ബേക്കൽ∙ ബേക്കൽകോട്ടയെന്നാൽ അധികാരത്തിന്റെയും വീര്യത്തിന്റെയും പ്രതീകമായിരുന്നു 1995 വരെ. അതു തിരുത്തിയെഴുതിയത് ഒരൊറ്റ സിനിമയും.
ബോംബെ സിനിമ റിലീസ് ചെയ്ത ശേഷം ബേക്കൽ കോട്ട പ്രണയത്തിന്റെ പര്യായമായി.
ബേക്കലിന് പുതിയ നിർവചനമൊരുക്കിയ സംവിധായകനും നടിയും ഛായാഗ്രാഹകനും 30 വർഷത്തിനു ശേഷം വീണ്ടും അതേ സ്ഥലത്തേക്കെത്തിയപ്പോൾ കോട്ടയിലെ കാറ്റുപോലും പാടി..‘ഉയിരേ , ഉയിരേ..’.. ആ കാറ്റിൽ ഓർമകളിൽ ലയിച്ച് മണിരത്നവും മനീഷ കൊയ്രാളയും രാജീവ് മേനോനും.
ബോംബെ സിനിമയുടെ 30ാം വാർഷികത്തിന്റെ ഭാഗമായി ടൂറിസം വകുപ്പും ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷനും ചേർന്നാണ് ബേക്കലിൽ ആഘോഷപരിപാടി സംഘടിപ്പിച്ചത്.
സിനിമയിലെ ‘ഉയിരേ ഉയിരേ..’എന്ന ഗാനം ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലായിരുന്നു. രണ്ടു ദിവസം മുൻപ് തന്നെ മനീഷ കൊയ്രാള കാസർകോടെത്തിയിരുന്നു.
തലേദിവസം രാത്രിയാണ് മണിരത്നം എത്തിയത്. ഇരുവരും മംഗളൂരുവിൽ വിമാനമിറങ്ങി റോഡുമാർഗം ബേക്കലിലെത്തി.
മനീഷയ്ക്ക് ബേക്കൽ ഗേറ്റ്വേ ഹോട്ടലിലും മണിരത്നത്തിന് താജ് ഹോട്ടലിലുമാണ് താമസമൊരുക്കിയത്.
ഇന്നലെ രാവിലെ 8ന് മൂന്നുപേരും കോട്ട സന്ദർശനത്തിനെത്തി.
കോട്ടയിലൂടെ നടന്ന് പാട്ട് ചിത്രീകരണം നടന്ന കൊത്തളത്തിലെത്തി. സ്വീകരിക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസുമുണ്ടായിരുന്നു.
മണിരത്നവും മനീഷയും രാജീവും അന്നത്തെ ഷൂട്ടിങ് ഓർമകൾ പങ്കുവച്ചു.സിനിമയുടെ പ്രധാന ആകർഷണമായിരുന്നു ആ പാട്ടെന്നും പാട്ടിലെ മനോഹരമായ വരികളും സംഗീതവും ബേക്കലിന്റെ ഭംഗിയും സിനിമ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയ പ്രധാന ഘടകമാണെന്നും മണിരത്നം പറഞ്ഞു.
‘എന്റെ ഫേവറിറ്റ് ലൊക്കേഷനുകളിൾ ഉൾപ്പെട്ടതാണ് കേരളം. കേരളം ഗോഡ്സ് ഓൺ കൺട്രി മാത്രമല്ല, ഗോഡ്സ് ഓൺ ലൊക്കേഷൻ കൂടിയാണ്.
ഫിലിം മേക്കേഴ്സിനു വേണ്ടതെല്ലാം ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. ഇവിടേക്ക് വീണ്ടും വരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
അന്നു കണ്ട സ്ഥലങ്ങളൊക്കെ ഏറെ മാറിയിരിക്കുന്നു.
30 വർഷങ്ങൾകൊണ്ടുള്ള മാറ്റങ്ങൾ ഏറെയാണ്. പക്ഷേ ഈ സ്ഥലത്തിന്റെ ഭംഗിയും ഇഷ്ടവും ഇപ്പോഴും അതേ പോലെ നിലനിൽക്കുന്നു.ഛായാഗ്രാഹകൻ രാജീവ് മേനോനാണ് തന്നെ ബേക്കൽ കോട്ട
പരിചയപ്പെടുത്തിയത്’– മണിരത്നം പറഞ്ഞു.
ഇങ്ങനെയൊരു മഹത്തായ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് മനീഷ കൊയ്രാള പറഞ്ഞു. ‘30 വർഷം കഴിഞ്ഞും ഈ സിനിമയുടെ പേരിൽ ഞാൻ ഏറെ സ്നേഹിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട്.
ഈ ഓർമ ഞാൻ എക്കാലവും കൊണ്ടു നടക്കും.’–മനീഷ പറഞ്ഞു.ഒരു പരസ്യ ചിത്രീകരണത്തിനു വേണ്ടിയാണ് താൻ ആദ്യമായി ബേക്കൽ കോട്ടയെ ആലോചിച്ചതെന്ന് ഛായാഗ്രാഹകൻ രാജീവ് മേനോൻ പറഞ്ഞു. ‘ഞങ്ങൾ വന്ന ദിവസം ശക്തമായ മഴയായിരുന്നു.
ഒരു ദിവസം ഞങ്ങളുടെ യൂണിറ്റ് മുഴുവൻ ഹോട്ടലിൽ തന്നെ തങ്ങി.
കോട്ടയുടെ കൊത്തളങ്ങൾക്കു മുകളിലാണ് ആദ്യ ദിവസത്തെ ചിത്രീകരണങ്ങൾ നടന്നത്. മഴ കാരണം ചിത്രീകരണം ഏറെ പ്രയാസകരമായിരുന്നു.
സൂര്യന്റെ വെളിച്ചം പ്രതിബന്ധമാകാതിരിക്കാൻ കടലിന് മുഖാമുഖമായി വരുന്ന ദൃശ്യങ്ങൾ രാവിലെ തന്നെ ചിത്രീകരിച്ചിരുന്നു. ബേക്കൽ കോട്ടയുടെ ഭംഗിക്കൊപ്പം എ.ആർ.റഹ്മാന്റെ സംഗീതവും കാവ്യാത്മകമായ വരികളും പ്രേക്ഷക മനസ്സിൽ ഇടം നേടി’– രാജീവ് മേനോൻ പറഞ്ഞു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.ഷിജിൻ തുടങ്ങിയവർ പങ്കെടുത്തു.
ബിആർഡിസിയുടെ 30ാം വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് ചലച്ചിത്ര പ്രതിഭകളുടെ സംഗമം നടന്നത്. വൈകിട്ട് ബേക്കൽ ബീച്ച് പാർക്കിൽ മൂന്നു പേർക്കും സ്വീകരണമൊരുക്കി.
ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. മനീഷ 3 ദിവസം കൂടി ബേക്കലിലുണ്ടാവും.
മരങ്ങൾ ബേക്കൽ കോട്ടയുടെ ഭംഗി മറയ്ക്കരുത്: മണിരത്നം
ബേക്കൽ∙ ബേക്കൽ കോട്ടയുടെ ഭംഗിയും കാഴ്ചയും മറയ്ക്കുന്ന രീതിയിൽ മരങ്ങൾ വച്ചു പിടിപ്പിക്കരുതെന്ന് സംവിധായകൻ മണിരത്നം.
കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കണം. കോട്ടയുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ മരങ്ങൾ വളർന്നു നിൽക്കുന്നത് വെട്ടിയൊതുക്കണം. പുറത്തുനിന്നും അകത്തു നിന്നും കോട്ടയുടെ ഭംഗി തടസ്സപ്പെടുത്തുന്ന മരങ്ങൾ ഒഴിവാക്കണം.
ഇക്കാര്യത്തിൽ കേന്ദ്ര ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കോട്ടയുടെ ഭംഗി അതേപോലെ തന്നെ എക്കാലവും സൂക്ഷിക്കപ്പെടേണ്ടതുണ്ട്.– മണിരത്നം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

