കാസർകോട് ∙ ചെറുകിട വ്യാപാരികൾക്ക് വിദേശ, സ്വദേശ കുത്തകളും ഓൺലൈൻ ഭീമൻമാരും ഉയർത്തുന്ന വെല്ലുവിളികൾ ചർച്ച ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ‘റീട്ടെയ്ൽ കോൺക്ലേവ് 2.0.’ ബേക്കൽ ഗേറ്റ് വേ ഹോട്ടലിൽ ഇന്നലെ ആരംഭിച്ച കോൺക്ലേവ് ഇന്ന് സമാപിക്കും.വിവിധ ജില്ലകളിൽ നിന്നായി 600 പ്രതിനിധികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്.
പരമ്പരാഗത വ്യാപാര മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിനുള്ള നയങ്ങൾക്ക് രൂപം നൽകുക എന്നതാണ് ക്യാംപിന്റെ ലക്ഷ്യം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വ്യാപാര വിരുദ്ധ നയങ്ങളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട
രാഷ്ട്രീയ നിലപാടിനും ക്യാംപ് ചർച്ച ചെയ്ത് അന്തിമ രൂപം നൽകും.
ഓൺലൈൻ ഭീമന്മാർ ഉയർത്തുന്ന വെല്ലുവിളിക്കൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളും കൂടിയായപ്പോൾ ചെറുകിട വ്യാപാരികളുടെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, എ.എ.അസീസ് എന്നിവർ പറഞ്ഞു.ഓൺലൈൻ ബഹുരാഷ്ട്ര കുത്തകകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഇതിനായി സമഗ്രമായ ഒരു ഇ-കോമേഴ്സ് നയം രൂപീകരിക്കണമെന്നും ഓൺലൈൻ വ്യാപാരത്തിന് 40 ശതമാനം ജിഎസ്ടി ചുമത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ഒപ്പം ചെറുകിട വ്യാപാരികൾക്ക് ജിഎസ്ടി ഇളവുകളും അനുവദിച്ചാൽ മാത്രമേ വിപണിയിൽ സമത്വം ഉറപ്പാക്കാൻ സാധിക്കുവെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.നികുതി വകുപ്പിന്റെ അനാവശ്യ പരിശോധനകൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം, പഞ്ചായത്തു-മുനിസിപ്പാലിറ്റി ചട്ടങ്ങൾ കൂടുതൽ ലളിതമാക്കണം.
നിലവിലുള്ള ലൈസൻസ് പുതുക്കൽ നടപടികൾ ലളിതമാക്കണം., അനിയന്ത്രിതമായ വഴിയോര കച്ചവടം നിയന്ത്രിക്കണം, ചെറുകിട വ്യാപാരികൾക്കായി സമഗ്രമായ പെൻഷൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയാറാകണം.
യാതൊരു മാലിന്യവും ഉൽപാദിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങളെ ഹരിത കർമ സേനയുടെ നിർബന്ധിത പിരിവിൽ നിന്ന് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവയ്ക്കുന്നു.
നിയമസഭാ സീറ്റ് ആവശ്യം ആവർത്തിച്ച് വ്യാപാരി സമിതി
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വേദിയിലിരിക്കെ വ്യാപാരികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് എന്ന സംഘടനയുടെ ആവശ്യം ആവർത്തിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ സമിതിയുടെ ഒരു ഭാരവാഹി മത്സരിക്കുമെന്നും ആ സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന മുന്നണിക്ക് സംസ്ഥാനത്താകെ സമിതി പിന്തുണ നൽകുമെന്നും നേരത്തേ തന്നെ സംഘടന വ്യക്തമാക്കിയിരുന്നു.കേന്ദ്ര -സംസ്ഥാന സർക്കാരുകളിൽ നിന്ന് അവകാശങ്ങൾ നേടിയെടുക്കാൻ സംഘടന ഒരു രാഷ്ട്രീയ സമ്മർദ ശക്തിയായി രൂപപ്പെടേണ്ടതുണ്ടെന്ന് യൂണിറ്റ്തലം മുതൽ സംസ്ഥാന തലം വരെയുള്ള അംഗങ്ങളുടെ അഭിപ്രായമുയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് നിയമസഭാ സീറ്റിൽ ഏതെങ്കിലും സംസ്ഥാന ഭാരവാഹി മത്സരിക്കണമെന്ന ആവശ്യം സംഘടന ഉയർത്തുന്നത്.
പൊതുസ്വതന്ത്രനായി, സ്വതന്ത്ര ചിഹ്നത്തിൽ ആയിരിക്കും സ്ഥാനാർഥി മത്സരിക്കുകയെന്നും ഈ സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയെ സംസ്ഥാനമാകെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരിച്ചും പിന്തുണയ്ക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കുന്നു. സംഘടന ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും എന്നാൽ പിന്തുണയ്ക്കുന്നവരുമായി സംസ്ഥാനമാകെ നീക്കുപോക്കുകൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

