പെരിയ ∙ ജില്ലയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഇപ്പോൾ കാൽപന്തുകളിയുടെ ആവേശമാണ്. കളിമൈതാനങ്ങൾ ഇപ്പോൾ ഫ്ലഡ്ലിറ്റ് വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്നു.
വടക്കൻ മലബാറിന്റെ, പ്രത്യേകിച്ച് കാസർകോടിന്റെ മണ്ണിൽ സെവൻസ് ഫുട്ബോൾ വെറുമൊരു കായികവിനോദം മാത്രമല്ല, വികാരവും ഉത്സവവും കൂടിയാണ്.
നാടിനെ ഉണർത്തി കളിയുത്സവം
നവംബർ മുതൽ മേയ് വരെ നീണ്ടുനിൽക്കുന്ന സെവൻസ് ഫുട്ബോൾ സീസൺ ജില്ലയ്ക്ക് ആവേശമാണ്. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ, പടന്ന, പള്ളിക്കര, ബേക്കൽ, മേൽപറമ്പ്, മൊഗ്രാൽ, ഉപ്പള തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പ്രാദേശിക ഉത്സവമാണ്.
സാധാരണക്കാർ മുതൽ പ്രവാസികൾ വരെ ആവേശത്തോടെ അണിനിരക്കുന്നു.
ആഫ്രിക്കൻ കരുത്തും പ്രാദേശിക പ്രതിഭകളും
സെവൻസ് മൈതാനങ്ങളിലെ പ്രധാന ആകർഷണം വിദേശ താരങ്ങളാണ്. സൂഡാൻ, ഐവറി കോസ്റ്റ്, നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ സ്വന്തം നാട്ടിൽ പന്തുതട്ടുന്നത് കാണാൻ ആയിരങ്ങളാണ് എത്തുന്നത്.
അവരോടൊപ്പംതന്നെ പൊരുതി നിൽക്കുന്ന തദ്ദേശീയ യുവതാരങ്ങൾക്കും വലിയ കൈയടിയാണ് ലഭിക്കുന്നത്. സന്തോഷ് ട്രോഫി–ഐ ലീഗ് താരങ്ങളെ വരെ മൈതാനങ്ങളിൽ കാണാം.
സെവൻസ് ടൂർണമെന്റുകൾ വെറുമൊരു കളി മാത്രമല്ല, ജില്ലയുടെ ഒരു സമാന്തര സമ്പദ്വ്യവസ്ഥയെ തന്നെ ഇത് ചലിപ്പിക്കുന്നു. മൈതാനത്തിന് പുറത്ത് ചായക്കടകൾ, ഭക്ഷണശാലകൾ എന്നിവയ്ക്ക് വലിയ വരുമാന മാർഗമാണ്.
ഗാലറി നിർമാണം, ലൈറ്റ് ആൻഡ് സൗണ്ട് മേഖലകളിലും തൊഴിലവസരം തുറക്കുന്നു.
സംസ്ഥാനത്ത് ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളിൽ ഭൂരിഭാഗവും വളർന്നുവന്നത് സെവൻസ് ഫുട്ബോളിലൂടെയാണ്. ഗ്രാമങ്ങളിലെ കളിയാവേശത്തിനൊപ്പം ഒട്ടേറെ യുവപ്രതിഭകളും ഇത്തരം ടൂർണമെന്റുകളുടെ സംഭാവനയാണ്.
പി.എം.എ.റഹ്മാൻ പള്ളിക്കര, പ്രസിഡന്റ്, ജില്ലാ സെവൻസ് ഫുട്ബോൾ അസോസിയേഷൻ
കാരുണ്യ പ്രവർത്തനങ്ങൾ
മിക്ക ടൂർണമെന്റുകളും കാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കാനാണ് നടത്തുന്നത്.
ചികിത്സാ സഹായത്തിനും നിർധനരെ സഹായിക്കാനും ടൂർണമെന്റ് കമ്മിറ്റികൾ മുൻഗണന നൽകുന്നു. കാസർകോട്ടെ സെവൻസ് ഫുട്ബോളിന്റെ നട്ടെല്ല് പ്രവാസി സമൂഹമാണ്.
പ്രവാസി സംഘടനകൾ ഗൾഫ് രാജ്യങ്ങളിലിരുന്ന് തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ സ്പോൺസർ ചെയ്യുന്നതും മത്സരങ്ങൾ ഓൺലൈൻ സ്ട്രീമിങ് വഴി തത്സമയം കാണുന്നതും ജില്ലയുടെ സെവൻസ് പെരുമ കടൽകടത്തുന്നു.
പ്രധാന ടീമുകളും ടൂർണമെന്റുകളും
ജില്ലയിലെ പ്രമുഖ സെവൻസ് ടൂർണമെന്റുകളിൽ പലതും സെവൻസ് ഫുട്ബോൾ അസോസിയേഷൻ (എസ്എഫ്എ) അംഗീകാരത്തോടെയാണ് നടക്കുന്നത്.
അസോസിയേഷൻ അംഗീകാരമുള്ള സംസ്ഥാനത്തെ 18 സെവൻസ് ടീമുകളിൽ ജില്ലയിൽനിന്ന് ഹീറോസ് പടന്ന, എഫ്സി തൃക്കരിപ്പൂർ, മൊഗ്രാൽ ബ്രദേഴ്സ്, സിറ്റിസൻ ഉപ്പള തുടങ്ങിയ ടീമുകളുണ്ടെന്നത് ജില്ലയിലെ സെവൻസ് പ്രാധാന്യം വിളിച്ചോതുന്നു. തൃക്കരിപ്പൂർ ബീരിച്ചേരിയിൽ ഈയിടെ സമാപിച്ച സെവൻസ് ടൂർണമെന്റിന് ആയിരക്കണക്കിനു ഫുട്ബോൾ പ്രേമികളാണ് ഒഴുകിയെത്തിയത്.
വിദേശതാരങ്ങളെ കൊണ്ടുവന്നാൽ ടൂർണമെന്റിന് കാണികൾ കൂടും.
പക്ഷേ പ്രാദേശിക താരങ്ങളുടെ മൂല്യം കുറയും. നാട്ടിൽ നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ നാട്ടിലെ പ്രതിഭകളുടെ വളർച്ചയ്ക്കുകൂടി പ്രയോജനപ്പെടണം.
സാജിദ് മവ്വൽ, ചെയർമാൻ, മവ്വൽ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
ഏപ്രിലിൽ കാഞ്ഞങ്ങാട് അതിഞ്ഞാൽ അരയാൽ ബ്രദേഴ്സിന്റെ നേതൃത്വത്തിലും എൻഎ ട്രോഫിക്കായി കീഴൂരിലും മേയിൽ ഉപ്പളയിലും സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നുണ്ട്.
ഈ വർഷം ഡിസംബറിൽ ചിത്താരി ഹസീന ക്ലബ്ബും ടൗൺ ടീം തൃക്കരിപ്പൂരിന്റെ നേതൃത്വത്തിലും സെവൻസ് ടൂർണമെന്റുകൾ നടക്കും. 19 ടീമുകളെ വച്ച് 20 കളികളാണ് എസ്എഫ്എ അംഗീകൃത സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ നടക്കുന്നത്.
കൂടാതെ ഗ്രാമപ്രദേശങ്ങളിലെ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ചെറിയ സെവൻസ് ടൂർണമെന്റുകളിൽപോലും മത്സരാവേശവും കാണികളുടെ ആവേശവും ഒട്ടും കുറവല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

