
പെരിയ ∙ ദേശീയപാതയിൽ ജില്ലയിലെ ഏക ടോൾ പ്ലാസയുടെ നിർമാണം ചാലിങ്കാലിൽ പുരോഗമിക്കുന്നു. അനുബന്ധ കെട്ടിടങ്ങളുടെ നിർമാണം അവസാനഘട്ടത്തിലാണ്.
ആറുവരി പാതയിൽ പില്ലറുകളുടെ നിർമാണവും തുടങ്ങി. സംസ്ഥാനത്തെ ദേശീയപാതയിൽ 11 ടോൾ പ്ലാസകൾ
മംഗളൂരു ഭാഗത്തു നിന്നു തലപ്പാടി അതിർത്തിയിലെ ടോൾ പ്ലാസ കഴിഞ്ഞാൽ ജില്ലയിലെ ഏക ടോൾ പ്ലാസയാണ് ചാലിങ്കാലിലേത്.
60 കിലോമീറ്റർ ദൂരത്തിലാണു ടോൾ പിരിവ്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റർ നീളത്തിൽ ദേശീയപാത 66 ന്റെ നിർമാണം പൂർത്തിയാകുന്നതോടൊപ്പം 11 സ്ഥലങ്ങളിലാണ് പുതിയ ടോൾ പ്ലാസകൾ വരുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടു വീതവും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരോ ടോൾ പ്ലാസകളുമാണ് ഉണ്ടാവുക.
2008 ലെ ദേശീയപാതകളിൽ ചുങ്കം പിരിക്കാനുള്ള നിയമം അടിസ്ഥാനമാക്കിയാണ് ടോൾ നിരക്കുകൾ നിശ്ചയിക്കുക. ഇതുപ്രകാരം കാറിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 65 പൈസയാണ് നൽകേണ്ടത്.
ചെറിയ ചരക്കുവാഹനങ്ങൾ, മിനി ബസുകൾ തുടങ്ങിയവയ്ക്ക് 1.05 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 2.20 രൂപയും മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 3.45 രൂപയുമാണ് ഇപ്പോഴത്തെ നിരക്കുകൾ. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ചുങ്കം ബാധകമല്ല.
കുമ്പളയിൽ ടോൾ പ്ലാസ?
തലപ്പാടിയിൽ നിന്ന് 20 കിലോമീറ്റർ അകലെ കുമ്പള ആരിക്കാടിയിൽ താൽക്കാലിക ടോൾ പ്ലാസ നിർമിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാർ സമരത്തിലാണ്.
ഇതിനെതിരെ ഹൈക്കോടതിയിൽ നാട്ടുകാർ സമർപ്പിച്ച ഹർജിയിൽ കോടതി നേരത്തേ നിർമാണം നിർത്തിവയ്ക്കാൻ നിർദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം സ്റ്റേ നീക്കി. ചാലിങ്കാലിലെ ടോൾ പ്ലാസ നിർമാണം പൂർത്തിയാകുന്നതുവരെ മാത്രമാണ് കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ പണിയുക എന്നായിരുന്നു അധികൃതർ നൽകിയ നിർദേശം.
ഉപഗ്രഹാധിഷ്ഠിത ടോൾ പിരിവ് നടപ്പാക്കും
ദേശീയപാത 66 ന്റെ വികസനം പൂർത്തിയാകുന്നതോടെ ചുങ്കം പിരിവ് ഉപഗ്രഹാധിഷ്ഠിതമാക്കാൻ തയാറെടുക്കുകയാണ് കേന്ദ്രസർക്കാർ.
നിലവിൽ ചുങ്കം പിരിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് തുക ഈടാക്കുന്നത്. പുതിയ സംവിധാനം നടപ്പായാൽ ചെറിയ ദൂരം യാത്ര ചെയ്താലും തുക നൽകേണ്ടി വരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]