
രാജപുരം ∙ ന്യൂറോബ്ലാസ്റ്റോമ (അഡ്രിനൽ ഗ്രന്ഥികളെ ബാധിക്കുന്ന കാൻസർ) എന്ന ഗുരുതര രോഗത്തിനു ചികിത്സയിലായിരുന്ന വിദ്യാർഥിനി ചിക്കൻപോക്സ് ബാധിച്ചു മരിച്ചു. പാണത്തൂർ ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ശിവാനി വർമയാണു(10) മരിച്ചത്.
ന്യൂറോബ്ലാസ്റ്റോമ ബാധിച്ചു നാട്ടുകാരുടെ സഹായത്തോടെ ചികിത്സ നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം ചിക്കൻപോക്സ് ബാധിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്നു പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതിനിടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കുട്ടിക്കു മതിയായ ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് ആരോപിച്ചു കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി. ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനുള്ള തീരുമാനത്തിലാണു കുടുംബം. ഗൗതം കുമാർ വർമ – പ്രീതി വർമ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ആദിത്യ ദേവരാജ്, സോരവ്, അശ്വിനി, ദേവരാജ്.
നാടിന്റെ നന്മയിൽ ശിവാനിക്ക് അന്ത്യവിശ്രമം
രാജപുരം ∙ സ്വന്തം സ്ഥലത്തു മകളെ സംസ്കരിക്കാൻ സാധിക്കാത്ത കുടുംബത്തിനായി സ്ഥലം വിട്ടുനൽകി പൊതുപ്രവർത്തകൻ.
പാണത്തൂർ മൈലാട്ടിയിലെ ഗൗതം വർമയുടെ മകൾ ശിവാനിയുടെ അന്ത്യ വിശ്രമത്തിനുള്ള ഭൂമിയാണ് അത്തിക്കയം ശശി വിട്ടുനൽകിയത്. ന്യൂറോബ്ലാസ്റ്റോമ എന്ന ഗുരുതരരോഗം ബാധിച്ചു ചികിത്സയിലിരിക്കെ ചിക്കൻപോക്സ് ബാധിച്ച ശിവാനി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഇന്നലെ പുലർച്ചെയാണു മരിച്ചത്.
മതാചാരപ്രകാരം മൃതദേഹം കുടുംബസ്ഥലത്ത് അടക്കം ചെയ്യാൻ ഉത്തർപ്രദേശ് സ്വദേശികളായ കുടുംബത്തിനു സാധിക്കാത്തതിനാൽ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ പൊതുശ്മശാനത്തിൽ അടക്കം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ നഗരസഭയുടെ അധീനതയിലുള്ള ശ്മശാനത്തിൽ സാങ്കേതിക കാരണങ്ങളാൽ അനുമതി ലഭിച്ചില്ല. ഇതോടെ കുട്ടിയുടെ സംസ്കാരം നടത്താനാകാതെ പ്രതിസന്ധിയിലായ കുടുംബത്തിന് സ്വന്തം വീട്ടുവളപ്പിൽ കുട്ടിയെ അടക്കം ചെയ്യാനാവശ്യമായ സ്ഥലം ശശി വിട്ടുനൽകുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]