കാസർകോട് ∙ ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾ മറ്റന്നാൾ എത്തിത്തുടങ്ങും.
മൊത്തം 50 സീറ്റുകളിലെയും വിദ്യാർഥികളുടെ പ്രവേശന നടപടി പൂർത്തിയാകാൻ ഈ മാസം 25 വരെ സമയമെടുക്കുമെന്നതിനാൽ ഓറിയന്റേഷൻ ക്ലാസ് 30ന് അകമേ തുടങ്ങൂ എന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ അറിയിച്ചു. സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകളിൽ 22നു തന്നെ ക്ലാസുകൾ ആരംഭിക്കും.
ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടർ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ഇന്നലെ കാസർകോട്ട് വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. ആവശ്യമായ അടിയന്തര സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പ് മേധാവികൾക്ക് കലക്ടർ നിർദേശം നൽകി.
ചെർക്കളയിൽ താൽക്കാലിക ഹോസ്റ്റൽ
മെഡിക്കൽ കോളജിൽ പഠനം നടത്തുന്നതിനായുള്ള ക്ലാസ് മുറികൾ സജ്ജമായിട്ടുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചെർക്കളയിൽ താൽക്കാലികമായി ഹോസ്റ്റൽ സൗകര്യം ഒരുക്കും. ക്യാംപസിനകത്ത് വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ നിർമാണം പൂർത്തിയായിട്ടുണ്ട്.
ഇലക്ട്രിഫിക്കേഷൻ പ്രവൃത്തി കൂടി പൂർത്തിയാകുന്നത് വരെയാണ് താൽക്കാലിക ഹോസ്റ്റൽ സംവിധാനം ഉപയോഗിക്കുക. വിദ്യാർഥികൾക്ക് ഭക്ഷണ സൗകര്യം ഒരുക്കാനും മെഡിക്കൽ കോളജിൽ മിനി കഫ്റ്റീരിയ ആരംഭിക്കാനും കുടുംബശ്രീ മിഷന് നിർദേശം നൽകി.
ക്യാംപസിൽ പൊലീസ് എയ്ഡ് പോസ്റ്റ്
ക്യാംപസിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി യോഗത്തിൽ അറിയിച്ചു.
മെഡിക്കൽ കോളജിലേക്കും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള പൊതുഗതാഗത സൗകര്യം യോഗത്തിൽ വിലയിരുത്തി കൂടുതൽ സർവീസുകൾ അനുവദിക്കുന്നതിനായി മോട്ടർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി 24ന് വൈകിട്ട് 4ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ ബസ് ഓണേഴ്സ് ക്യാംപ് അസോസിയേഷൻ പ്രതിനിധികളുടെ യോഗം ചേരും.
കുട്ടികൾക്ക് പഠനാവശ്യത്തിനായുള്ള വിവിധ പഠന വകുപ്പുകളുടെ ലാബ് സംവിധാനങ്ങൾ നവംബർ മാസത്തോടെ പൂർത്തിയാക്കുമെന്ന് കെഎംഎസ്സിഎൽ പ്രതിനിധി അറിയിച്ചു.
ലൈറ്റുകൾ സ്ഥാപിക്കും
ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ബദിയഡുക്ക പഞ്ചായത്തിലെ രണ്ട് ഹരിതകർമ സേനാംഗങ്ങളെ മാലിന്യനിർമാർജനത്തിന് സ്ഥിരമായി മെഡിക്കൽ കോളജിലേക്ക് ചുമതലപ്പെടുത്തും.
ക്യാംപസിൽ മിനി എംസിഎഫ്, വേസ്റ്റ് ബിന്നുകൾ, തുമ്പൂർമുഴി മാതൃക മാലിന്യനിർമാർജന സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കാൻ തദ്ദേശ വകുപ്പ് ജോയിൻ ഡയറക്ടർക്കും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർക്കും നിർദേശം നൽകി.
റോഡ് നവീകരിക്കും
ചെർക്കള മുതൽ ഉക്കിനടുക്ക വരെയുള്ള റോഡ് നവീകരിക്കാൻ കെആർഎഫ്ബിക്ക് നിർദേശം നൽകി. എസ്ബിഐ, കനറാ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ മെഡിക്കൽ കോളജിലേക്ക് വിവിധ സൗകര്യങ്ങൾ സ്പോൺസർ ചെയ്യാൻ തയാറായിട്ടുണ്ട്.
കോളജിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകി. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ.
കെ.വി വിശ്വനാഥൻ ഓൺലൈനായി പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ഡിഎംഇ സ്പെഷൽ ഓഫിസർ ഡോ.
പ്രേമലത, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പി.എസ്.ഇന്ദു, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.പ്രവീൺ, വൈസ് പ്രിൻസിപ്പൽ ഡോ.ടി.ജി.സിന്ധു, പിടിഎ സെക്രട്ടറി ഡോ.ശാലിനി കൃഷ്ണൻ, എൽഎസ്ജിഡി ജോ.ഡയറക്ടർ ഷൈനി, ജില്ലാ പ്ലാനിങ് ഓഫിസർ ആർ.രാജേഷ്, ജില്ലാ നിർമിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി.രാജ്മോഹൻ, കിറ്റ്കോ പ്രതിനിധി ടോം ജോസ്, കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ രതീഷ് തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]