കുമ്പള ∙ ആരിക്കാടിയിൽ ടോൾ പ്ലാസ നിർമിക്കുന്ന പ്രദേശത്ത് ഇരുഭാഗങ്ങളിലേക്കുമുള്ള മൂന്നുവരി പാതകളിൽ 2 വീതം ട്രാക്കുകൾ അടച്ചിടുന്നതിനെതിരെ പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും. നിർമാണം നടക്കുന്ന സ്ഥലത്തെത്തിയ പ്രതിഷേധക്കാരും കരാർ കമ്പനി അധികൃതരുമായി വാക്കേറ്റമുണ്ടായി.
പലയിടങ്ങളിൽ വച്ച ബാരിക്കേഡുകൾ പ്രതിഷേധക്കാർ എടുത്തു മാറ്റി. വാക്കേറ്റം രൂക്ഷമായതോടെ പൊലീസെത്തി അനുനയിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസം മുതലാണ് ടോൾ പ്ലാസയുടെ നിർമാണത്തിന്റെ ഭാഗമായി പാതയിൽ വാഹനഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇരു ഭാഗങ്ങളിലേക്കുമുള്ള 3 വീതം ട്രാക്കുകളിൽ രണ്ടെണ്ണം അടച്ചിട്ടാണു നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരുക്കേറ്റ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കുരുക്കിൽ കുടുങ്ങിയതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്.
ബാരിക്കേഡ് വച്ചതിനു പുറമേ ഇരുഭാഗങ്ങളിളും മൂന്നുവീതം ഹമ്പുകളും സ്ഥാപിച്ചിട്ടുണ്ട്.ടോൾ പ്ലാസ നിർമാണത്തിനെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജിയിൽ അന്തിമ വിധി പറയുന്നതിനു മുൻപേ തിരക്കിട്ടുള്ള അധികൃതരുടെ നടപടിക്കെതിരെയാണ് പ്രതിഷേധം.
ജനങ്ങളുടെ എതിർപ്പ് വകവെക്കാതെ ഏകപക്ഷീയമായി ദേശീയ പാത അതോറിറ്റി ആരിക്കാടിയിൽ നിർമിക്കുന്ന ടോൾ ഗേറ്റ് മൂലം ദേശീയപാതയിൽ ഗതാഗതക്കുരുക്കു രൂക്ഷമാണെന്ന് എ.കെ.എം.അഷ്റഫ് എംഎൽഎ ആരോപിച്ചു. മണിക്കൂറോളമാണ് വാഹനങ്ങൾ കുടുങ്ങുന്നത്.
കോടതി ഇടപെടലിൽ നിലവിൽ ഇവിടെ ടോൾ പിരിവ് തുടങ്ങിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഇവിടെ ടോൾ പിരിവ് ആരംഭിക്കുകയുള്ളൂ എന്നാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചത്.
ടോൾ പിരിവ് ആരംഭിക്കാതെതന്നെ ഇവിടെ വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഇക്കാര്യത്തിൽ ഉന്നത ഇടപെടലുകൾ ഉണ്ടാകണമെന്ന് എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു.
നിലവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കേന്ദ്ര മന്ത്രി, എൻഎച്ച്എഐ കേരള റീജനൽ ഓഫിസർ, പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകിയതായി എംഎൽഎ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

