
കോട്ടിക്കുളം ∙ കനത്ത മഴയും കടലേറ്റവും കാരണം കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ അരികുൾപ്പെടെ തകർന്ന തൃക്കണ്ണാട് റോഡ്, കൊടുങ്ങല്ലൂർ മണ്ഡപം സംരക്ഷണത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഇനിയും തുടങ്ങിയില്ല. മഴയും കടലേറ്റവും തുടർന്നാൽ തൃക്കണ്ണാട് സംസ്ഥാനപാത കൂടി തകരുമെന്നും ഗതാഗതം പൂർണമായി മുടങ്ങുമെന്നുമുള്ള ആശങ്ക തുടരുന്നു.
തൃക്കണ്ണാട് ക്ഷേത്രത്തിൽ ദിവസവും പിതൃതർപ്പണം ചടങ്ങിനായി എത്തുന്നവരെ ഉൾപ്പെടെ ഇത് ബാധിക്കും. കർക്കടക വാവ് ദിവസം പതിനായിരങ്ങളാണ് ഇവിടെ പിതൃകർമങ്ങൾക്ക് എത്തുന്നത്.
കടലേറ്റത്തിൽ തകർന്ന കൊടുങ്ങല്ലൂർ മണ്ഡപം സംരക്ഷിക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ അധികൃതരുമായുള്ള നിസ്സഹകരണം തുടരുകയാണ്.
അധികൃതർ വ്യാഴാഴ്ച വൈകിട്ട് കർണാടകയിൽനിന്നു കൊണ്ടുവന്ന കരിങ്കല്ല് നാട്ടുകാർ മടക്കി. വലുപ്പം കുറഞ്ഞ കരിങ്കല്ല് നിഷ്പ്രയാസം കടൽ കൊണ്ടുപോകുമെന്നും ഗോപുരം സംരക്ഷിക്കാൻ ഇത് പര്യാപ്തമല്ലെന്നുമായിരുന്നു നാട്ടുകാരുടെ വാദം.
എന്നാൽ ഇത് റോഡിന്റെ അരിക് ഇടിഞ്ഞുണ്ടായ കുഴി നികത്തി പുനഃസ്ഥാപിക്കുന്നതിനു കൊണ്ടുവന്നതാണ് എന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം.
ഒന്നര മാസത്തിലേറെയായി തൃക്കണ്ണാട് പ്രദേശത്ത് അനുഭവിക്കുന്ന നാശനഷ്ടങ്ങൾ സർക്കാരും ജനപ്രതിനിധികളും നിസ്സാരമായി കാണുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മണ്ഡപം, ബസ് കാത്തിരിപ്പു കേന്ദ്രം, സമീപത്തെ കട
സംരക്ഷണം എന്നിവയ്ക്ക് 23 ലക്ഷം രൂപ വകയിരുത്തിയതായി അറിയിച്ചെങ്കിലും തുടർ പ്രവർത്തനങ്ങൾ വൈകുകയാണ്. ആവശ്യമായ കരിങ്കല്ല് ഇറക്കുന്നതിനു കരാറുകാരെ കിട്ടുന്നില്ലെന്നാണ് വിശദീകരണം.വ്യാഴാഴ്ച സംസ്ഥാനപാതയുടെ അരിക് തകർന്ന ഭാഗത്ത് നാട്ടുകാർ അപകട
മുന്നറിയിപ്പായി ഒരു തോണി വച്ചിട്ടുണ്ട്. വ്യാഴാഴ്ച റിബൺ കെട്ടി അപായ മുന്നറിയിപ്പ് നൽകാനെത്തിയ അധികൃതരെ നാട്ടുകാർ പ്രതിഷേധിച്ച് മടക്കി അയച്ചിരുന്നു.
പ്രതിഷേധം ശക്തം
കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ അരിക് തകർന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റോഡ് ഉപരോധവും അനിശ്ചിതകാല സമരവും ആരംഭിക്കാൻ ബേക്കലം, കോട്ടിക്കുളം കുരുംബ ഭഗവതി ക്ഷേത്രം ഭരണസമിതിയും സ്ഥാനികരും നാട്ടുകാരും തീരുമാനിച്ചു.തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്നിലുള്ള സംസ്ഥാന പാതയുടെ പടിഞ്ഞാറു ഭാഗത്ത് സമാന്തരമായി ബേക്കൽ പാലംവരെ ഓവുചാൽ നിർമിക്കുക, ക്ഷേത്രത്തിനു മുന്നിലുള്ള കടൽത്തീരം 65 മീറ്ററിൽ ഗോപാലപ്പേട്ട
മുതൽ ചിറമ്മൽവരെ കടൽഭിത്തി നിർമിച്ച് തീരം സംരക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
ഇത് സംബന്ധിച്ച് അധികൃതർ രേഖാമൂലം ഉറപ്പു നൽകണമെന്നും ആവശ്യം ഉന്നയിച്ചു. സമിതി ഭാരവാഹികളും സ്ഥാനികരും ഉൾപ്പെടെ ഡിവൈഎസ്പിക്കു സമരം അറിയിച്ച് കത്ത് നൽകി.സമരം മാറ്റിവയ്ക്കണമെന്നും നാളെ കലക്ടറേറ്റിൽ ബന്ധപ്പെട്ട
അധികൃതരും നാട്ടുകാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ നടപടികളെടുക്കുമെന്നും കലക്ടർ അറിയിച്ചു.നാളെ ചേരുന്ന ചർച്ചകളിൽ ഉണ്ടാകുന്ന തീരുമാനമനുസരിച്ച് സമര നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബേക്കലം, കോട്ടിക്കുളം കുരുംബ ഭഗവതി ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ പറഞ്ഞു.
പള്ളിവേട്ട മണ്ഡപത്തിന്റെ അടിത്തട്ട് ഇളകി ചെരിഞ്ഞു
കോട്ടിക്കുളം ∙ വ്യാഴാഴ്ച തൃക്കണ്ണാട് സംസ്ഥാന പാതയുടെ അരിക് മണ്ണിടിഞ്ഞു താഴ്ന്നതിനു പിന്നാലെ ഇന്നലെ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ കടൽതീരത്തുള്ള പള്ളിവേട്ട
മണ്ഡപം ശക്തമായ കടലേറ്റത്തിൽ അടിത്തട്ട് ഇളകി ചെരിഞ്ഞു. കടലേറ്റം തടയാൻ പണിത ജിയോ ബാഗ് ഭിത്തി തകർന്നതിനെത്തുടർന്ന് നാട്ടുകാർ കല്ലിട്ട് സംരക്ഷണ കവചം തീർത്തിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയാണ് ആഞ്ഞടിച്ച കടലേറ്റത്തിൽ ചുറ്റും വിള്ളൽ വീണു മണ്ഡപം ഇളകിയതായി കണ്ടത്.
ജിയോ ബാഗ് ഭിത്തി വീണ്ടും പണിയാൻ 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഇറിഗേഷൻ വകുപ്പ് മൂന്നു മാസം മുൻപ് തയാറാക്കിയതായിരുന്നു. കനത്ത മഴ തുടരുന്നതിനാൽ പണി നടത്താൻ കഴിയാതെ നീണ്ടു.
ഇന്നലെ നാട്ടുകാർ മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ എത്തിച്ചു രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് വലിയ കരിങ്കല്ല് ഇട്ട് കവചം തീർക്കാനുള്ള നടപടികൾ ആരംഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]