നീലേശ്വരം ∙ ജില്ലയിലെ കമുക് കർഷകരെ ആശങ്കയിലാക്കി മഹാളി രോഗവും അതിനെ തുടർന്നുണ്ടാകുന്ന മണ്ട ചീയലും കാസർകോട്–കണ്ണൂർ ജില്ലകളുടെ മലയോര മേഖലകളിൽ വ്യാപകമാകുന്നു. ഈ വർഷം ലഭിച്ച കനത്ത മഴയും മഴയ്ക്കു മുൻപായി സാധാരണ നടത്താറുള്ള പ്രതിരോധ കുമിൾനാശിനി പ്രയോഗം സാധ്യമാകാത്തതും രോഗതീവ്രത കൂടാൻ കാരണമായെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
∙ രോഗലക്ഷണങ്ങൾ
രോഗം ബാധിച്ച കമുകുകളുടെ പൂങ്കുലകളും പാകമാകാത്ത കായ്കളും കൂട്ടമായി കൊഴിഞ്ഞുപോകും.
‘ഫൈറ്റോഫ്ത്തോറ’ എന്ന കുമിൾ കാരണം കായ്കളിലും പൂങ്കുലകളിലും വെളുത്ത പാടുകൾ പ്രത്യക്ഷപ്പെട്ട് ക്രമേണ അവ അഴുകി നശിക്കുന്നു. മഴക്കാലത്തിന്റെ അവസാന നാളുകളിൽ പൂങ്കുലകളിൽനിന്നു കുമിൾ, ഇലകളുടെ പാള ഒട്ടി നിൽക്കുന്ന തടിയിലേക്കു പ്രവേശിച്ചു മണ്ട
ചീയുന്നതും കണ്ടുവരുന്നുണ്ട്.ഒന്നിൽനിന്നു മറ്റൊന്നിലേക്കും സമീപത്തെ തോട്ടങ്ങളിലേക്കും അതിവേഗം രോഗം വ്യാപിക്കുന്നു.
∙ പ്രതിരോധ മാർഗങ്ങൾ
ഒരുശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാം. കാലവർഷം ആരംഭിക്കുന്നതിന് മുൻപും പിന്നീട് 25-30 ദിവസത്തെ ഇടവേളകളിലും മിശ്രിതം തളിക്കണം.
വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കി കൃഷിയിടം വൃത്തിയായി സൂക്ഷിക്കുകയും പൂർണമായും രോഗം ബാധിച്ച കമുകുകളും കൊഴിഞ്ഞുപോയ അടയ്ക്കകളും നശിപ്പിച്ചു കളയുകയും ചെയ്താൽ രോഗവ്യാപനം തടയാൻ സാധിക്കും.തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ മരുന്ന് തളിക്കാവൂ. രോഗബാധയുള്ള തോട്ടങ്ങളിൽ പൊട്ടാസ്യം ഫോസ്ഫൊണേറ്റ് 50 എസ്സി (5 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ), അല്ലെങ്കിൽ മെറ്റാലാക്സിൽ + മാംഗോസെബ് 80ഡബ്ല്യുപി ( 2ഗ്രാം 1ലിറ്റർ വെള്ളത്തിൽ) തളിക്കുക.
രോഗ തീവ്രത കൂടുതലാണെങ്കിൽ 15 ദിവസത്തിനു ശേഷം ഇത് തന്നെ ആവർത്തിക്കാവുന്നതാണ്.
രണ്ടാഴ്ചയ്ക്കു ശേഷം മാംഗോസെബ് 80ഡബ്ല്യുപി ( 2ഗ്രാം 1ലിറ്റർ വെള്ളത്തിൽ), അല്ലെങ്കിൽ മാൻഡിപ്രൊപമൈഡ് 23.4എസ്സി 1മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) തളിക്കാവുന്നതാണ്. കൂടാതെ മണ്ണിന്റെ പുളിരസം കുറയ്ക്കാൻ കുമ്മായമോ ഡോളോമൈറ്റോ ചേർത്തു കൊടുക്കണമെന്നും ചെടികളുടെ പ്രതിരോധശേഷി കൂട്ടുന്നതിനായി പൊട്ടാഷ് വളങ്ങൾ അധികമായി നൽകണമെന്നും പടന്നക്കാട് കാർഷിക കോളജ് പ്ലാന്റ് പതോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.പി.കെ.സജീഷ് അഭിപ്രായപ്പെട്ടു. സംശയ ദൂരീകരണത്തിനു കാർഷിക സർവകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാർഷിക കോളജുമായി ബന്ധപ്പെടാവുന്നതാണെന്ന് കോളജ് ഡീൻ ഡോ.ടി.സജിതാ റാണി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]