
പാലക്കുന്ന് ∙ ആൾത്താമസമില്ലാത്ത വീടിനോടു ചേർന്നുള്ള അടച്ചിട്ട കെട്ടിടത്തിൽ നിന്ന് നൂറ്റാണ്ടുകൾക്കു മുൻപ് ഉപയോഗിച്ചിരുന്നതായി കരുതുന്ന തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെത്തി.
ബേക്കൽ പൊലീസ് സ്റ്റേഷനടുത്ത് കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിക്കു സമീപത്തെ പ്രവാസിയായിരുന്ന പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കറുപ്പ് നിറമുള്ള പിസ്റ്റൾ, കൈത്തോക്ക്, ഒറ്റക്കുഴൽ തോക്ക്, ചിത്രപ്പണികളോടു കൂടിയ വിവിധ നിറത്തിലുള്ള ഉറയോടു കൂടിയ പല തരത്തിലുള്ള 8 വാളുകൾ എന്നിവയടക്കം 11 സാധനങ്ങളാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജാക്കന്മാർ ഉപയോഗിച്ചിരുന്ന വാളുകളാണ് ഏറെയും കണ്ടെത്തിയയെന്നാണ് പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിൽ കൂടുതൽ പുരാവസ്തു ശേഖരണം ഉണ്ടെന്ന നിഗ്മനത്തിൽ പൊലീസ് കാവലേർപ്പെടുത്തി.
26ന് പുരവാസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഈ വീട്ടിൽ താമസക്കാരില്ല.
മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും ബന്ധുക്കളും ഇടക്കിടെ വന്നുപോവുക മാത്രമാണ് പതിവ്. എന്നാൽ സാധനങ്ങൾ കിട്ടിയ കെട്ടിടം ഏറെക്കാലം അടച്ചിട്ട
നിലയിൽ തന്നെയായിരുന്നു.
പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ പൊലീസ് സ്ഥലത്തെത്തിയത്. ബന്ധുക്കളെ വിളിച്ചു വരുത്തി കെട്ടിടം തുറക്കുകയായിരുന്നു.
ഇതിന് ശേഷമാണ് കെട്ടിടം സീൽ ചെയ്ത് കാവൽ ഏർപ്പെടുത്തിയത്. പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ 3 തോക്കുകളും ഉപയോഗ ശൂന്യമാണെന്നാണ് പൊലീസ് പറയുന്നത്.
ലഭിച്ച ആയുധങ്ങളൊന്നും നിലവിൽ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലുള്ളതാണ്. പുരാവസ്തുക്കളാണെന്ന് കരുതുന്ന സംഗീത ഉപകരണങ്ങളും പാത്രങ്ങളും ഉൾപ്പെടെ ഒട്ടേറെ സാധനങ്ങൾ ഇവിടെയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പരിശോധിക്കുന്നതിനിടെ കെട്ടിടത്തില് പാമ്പും
കെട്ടിടം തുറന്നു രാത്രി പരിശോധിക്കുന്നതിനിടയിൽ അണലി ഇനത്തിലുള്ള പാമ്പിനെയും കണ്ടെത്തി. ഇതിന് പിന്നാലെ രാത്രി പരിശോധന നിർത്തുകയായിരുന്നു.
പുരാവസ്തുക്കളെന്ന് സംശയിക്കുന്ന സാധനങ്ങൾ കിട്ടിയ വിവരം കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൊസ്ദുർഗ് തഹസിൽദാർ ജി.സുരേഷ്ബാബു ഇന്നലെ ബേക്കൽ സ്റ്റേഷനിലെത്തിയിരുന്നു.
വീട്ടുടമസ്ഥനായ മുഹമ്മദ് കുഞ്ഞി ചെറു പ്രായത്തിലെ ഇത്തരം പുരാവസ്തു ശേഖരിക്കുന്നയാളായിരുന്നുവെന്ന് പറയുന്നു.
ഒട്ടേറെ രാജ്യത്തെ നാണയങ്ങളും വിവിധ രാജ്യങ്ങളുടെ സ്റ്റാംപും ശേഖരിക്കുന്ന ശീലമുണ്ടായിരുന്നു. പുരാവസ്തു സാധനങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് മുൻ കാലങ്ങളിലുണ്ടായ തർക്കമായിരിക്കാം വിവരം ചോരാൻ ഇടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]