
ചെമ്മനാട്∙ അപകടങ്ങൾ ഏറെയായിട്ടും അധികൃതർ അനങ്ങിയില്ല, ഒടുവിൽ അപകടക്കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ച് ചെമ്മനാട് കൂട്ടായ്മ പ്രവർത്തകർ. ജില്ലയിൽ ഏറെ തിരക്കേറിയ കാസർകോട്– കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചെമ്മനാട് മുണ്ടാങ്കുലത്താണു പാടേ തകർന്ന പാതയിലെ കുഴികൾ താൽക്കാലികമായി അടച്ച് കൂട്ടായ്മ പ്രവർത്തകർ നാടിന്റെ കയ്യടി നേടിയത്.
റോഡിൽ കെട്ടിക്കിടന്ന ചെളി നീക്കാൻ വെള്ളം ചീറ്റുന്നതിന് കാസർകോട് അഗ്നിരക്ഷാസേനയുടെ സഹായവും ഉണ്ടായി. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ കുഴി അടയ്ക്കൽ പ്രവൃത്തി വൈകിട്ടു വരെ നീണ്ടു.
പിന്നീട് കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഉറയ്ക്കുംവരെ ഇതിലൂടെ വാഹനങ്ങൾ പോകാതിരിക്കാൻ കൂട്ടായ്മ പ്രവർത്തകർ ഏറെ വൈകിയും കാവൽ നിന്നു.
ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിനു സമീപം ഉദുമ ഭാഗത്തേക്കുള്ള പാതയിലാണ് ഏറെ കുഴിയുള്ളത്. ഒരാഴ്ച മുൻപ് ഇവിടെയുള്ള കുഴികൾ താൽക്കാലികമായി നാട്ടുകാർ ജില്ലി പൊടിയിട്ട് അടച്ചിരുന്നു.
എന്നാൽ ശക്തമായ മഴയിൽ ജില്ലിപൊടി പോയതോടെയാണ് വീണ്ടും കുഴിയായത്.ചെമ്മനാട് കൂട്ടായ്മ ചെയർമാൻ സി.എ.അബ്ദുൽ റഹീം, സെക്രട്ടറി ബി.എച്ച്.അബ്ദുൽഖാദർ, ട്രഷറർ ഷാജഹാൻ ആലിച്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എ.ബദറുൽ മുനീർ, ചെമ്മനാട് പഞ്ചായത്ത് അംഗം അമീർ പാലോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുഴി അടയ്ക്കൽ ശ്രമദാന പ്രവൃത്തികൾക്കു നേതൃത്വം നൽകിയത്.
മുട്ടോളം ആഴമുള്ള കുഴിയിൽ നിന്നു ചെളിനീക്കിയതിനു ശേഷം ചെറിയ ജില്ലിയും സിമന്റും പൂഴിയും ചേർത്ത മിശ്രിതം ഉപയോഗിച്ച് അടച്ചു. ഇതിനു ചെലവായ തുക അംഗങ്ങൾ തന്നെയാണ് കണ്ടെത്തിയത്.
ശ്രമമദാന പ്രവൃത്തിക്കിടെ ഒരു ഭാഗത്ത് കൂടി വാഹനം നിയന്ത്രിച്ചതും ഇവർ തന്നെ. ഈ പാതയുടെ അറ്റകുറ്റപ്പണികൾക്കായി 38 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. മഴയ്ക്കു ശമനം ഉണ്ടാകുന്നതോടെ നിർമാണപ്രവൃത്തി നടത്തുമെന്നാണു സൊസൈറ്റി അധികൃതർ മരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]