
ചെറുവത്തൂർ ∙ ഡ്രോൺ പരിശോധനയിൽ വിള്ളൽ കണ്ടെത്തി മാസങ്ങൾ പിന്നിട്ടിട്ടും സുരക്ഷാ നടപടി ഒരുക്കിയില്ല. വീരമലയിലെ മണ്ണിടിച്ചിൽ വിളിച്ചു വരുത്തിയത്.
ദേശീയപാതയ്ക്ക് വേണ്ടി അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടന്ന വീരമലയിൽ തുടരെത്തുടരെ മണ്ണ് ഇടിഞ്ഞുവീഴുന്നതിനാൽ ഇവിടെ കലക്ടർ ഇടപെട്ട് ഡ്രോൺ പറത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ മലയിൽ വലിയ തോതിൽ വിള്ളൽ വീണതായി കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാവാതിരിക്കാൻ വേണ്ട
നടപടി ഒരുക്കണം എന്ന് കലക്ടർ ബന്ധപ്പെട്ട കരാർ കമ്പനിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് കലക്ടർ പറഞ്ഞത്. പരിശോധനയുടെ ഫലമായി വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ വേണ്ട
നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്നലെ ഉണ്ടായ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ സംഭവസ്ഥലത്ത് എത്തിയ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരോട് നാട്ടുകാർ ഇക്കാര്യം പറഞ്ഞ് രോഷം പ്രകടിപ്പിച്ചു.
നേരത്തെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് മാറിയാണ് ഇപ്പോഴത്തെ മണ്ണിടിച്ചിൽ.
ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വീരമലയുടെ അടിഭാഗം മുഴുവൻ ഇടിഞ്ഞുവീഴുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഇതിനിടയിൽ മലയുടെ അടിവാരത്തു വ്യക്തികളുടെ കയ്യിലുള്ള ഭാഗത്തും നിർബാധം മണ്ണെടുപ്പ് നടക്കുന്നുണ്ട്. ഇതും മലയെ ഇല്ലതാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്.
ദേശീയപാത വികസനത്തിന് വേണ്ടി അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടത്തിയ വീരമലയിൽ ചെറുതും വലുതുമായി രണ്ട് മണ്ണിടിച്ചിലുകൾ നേരത്തെ ഉണ്ടായി.
ഈ സമയം നാട്ടുകാരും ജനപ്രതിനിധികളും ബന്ധപ്പെട്ട കരാറുകാരോട് മണ്ണിടിച്ചിൽ ഒഴിവാക്കാൻ ശക്തമായ സുരക്ഷ വേണം എന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞ മഴക്കാലത്ത് മലയെ നിരീക്ഷിച്ചപ്പോൾ അപകടകരമാകുന്ന തരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ഇത്തവണത്തെ കാലവർഷം കൂടി നിരീക്ഷിച്ച് വേണ്ടത് ചെയ്യാം എന്നുമായിരുന്നു ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ മൂന്നാമതായി ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ സുരക്ഷാഭിത്തി വരെ മണ്ണിന്റെ അടിയിലായി.
കേരളത്തിലെ ദേശീയപാത വികസനം: സൂക്ഷ്മമായി പരിശോധിച്ചെന്ന് മന്ത്രി
ന്യൂഡൽഹി ∙ ദേശീയപാത നിർമാണത്തിൽ കേരളത്തിലുണ്ടായ പിഴവുകൾ സൂക്ഷ്മമായി പരിശോധിച്ചുവെന്നും പരിഹാര നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
പിഴവുകൾക്ക് ഉത്തരവാദികളായവർക്കു നേരെ കർശന അച്ചടക്ക നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടി.
നിർമാണ നിലവാരം ഉറപ്പാക്കാൻ ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (ഐആർസി) നിർദേശിച്ച മാർഗനിർദേശങ്ങളും ആധുനിക സാങ്കേതികവിദ്യകളും പിന്തുടരുമെന്നും തണ്ണീർത്തടങ്ങൾ, അസ്ഥിരമായ മണ്ണ്, തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ കരുതലോടെ മികച്ച നിർമാണ രീതികൾ പിന്തുടരുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
വീരമലക്കുന്നിൽ വീണ്ടും വൻ മണ്ണിടിച്ചിൽ
കാസർകോട് ∙ ദേശീയപാത 66ൽ ചെറുവത്തൂരിനു സമീപം വീരമലക്കുന്നിൽ വൻ മണ്ണിടിച്ചിൽ. മഴയിൽ കുതിർന്ന മലയുടെ 35 മീറ്റർ ഉയരത്തിൽനിന്ന് 60 മീറ്ററോളം ഭാഗത്തെ മണ്ണ് ഉരുൾപൊട്ടൽപോലെ റോഡിലേക്ക് വീഴുകയായിരുന്നു.
അധ്യാപിക സഞ്ചരിച്ച കാറിനു മുകളിലേക്കു മണ്ണ് വീണെങ്കിലും കാർ 4 മീറ്ററോളം തെന്നിമാറിയതിനാൽ ദുരന്തം ഒഴിവായി. റോഡിന്റെ മറുവശത്ത് 6 മീറ്റർ താഴ്ചയുള്ള കുഴിയാണ്.
ബസും ഇരുചക്രവാഹനവും കടന്നുപോയ ഉടനാണ് മണ്ണിടിഞ്ഞത്. രാവിലെ 10.13ന് ആണ് അപകടം.
പടന്നക്കാട് എസ്എൻ ടിടിഐ അധ്യാപിക കാരാട്ടുവയൽ കോവിലകത്ത് വീട്ടിൽ സിന്ധു ഹരീഷാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
സിന്ധു ഒടിച്ച കാർ ഇടിഞ്ഞുവീണ മണ്ണിനൊപ്പം നിരങ്ങിനീങ്ങി ചെളിയിൽ പുതഞ്ഞുനിന്നു. കാർ കുറച്ചുകൂടി തള്ളിപ്പോയിരുന്നെങ്കിൽ വലിയ കുഴിയിലേക്ക് വീഴുമായിരുന്നു. സമീപത്തെ ഹോട്ടലിൽ ഉണ്ടായിരുന്ന മടിക്കൈ സ്വദേശി രൂപേഷ് സിന്ധുവിനെ കാറിൽനിന്ന് പുറത്തെത്തിച്ചു.
ദേശീയപാത നിർമാണ കമ്പനിയുടെ തൊഴിലാളികൾ ഇന്നലെ മഴയായതിനാൽ എത്തിയിരുന്നില്ല. ഇവിടെ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നും ദേശീയപാതയുടെ അലൈൻമെന്റ് മാറ്റണമെന്നും നാട്ടുകാർ കലക്ടറോട് ആവശ്യപ്പെട്ടു. മുൻപ് ഈഭാഗത്ത് പലതവണ മണ്ണിടിഞ്ഞതാണ്. വീരമലക്കുന്നിനു സമീപം മട്ടലായിയിൽ മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]