കാസർകോട് ∙ നിരോധിത നോട്ട് ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണത്തിനിടെ പ്രതിയുടെ വീട്ടിൽനിന്ന് 50 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടെണ്ണുന്ന യന്ത്രവും പിടികൂടി. ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ.
വിജയന്റെ (55) ചെർക്കള കോലാച്ചിയടുക്കത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2000, 1000 രൂപകളുടെ 26,000 കള്ളനോട്ടുകളാണു പൊലീസ് കണ്ടെത്തിയത്. 2000, 1000 രൂപകളുടെ കളർ പ്രിന്റും റിസർവ് ബാങ്ക് പിൻവലിച്ച 500 രൂപയുടെ നോട്ടുകളുമാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതെന്ന് ഇൻസ്പെക്ടർ പി.നളിനാക്ഷൻ, എസ്ഐമാരായ കെ.അജിത, കെ.രാജീവൻ എന്നിവർ അറിയിച്ചു.
അന്വേഷണത്തിന് നേതൃത്വം നൽകുന്ന കാസർകോട് ടൗൺ എസ്ഐ കെ. രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ 18നു ഉച്ചയ്ക്ക് മേൽപറമ്പ വള്ളിയോട്ടെ മുഹമ്മദ് ഹനീഫയെ തട്ടിക്കൊണ്ടുപോയതിനെ തുടർന്നുള്ള സംഭവങ്ങളാണ് വർഷങ്ങളായി രഹസ്യമായി നടത്തിയ നിരോധിത നോട്ടിടപാടുകളുമായി ബന്ധപ്പെട്ടുള്ള കണ്ണികളെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് എത്തിച്ചത്.വള്ളിയോട്ടെ മുഹമ്മദ് ഹനീഫയെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ ആന്ധ്രപ്രദേശ് ചെന്നറെഡ്ഡിപ്പള്ളിയിലെ സിദ്ധാന ഓംകാർ (25) ഗംഗനപ്പള്ളി സ്വദേശി മാരുതി പ്രസാദ് റെഡഡി (33) കടപ്പയിലെ എ.ശ്രീനാഥ് (26) പ്രിഥ്വിരാജ് റെഡ്ഡി (31) എന്നിവരാണ് അറസ്റ്റിലായത്.
സിദ്ധാന ഓംകാറിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഏഴര ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പാലക്കുന്ന് കോട്ടപ്പാറയിലെ എം.ഷെരീഫ് (44) ചെർക്കള ബേവിഞ്ചയിലെ ബി.നൂറുദ്ദീൻ (42) ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ.വിജയൻ, വള്ളിയോട്ടെ മുഹമ്മദ് ഹനീഫ (36) എന്നിവരും അറസ്റ്റിലായിരുന്നു.
ഈ രണ്ടു സംഘവും നിരോധിത നോട്ട് വെളുപ്പിക്കുന്ന സംഘാംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു.
സിദ്ധാന ഓംകാറിനെ കഴിഞ്ഞ 15നു തടങ്കലിൽ പാർപ്പിച്ച പള്ളിക്കരയിലെ സ്വകാര്യ ലോഡ്ജിൽ പൊലീസ് പരിശോധന നടത്തി. നോട്ടിടപാട് നടത്താൻ പ്രതികൾ തീരുമാനിച്ചിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തിയ പൊലീസ് അറസ്റ്റിലായ സിദ്ധാന ഓംകാർ ഇവിടെ താമസിച്ചതിനുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇതിനകം കേസുമായി ബന്ധപ്പെട്ട
പരമാവധി തെളിവുകൾ ശേഖരിക്കാനും ആവശ്യമെങ്കിൽ കസ്റ്റഡി കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ നൽകാനും പൊലീസ് ആലോചിക്കുന്നുണ്ട്. 2 കോടിയുടെ നിരോധിത നോട്ടുകൾ സംഘത്തിനു കൈമാറിയാൽ പ്രതിഫലമായി ഒരുകോടി രൂപ കിട്ടുമെന്നാണ് പ്രതികളുടെ മൊഴിയെന്നു പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

