തൃക്കരിപ്പൂർ ∙ സിനിമയിൽ സജീവമാകുന്നതിനു മുൻപ് നാടകപ്പുരയുമായി തൃക്കരിപ്പൂരിൽ ചുറ്റിത്തിരിഞ്ഞ ഒരുകാലമുണ്ട് നടൻ ശ്രീനിവാസന്. 1970 കാലം.
തൃക്കരിപ്പൂർ കേന്ദ്രമാക്കി രൂപീകരിച്ച ‘ഘനശ്യാമ’ നാടക സംഘം അതിന്റെ ഭാഗമായിരുന്നു. തലശ്ശേരിയിലെ രവീന്ദ്രനാഥ് കൊങ്ങാറ്റയിലൂടെയാണ് ശ്രീനിവാസന്റെ ഈ നാട്ടിലേക്കുള്ള വരവ്.
നാടകത്തോട് അഭേദ്യ ബന്ധം പുലർത്തിയ രവീന്ദ്രനാഥ് ഒരർഥത്തിൽ ശ്രീനിവാസന്റെ സിനിമാ രംഗത്തേക്കുള്ള ’സ്പോൺസർ’ ആയിരുന്നു.
രവീന്ദ്രനാഥിന്റെ നാടകത്തിൽ സഹസംവിധായകനും അഭിനേതാവുമായിരുന്നു ശ്രീനിവാസൻ. തൃക്കരിപ്പൂരിലെത്തിയതോടെ നാടകം സ്വന്തം നിലയിൽ സംവിധാനം ചെയ്തു തുടങ്ങി.
കോൺഗ്രസ് അനുഭാവികളുടെ സാംസ്കാരിക സംഘടനയായ തൃക്കരിപ്പൂർ ദേശീയ കലാവേദി ശ്രീനിവാസന്റെ ഇടത്താവളമായി. നാടക റിഹേഴ്സൽ കഴിഞ്ഞാൽ ദേശീയ കലാവേദിയുടെ തറയിൽ ഒറ്റപ്പായയിൽ ശ്രീനിവാസൻ കിടന്നുറങ്ങും.
കോൺഗ്രസ് നേതാവും പിന്നീട് എൻസിപിയുടെ സംസ്ഥാന നേതാവുമായിരുന്ന റിട്ട. പ്രധാനാധ്യാപകൻ പരേതനായ പി.പി.കുഞ്ഞിരാമനാണ് അക്കാലത്ത് ദേശീയ കലാവേദിയുടെ പ്രസിഡന്റ്.
കമ്യൂണിസ്റ്റ് ഗ്രാമമായ പാട്യത്തുനിന്നുള്ള ഉറച്ച കമ്യൂണിസ്റ്റ് അനുഭാവി കോൺഗ്രസിന്റെ നെഹ്റു ചിന്തകളിലേക്ക് ഉൗർന്നിറങ്ങിയ കാലം കൂടിയായിരുന്നു അത്.
പരേതനായ അനിലൻ ചിത്രശാല, ഉദിനൂർ ബാലഗോപാലൻ, ആർട്ടിസ്റ്റ് ദീപ്തി ഗോവിന്ദൻ, നാടക പ്രവർത്തകരായ കാനാ രമേഷ് ബാബു, വത്സരാജ് തൃക്കരിപ്പൂർ, കലാവേദി സംഘാടകൻ കെ.കെ.രാമകൃഷ്ണൻ തുടങ്ങിയവർ അക്കാലത്ത് ശ്രീനിയുടെ അടുപ്പക്കാരായി. കെ.കെ.മാസ്റ്റർ എന്നറിയപ്പെടുന്ന അനിലൻ ചിത്രശാലയെ നാടകഗുരുവായി ശ്രീനിവാസൻ കണ്ടു.
തൃക്കരിപ്പൂരിലും പരിസരത്തുമായി നാടക പ്രവർത്തനവുമായി നടക്കുന്ന കാലത്താണ് പി.എ.ബക്കറിന്റെ സിനിമാ ക്ഷണം വരുന്നത്.
’മണിമുഴക്കം’ സിനിമയിൽ അഭിനയിക്കാനായിരുന്നു ക്ഷണം. ശ്രീനിവാസൻ ആദ്യം താൽപര്യം കാണിച്ചില്ല.
പക്ഷേ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി മദിരാശിക്കു വണ്ടികയറി. ദേശീയ കലാവേദിക്കായി ശ്രീനി സംവിധാനം ചെയ്തു തുടങ്ങിയ ‘ആരുടെ സാമ്രാജ്യം’ എന്ന നാടകം ഇതോടെ അരങ്ങിലെത്താതെ പാതിയിൽ നിലച്ചു.
പിന്നീട് ദേശീയ കലാവേദിയും അരങ്ങൊഴിഞ്ഞു. 1978 മുതൽ 1983 വരെ ശ്രീനിവാസനു തൃക്കരിപ്പൂർ താവളമായിരുന്നെന്നു ദേശീയ കലാവേദി പ്രവർത്തകർ ഓർക്കുന്നു.
ഏറ്റവും ഒടുവിൽ 2016ൽ ആണ് ശ്രീനിവാസൻ തൃക്കരിപ്പൂരിൽ വന്നത്. ശ്രീനിവാസന്റെ സിനിമാ തമാശകളിൽ പലതും ഈ നാട്ടിൽനിന്നു പിറന്നതാണ് എന്നതും ശ്രദ്ധേയമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

