട്ടു. പിന്നീട് വലിയ വാഹനങ്ങൾ ദേശീയപാത വഴി കടത്തിവിട്ടതോടെയാണ് റോഡിലെ കുരുക്കഴിഞ്ഞത്.
കാഞ്ഞങ്ങാട് സബ് കലക്ടർ കസേരയിൽ ആളില്ലാതെ 3 മാസം
കാഞ്ഞങ്ങാട് ∙ ദുരന്തം പതിവാകുമ്പോഴും കാഞ്ഞങ്ങാട് സബ് കലക്ടർ (ആർഡിഒ) കസേര കഴിഞ്ഞ 3 മാസമായി ഒഴിഞ്ഞുകിടക്കുന്നു. സബ് കലക്ടറായിരുന്ന പ്രതീക് ജെയിൻ സ്ഥലം മാറിപ്പോയ ശേഷം പകരം ആരെയും കാഞ്ഞങ്ങാട്ടേക്ക് നിയമിച്ചിട്ടില്ല.
ഡപ്യൂട്ടി കലക്ടറായിരുന്ന ലിപു എസ്.ലോറൻസിന് താൽക്കാലികമായി ആർഡിഒയുടെ അധിക ചുമതല നൽകിയെങ്കിലും ഇദ്ദേഹത്തെയും മാറ്റി.
പകരം കാസർകോട് ആർഡിഒ ബിനു ജോസഫിന് കാഞ്ഞങ്ങാടിന്റെ അധിക ചുമതല നൽകുകയായിരുന്നു. ഇത്തരത്തിൽ ആർഡിഒമാർക്ക് പകരം ചുമതല നൽകുന്നതും അപൂർവമാണ്.
ദേശീയപാതയിൽ വീരമലക്കുന്നിലെ മണ്ണിടിച്ചിൽ, കാഞ്ഞങ്ങാട് ടാങ്കർ ലോറി അപകടം തുടങ്ങിയ ദുരന്തങ്ങൾ നടക്കുമ്പോൾ അടിയന്തരമായി ഇടപെടേണ്ടത് ആർഡിഒ ആണ്. എന്നാൽ, കാസർകോട് നിന്നു ആർഡിഒ എത്തിയാണ് ഇപ്പോൾ വിഷയത്തിൽ ഇടപെടുന്നത്. ഇത് ഇദ്ദേഹത്തിന് ജോലി ഭാരം കൂട്ടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]