കാസർകോട് ∙ തീരാത്ത വൈദ്യുതി മുടക്കം നഗരത്തിലും പരിസരങ്ങളിലും ഒഴിയാബാധയായി തുടരുന്നു. ദിവസവും മണിക്കൂറുകൾ ഇടവിട്ട് വൈദ്യുതി മുടങ്ങുന്നതു കാരണം അടുക്കളകളിലും കടകളിലും ഉണ്ടാകുന്ന നഷ്ടം ചെറുതല്ല.
ജനറേറ്റർ ഇല്ലാത്ത ഹോട്ടലുകളിലും വീടുകളിലും അരവു തുടങ്ങി പകുതിപോലും ആകുംമുൻപ് വൈദ്യുതി നിലച്ചാൽ ആ ദിവസത്തെ ആഹാരംകൂടി മുടങ്ങുന്നു. മരുന്നു കടകളിൽ ഫ്രീസറിൽ സൂക്ഷിക്കേണ്ട മരുന്നും കടകളിൽ പാലും ശീതള പാനീയ സാമഗ്രികളും കേടാകുന്നു.
അക്ഷയ കേന്ദ്രങ്ങളിലുൾപ്പെടെ നെറ്റ് സംവിധാനം നിലയ്ക്കുന്നത് തിരഞ്ഞെടുപ്പ് നടപടികളിലും ജീവനക്കാർക്കും രാഷ്ട്രീയപാർട്ടികൾക്കും പ്രശ്നം ഉണ്ടാകുന്നു.
സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള അപേക്ഷകൾ അപ്ലോഡ് ചെയ്യുന്നതിനുൾപ്പെടെ തടസ്സം നേരിടുന്നു. തീവ്ര വോട്ടർ പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട് വോട്ട് ഉറപ്പിക്കാൻ എസ്ഐആർ ഫോമിൽ പുതിയ ഫോട്ടോ ഒട്ടിക്കാനുള്ളവർ പടത്തിനുവേണ്ടി സ്റ്റുഡിയോകളിലെത്തുമ്പോഴും കറന്റില്ലാതെ മടങ്ങേണ്ടി വരുന്നു.
അനിശ്ചിതമായി അനുഭവിക്കേണ്ടി വരുന്ന വൈദ്യുതി മുടക്കത്തിൽ ഏറെ കഷ്ടപ്പെടുന്നത് ജലഅതോറിറ്റി മുഖേനയും അല്ലാതെയുമുള്ള ജല വിതരണത്തിലാണ്. വൈദ്യുതി മുടക്കത്തിൽ ജല വിതരണവും തടസ്സപ്പെടുന്നു.
നഗരത്തിലെ വൈദ്യുതി മുടക്കം ഇങ്ങനെ
∙ നവംബർ 12 രാവിലെ 7.20: എച്ച്ടി ലൈൻ കേബിൾ പണിയുള്ളതിനാൽ 9 മുതൽ 5 വരെ തളങ്കര പടിഞ്ഞാർ, തളങ്കര ബാങ്കോട് എന്നീ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
ഉച്ചകഴിഞ്ഞ് 2.02–കറന്റില്ല– ചാല റോഡ് ഫീഡർ ഫാൾട്ട് ആയിട്ടുണ്ട്. കുറച്ചു സമയമെടുക്കുമെന്ന് വിശദീകരണം.
∙ നവംബർ 13 രാവിലെ 6.35– ചെട്ടുംകുഴി ട്രാൻസ്ഫോമറിൽ വോൾട്ടേജ് പ്രശ്നം.
രാവിലെ 8.26– ഉദയഗിരിയിൽ വൈദ്യുതിയില്ല. 11.40: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വിദ്യാനഗർ, ചാലക്കുന്ന്, ചാല ഭാഗങ്ങളിൽ ഒരു മണിക്കൂർ നേരത്തേക്ക് എമർജൻസി വർക്കിനുവേണ്ടി ഓഫ് ചെയ്തു.
∙ നവംബർ 14 വൈകിട്ട് 6.13: നെല്ലിക്കുന്ന്, കാസർകോട് സെക്ഷൻ പരിധികളിൽ വൈദ്യുതിയില്ല.
അജ്ഞാതൻ ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് ഊരിക്കൊണ്ടുപോയതാണ് കാരണം.
∙ നവംബർ 16 രാവിലെ 7.20: നഗരത്തിൽ വൈദ്യുതിയില്ല. 33 കെവി ലൈൻ ടച്ചിങ് ഉള്ളതിനാൽ കറന്തക്കാട് ടൗൺ ഫീഡറുകൾ ഉച്ചയ്ക്ക് 3 വരെയും കെൽഇഎംഎൽ, മൊഗ്രാൽ ഫീഡറുകൾ ഒരു മണിക്കൂർ സമയത്തേക്കും ഓഫ് ചെയ്തു.
വൈകിട്ട് 5.43: ഉദയഗിരി എൻജിഒ ക്വാർട്ടേഴ്സിൽ രാവിലെ 11 മുതൽ വൈദ്യുതിയില്ല.
∙ നവംബർ 17 രാവിലെ 10.13: കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് കറന്റ് എത്ര മണിക്കുവരും ? കാസർകോട് ഓൾഡ് ബസ് സ്റ്റാൻഡ്, ജനറൽ ആശുപത്രി, ഫോർട്ട് റോഡ് ഭാഗത്ത് വൈദ്യുതി മുടങ്ങിയിട്ടുണ്ട്. അവിടെ വണ്ടിയിടിച്ചു ഒരു വൈദ്യുതി പോസ്റ്റ് തകർന്നിട്ടുണ്ട്.
കാസർകോട് പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് ഒരു മണിക്കൂർ വൈദ്യുതി മുടങ്ങും.
∙ നവംബർ 18 ഉച്ചയ്ക്ക് 12.06 : പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് വൈദ്യുതി മുടങ്ങി ഒരു മണിക്കൂറായി. നവംബർ 19: രാവിലെ 11.27: പുതിയ ബസ് സ്റ്റാൻഡ് ഭാഗം ഒരു ലൈനിൽ വൈദ്യുതിയില്ല.
ഇന്നലെ: തളങ്കരയിലും ചെമ്മനാട് ഫീഡറിലും രാവിലെ മുതൽ വൈദ്യുതിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

