
നീലേശ്വരം ∙ ‘ഇന്നലെ രാവിലെ കാറോടിച്ച് ചെറുവത്തൂർ വീരമലക്കുന്നിന് സമീപമെത്തിയപ്പോൾ കുന്നിനു മുകളിലേക്കു നോക്കി. കുന്നിനു മുകളിലെ മരത്തിനു ചെറിയൊരു അനക്കമുള്ളതുപോലെ തോന്നി.
കാറിന്റെ വേഗത കുറച്ചു. റോഡിൽ വാഹനങ്ങൾ കുറവായിരുന്നു.
വീണ്ടും കുന്നിനു മുകളിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു.
മലയുടെ ഒരു ഭാഗം മുഴുവൻ തിരമാല പോലെ ഇടിഞ്ഞ് റോഡിലേക്ക് വരുന്നു.’ ചെറുവത്തൂർ വീരലക്കുന്നിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട കാഞ്ഞങ്ങാട് കാരാട്ട് വയൽ സ്വദേശിയും പടന്നക്കാട് എസ്എൻടിടിഐയിലെ ടീച്ചർ എജ്യുക്കേറ്ററുമായ സിന്ധു ഹരീഷിന് ഇപ്പോഴും നെഞ്ചിടിപ്പ് മാറിയിട്ടില്ല.
‘ഷിരൂർ ദുരന്തത്തിനു ശേഷം വീരമലക്കുന്നിനു സമീപത്തെ ദേശീയപാതയിലൂടെ യാത്ര ചെയ്യുമ്പോൾ മല ഇടിയുമോ എന്ന ഭയം എപ്പോഴും മനസ്സിലുണ്ടാവാറുണ്ട്.
ഇന്നലെ രാവിലെ വീരമലക്കുന്നിന് മുൻപിലെത്തിയപ്പോൾ ആ തോന്നലുള്ളതുകൊണ്ടാണ് പതിവുപോലെ കുന്നിനു മുകളിലേക്കു നോക്കിയത്. ഇടിഞ്ഞു വീഴുന്ന മലയുടെ ഒരു ഭാഗം മുഴുവൻ റോഡിലേക്ക് വരുന്നുണ്ട്.
എന്റെ കാറിനു മുകളിലേക്ക് വീഴുമെന്നുറപ്പായിരുന്നു. എതിരെ വാഹനങ്ങൾ ഇല്ലാഞ്ഞതിനാൽ റോഡിന്റെ മറുവശത്തേക്ക് കാർ അടുപ്പിച്ച് എടുക്കാൻ ശ്രമിച്ചു.
അപ്പോഴേക്കും കുന്നിടിഞ്ഞ മണ്ണ് എന്റെ കാറിനു സമീപമെത്തി. 4 മീറ്ററോളം കാർ തെന്നി നീങ്ങി.
കാർ പെട്ടെന്ന് ഓഫാക്കിയത് കൊണ്ട് താഴെയുള്ള കുഴിയിലേക്കു വീണില്ല. ആ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.
തൊട്ടടുത്ത ഹോട്ടലിലെ 2 പേർ വന്നതു കൊണ്ടാണ് കാറിൽ നിന്ന് പുറത്തു കടക്കാൻ ആയത്.’…സിന്ധു പറഞ്ഞു.
കൊടക്കാട് സ്കൂളിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന ടിടിസി വിദ്യാർഥികളുടെ ക്ലാസ് പരിശ ോ ധിക്കാൻ പോവുകയായിരുന്നു സിന്ധു ഹരീഷ്. കാഞ്ഞങ്ങാട് സപ്ന എന്റർപ്രൈസസ് ഉടമയായ വി.വി.ഹരീഷിന്റെ ഭാര്യയാണ്.
അപകടത്തെത്തുടർന്ന് ചെളിയിൽ പുതഞ്ഞ കാർ ഏറെ പണിപ്പെട്ടാണ് കാർ ഷോറൂം അധികൃതരെത്തി മാറ്റിയത്. കാറിന്റെ വിൻഡോ ഗ്ലാസ് അടക്കം തകർന്ന നിലയിലായിരുന്നു.
മറ്റൊരു ഷിരൂർ
മയിച്ച ∙ മണ്ണിടിഞ്ഞ സമയം കുറച്ച് വൈകിയിരുന്നെങ്കിൽ ‘ഷിരൂർ’ ആവർത്തിച്ചേനെ.
കർണാടകയിലെ ഷിരൂരിൽ അപകടത്തിൽപെട്ട അർജുൻ ഭക്ഷണം കഴിക്കാൻ നിർത്തിയിരുന്ന ഹോട്ടൽ പോലെ ഇവിടെയും ഉണ്ട് ഒരു ഹോട്ടൽ.
പുഴമത്സ്യം ലഭിക്കുന്ന ഹോട്ടൽ. അതുകൊണ്ട് തന്നെ ഉച്ചസമയത്ത് ഭക്ഷണം കഴിക്കാൻ ഒട്ടേറെ വാഹനങ്ങൾ ഇന്നലെ അപകടം നടന്ന സ്ഥലത്ത് നിർത്തിയിടും.
ഈ സമയത്താണ് അപകടം നടന്നതെങ്കിൽ അപകടത്തിന്റെ മുഖം മാറ്റൊന്നാകുമായിരുന്നു. അതേസമയം ഹോട്ടലിൽ ഉടമ അരവിന്ദനും ഭാര്യ രമ്യയും രമ്യയുടെ സഹോദരൻ രൂപേഷും ഉണ്ടായിരുന്നു.
ഇവർ ശബ്ദം കേട്ട് പുറത്തേക്ക് ഓടി. ഇതിനിടയിലാണ് അപകടത്തിൽപെട്ട
കാർ രൂപേഷ് കാണുന്നത്. ഇയാൾ ഓടി എത്തിയാണ് കാറിൽ ഉണ്ടായിരുന്ന അധ്യാപിക സിന്ധുവിനെ പുറത്തെത്തിച്ചത്.
ഇനിയും ഇടിഞ്ഞേക്കാം; ഉന്നതതലയോഗം വിളിക്കാൻ മന്ത്രിയുടെ നിർദേശം
മയിച്ച ∙ അടർന്നുവീഴാൻ ഒരുങ്ങിനിൽക്കുന്നത് കൂറ്റൻ പാറകൾ.
വീരമലയിൽ ഇനിയും മണ്ണിടിയാൻ സാധ്യത. ദേശീയപാത അതോറിറ്റി അധികൃതരുടെ ഉന്നതതല യോഗം വിളിച്ചുചേർക്കാൻ മന്ത്രിയുടെ നിർദേശം.
വീരമലയിലെ അപകടാവസ്ഥയുടെ ഗൗരവം എം.രാജഗോപാലൻ എംഎൽഎ ഇന്നലെ മന്ത്രിയെ നേരിട്ടു വിളിച്ചറിയിച്ച സാഹചര്യത്തിലാണ് യോഗം വിളിക്കാൻ നിർദേശിച്ചത്. ഇന്നലെ രാവിലെ ദേശീയപാതയിലേക്ക് പൊട്ടിവീണത് വലിയ പാറകൾ അടക്കമുള്ള മണ്ണാണ്.
ഭീതി മാറാതെ തൊഴിലാളികൾ
മയിച്ച ∙ മഴ ഇല്ലെങ്കിൽ പണിക്ക് വരുമായിരുന്നു.
അങ്ങനെ വന്നാൽ നമ്മളുടെ ജീവൻ പോയേനെ…. കഷ്ടിച്ച അറിയുന്ന മലയാളത്തിൽ ഇതരസംസ്ഥാന തൊഴിലാളികളായ ജവേതും ദിയാനും ഇത് പറയുമ്പോൾ അവരുടെ മുഖത്തെ ഭീതി വിട്ടുമാറിയിരുന്നില്ല.
കാരണം കഴിഞ്ഞ ദിവസം വരെ അവർ പണിയെടുത്ത സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നലെയും അവിടെ പണി ഉണ്ടായിരുന്നു എന്നാൽ മഴ ശക്തമായതിനാൽ പണിക്ക് വന്നില്ല.
വന്നിരുന്നെങ്കിൽ നാല് പേരെങ്കിലും മണ്ണിന് അടിയിൽപെടുമായിരുന്നു.
ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
∙ പുതിയ അറിയിപ്പ് നൽകുന്നത് വരെ ദേശീയപാതയിൽ ചെറുവത്തൂർ മുതൽ നീലേശ്വരം വരെ വാഹനഗതാഗതം നിരോധിച്ചു. ബസ് അടക്കം കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ചെറുവത്തൂർ, പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അച്ചാംതുരുത്തി–കോട്ടപ്പുറം പാലം വഴി ചെറുവത്തൂരിലേക്കും പടന്ന വഴി പയ്യന്നൂരിലേക്കും പോകണം.
പയ്യന്നൂർ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ട്, നീലേശ്വരം എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കോത്തായി മുക്ക് വഴി ചീമേനിയിലെത്തി ചായ്യോത്തിലൂടെ കാഞ്ഞങ്ങാട്ടേക്കും നീലേശ്വരത്തേക്കും പോകണം. കരിവെള്ളൂർ പാലക്കുന്ന് വഴി കയ്യൂരിലേത്തി ചായ്യോത്ത് വഴിയും കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലേക്കും പോകാം.
ഭാരവാഹനങ്ങൾ മാത്രം മണ്ണുനീക്കിയ ശേഷം ഇന്നലെ രാത്രി മുതൽ ഒറ്റവരിയായി കടത്തിവിടുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]