കാസർകോട് ∙ നവരാത്രി ഉത്സവത്തിനു ദീപംതെളിഞ്ഞു. വാദ്യമേളത്തിനൊപ്പം ആടിയും നൃത്തംവച്ചും ചാടിയും പുലിക്കളി ഉൾപ്പെടെയുള്ള നവരാത്രി വേഷങ്ങൾ ഇറങ്ങാൻ ഒരുങ്ങുന്നു.
ഇവ കൂട്ടമായും തനിച്ചും ഇറങ്ങി നഗരത്തിന് ആഘോഷ പൊലിമ പകരും. വിവിധ ധാർമിക, കലാസാംസ്കാരിക പരിപാടികളോടെ ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ സമാപിക്കുന്ന നവരാത്രി ഉത്സവത്തിനു ഭക്തിസാന്ദ്രമായ പരിപാടികളോടെയാണ് തുടക്കമായത്.
ആദിപരാശക്തിയുടെ വിവിധ ഭാവങ്ങൾ ആരാധിച്ച് ഉപാസന നടത്തി ദേവിപ്രീതി തേടാൻ ക്ഷേത്രങ്ങളിൽ നാനാഭാഗങ്ങളിൽനിന്നുള്ള ഭക്തജനങ്ങൾ വന്നുതുടങ്ങി.
ദേവീ ക്ഷേത്രങ്ങളിലും തറവാട് ക്ഷേത്രങ്ങളിലും ദിവസവും ആയിരങ്ങൾക്ക് പായസം സഹിതമുള്ള പ്രസാദഭോജനം നൽകാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തറവാട് വീട്ടിൽനിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് നടത്തിയതോടെയാണ് കൊറക്കോട് ആര്യ കാത്ത്യായിനി മഹാദേവി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കംകുറിച്ചത്. ഉച്ചില പത്മനാഭ തന്ത്രിയുടെ കാർമികത്വത്തിൽ ചണ്ഡികാഹോമം, മഹാപൂജ, അന്നദാനം, ഭജന, ദർശനം തുടങ്ങിയവ നടന്നു.
പുലിക്കുന്ന് ജഗദംബ ക്ഷേത്രത്തിൽ രാവിലെ ഗണപതി ഹോമത്തോടെയാണ് നവരാത്രി ഉത്സവത്തിനു തുടക്കംകുറിച്ചത്.
പൂജ, ഭജന, മഹാപൂജ, അന്നദാനം, ദീപാരാധന, ദുർഗാപൂജ എന്നിവ നടന്നു. ചട്ടഞ്ചാൽ മഹാലക്ഷ്മിപുരം മഹിഷമർദിനി ക്ഷേത്രം കനകവളപ്പ് ധർമശാസ്താക്ഷേത്രത്തിൽ രാവിലെ ഗണപതി ഹോമത്തോടെ തുടങ്ങി.
നവരാത്രി വിളക്ക് വയ്ക്കൽ, കലവറ നിറയ്ക്കൽ, ഭജന എന്നിവ ഉണ്ടായി. ദിവസേനയുള്ള നവരാത്രി സംഗീത ഉത്സവത്തിനു തന്ത്രി ഉളിയ വിഷ്ണു ആസ്രയുടെ കാർമികത്വത്തിൽ ദീപംതെളിച്ചു.
സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം സമിതി പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ അധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരികളായ ഡോ.
അനന്ത കാമത്ത്, എ.ഗോപിനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. ഉദയശങ്കർ കാഞ്ഞങ്ങാട്, നവനീത് കൃഷ്ണൻ, രഞ്ജിത് റാം വെള്ളിക്കോത്ത് സംഘത്തിന്റെ സംഗീത കച്ചേരി, ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര, മുണ്ടോൾ പന്നിക്കൽ പ്രാദേശിക സമിതിയുടെ നൃത്തനിശ തുടങ്ങിയവ ഉണ്ടായി.
അണങ്കൂർ ശാരദാംബ ഭജന മന്ദിരത്തിൽ രാവിലെ ഗണപതി ഹോമത്തോടെ തുടങ്ങി.
ശാരദാംബ മാതൃസമിതിയുടെ ഭജന, മഹാപൂജ, നാട്യാർച്ചന, ഇച്ചിലമ്പാടി ദർബാർകട്ടെ മുണ്ടപ്പള്ള രാജരാജേശ്വരി ക്ഷേത്രത്തിൽ ദേലംപാടി ഗണേഷ് തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, അഭിഷേകം, ദേവി മാഹാത്മ്യം പാരായണം, ഭജന സങ്കീർത്തനം, യക്ഷഗാന താള മദ്ദളം, കാർത്തിക പൂജ, അലങ്കാര പൂജ, മഹാപൂജ, തായത്തൊട്ടി ദുർഗാപരമേശ്വരി ക്ഷേത്രത്തിൽ ഗണപതി ഹോമം, സ്വാമി തത്വാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ദേവി മാഹാത്മ്യം പാരായണം, സന്ധ്യാ ദീപം, ഭജന, അലങ്കാര പൂജ, ആദൂർ ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം, ഭണ്ഡാര ചാവടിയിൽ നിന്നു ക്ഷേത്രത്തിലേക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, ദീപാരാധന, ഭജന, മഹാപൂജ, അന്നദാനം, കളനാട് കാളികാദേവി ക്ഷേത്രത്തിൽ ഗണപതി ഹോമം, സന്ധ്യാ ദീപം, ഭജന തുടങ്ങിയ ചടങ്ങുകളോടെയാണ് തുടക്കം കുറിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]