കാസർകോട്∙ നഗരത്തിൽ അശ്വിനി നഗറിലെ സ്കിൻ ആൻഡ് കിഡ്സ് കെയർ ക്ലിനിക്കിൽ ഉണ്ടായ തീപിടിത്തത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടം. അബ്ദുല്ല ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഡോ.
ബാലകൃഷ്ണ, ഭാര്യ ഡോ. സുധാ ഭട്ട് എന്നിവരുടെ ക്ലിനിക്കിൽ തിങ്കളാഴ്ച രാത്രി 11.30ന് ആയിരുന്നു തീപിടിത്തം.
പുക ഉയരുന്നത് കണ്ട് സമീപത്തെ ഹോട്ടൽ തൊഴിലാളികൾ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.കാസർകോട് അഗ്നിരക്ഷാസേന സീനിയർ ഓഫിസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് വാഹനം എത്തി ഒരു മണിക്കൂറിനുള്ളിൽ തീ പൂർണമായും കെടുത്തിയതിനാൽ ദുരന്തം ഒഴിവായി.
നാല് മുറികളുള്ള ക്ലിനിക്കിൽ സേന എത്തുമ്പോഴേക്കും ശക്തമായ പുക കാരണം മുറികളിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. പുക നിറഞ്ഞ മുറിയിൽ നിന്ന് സേനയുടെ എക്സ്ഹോസ്റ്റ് ബ്ലോവർ ഫാൻ ഉപയോഗിച്ച് പുക പുറത്തേക്ക് പുറന്തള്ളിയാണ് സേനാംഗങ്ങൾ ബ്രീതിങ് അപ്പാരറ്റസ് സെറ്റ് ധരിച്ച് അകത്ത് കടന്നത്. മുറികളുടെ ഷട്ടർ പൂട്ടുകൾ കട്ടർ ഉപയോഗിച്ച് മുറിച്ചു.
എസി, ഫ്രിജ്, ഫാനുകൾ, കംപ്യൂട്ടറുകൾ, ഫർണിച്ചർ, ക്ലിനിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവ പൂർണമായും കത്തിനശിച്ചിരുന്നു. സേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രിച്ചു.
തീ പടരാൻ സാധ്യതയുള്ള മറ്റു വസ്തുക്കൾ പുറത്തേക്കെത്തിച്ചു.
ഈ കെട്ടിടത്തിൽ ഹോട്ടൽ, ലോഡ്ജ്, പഴക്കട, ജ്വല്ലറി, കംപ്യൂട്ടർ സ്ഥാപനം, ഡെന്റൽ ക്ലിനിക്, ധനകാര്യ സ്ഥാപനം തുടങ്ങി 15 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എസി ഷോർട് സർക്കീറ്റാണ് തീ പിടിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
സേനാംഗങ്ങളായ എം.രമേശ്. ഒ.െക.പ്രജിത്ത്, പി.രാജേഷ്, എസ്.അരുൺകുമാർ, ജിത്തു തോമസ്, എം.എ.വൈശാഖ്, ഹോം ഗാർഡുമാരായ എ.രാജേന്ദ്രൻ, വി.ജി.വിജിത്ത്, കെ.സുമേഷ് എന്നിവർ രക്ഷാ ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നു.
പൊലീസ്, കെഎസ്ഇബി ജീവനക്കാർ, നാട്ടുകാർ എന്നിവരും സഹായിച്ചു. ഇത്രയും വലിയ കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ വേണമെങ്കിലും മിക്ക കെട്ടിടങ്ങളിലും അതില്ല.
ഇതിന് അധികൃതർ നോട്ടിസ് നൽകിയിട്ടുണ്ട്. ഫയർ സംവിധാനം ഉള്ള കെട്ടിടങ്ങളിൽ അവ സമയബന്ധിതമായി പുതുക്കുന്നില്ലെന്നും പരാതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]