കാസർകോട് ∙ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെ വിവിധ ചൂഷണങ്ങൾ നേരിടുന്ന കുട്ടികളെ തിരിച്ചറിയാൻ മാതാപിതാക്കളും അധ്യാപകരും വൈകുന്നുണ്ടോ? കുട്ടികൾ തുറന്നു പറയാൻ തയാറാവാത്ത സാഹചര്യത്തിൽ അവരുടെ മനസ്സ് വായിച്ചെടുക്കുകയാണ് ഇത്തരം ചതിക്കുഴികളിൽ നിന്ന് അവരെ രക്ഷപ്പെടുത്താനുള്ള പ്രാഥമിക വഴി. കഴിഞ്ഞദിവസം തൃക്കരിപ്പൂരിലെ 16 വയസ്സുകാരനായ ആൺകുട്ടി 16ലേറെ പേരുടെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ വിവരം പുറത്തു വന്നത് കുട്ടികളുടെ കാര്യത്തിൽ പുലർത്തേണ്ട
ജാഗ്രത അനിവാര്യമാക്കുന്നതായി മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പല തരത്തിലുള്ള ദുരനുഭവങ്ങൾ നേരിട്ട കുട്ടികളെ പുതുജീവിതത്തിലേക്കു നയിക്കാൻ കഴിയുന്നത് രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ്.
കുട്ടിയുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ അധ്യാപകർക്ക് പരിശീലനം ലഭിക്കുന്നുണ്ട്. എന്നാൽ, ആദ്യ ഇടപെടൽ നടത്തേണ്ടതു രക്ഷിതാക്കളാണ്.
കൗൺസലിങ്ങിനായി സമീപിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ആദ്യ ക്ലാസ് നൽകാറുള്ളത്. കുട്ടിയുടെ മനസ്സിലെ ചോദ്യങ്ങൾക്കു സ്നേഹം കൊണ്ടു ശരിയുത്തരം നൽകണം.
ലഹരി, പീഡനം തുടങ്ങി ഏതുതരം ദുരനുഭവങ്ങളായാലും കുറ്റപ്പെടുത്തലോ ദേഷ്യപ്പെടലോ അല്ല പരിഹാരമാർഗം.
കുട്ടിയിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ഒരേ തരത്തിലായിരിക്കും. അവർ നേരിടുന്ന പ്രശ്നം സമാനമാണ് എന്ന് ഇതിന് അർഥമില്ല.
വിവിധ കാരണങ്ങളാൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് ഒരേ ലക്ഷണങ്ങളായിരിക്കും. ശരിയായ പ്രശ്നമെന്തെന്നു തിരിച്ചറിയാൻ കൗൺസലിങ് സഹായം തേടുന്നതിൽ തെറ്റില്ല.
കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ഇതു സമയമെടുക്കുന്ന പ്രക്രിയയാണ്. ഒട്ടുമിക്ക ആളുകൾക്കും സ്നേഹപൂർണ ഇടപെടലുകളും കൃത്യമായ ആശയവിനിമയവും തന്നെ ധാരാളമാണ്.
ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയാൽ പ്രഫഷനൽ സഹായത്തിനായി ആവശ്യപ്പെടാം.
കാഞ്ഞങ്ങാട്ട് ഇതിനായി ഡിഇഐസി (ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ) പ്രവർത്തിക്കുന്നുണ്ട്. സെന്റർ സഹായം ഉപയോഗിക്കുന്ന ഒരുപാട് ആളുകളുണ്ടെങ്കിലും പലർക്കും ഇന്നും ഇതു പുറത്തു പറയാൻ മടിയാണ്. സഹായം തേടുന്നതിലും ചികിത്സ സംബന്ധിച്ചുമുള്ള അബദ്ധ ധാരണകളാണ് പലരെയും പിന്നാക്കം വലിക്കുന്നത്. ഓർക്കുക, നമ്മൾ മടിച്ചാൽ സഹിക്കുന്നത് നമ്മുടെ കുട്ടികളായിരിക്കും.
വീട്ടിൽ വേണം, ശ്രദ്ധ
∙ നന്നായി പഠിക്കുന്ന കുട്ടികൾ വളരെപ്പെട്ടെന്നു പിന്നിലേക്കു പോകുന്നത് ഏതു തരത്തിലും ഉണ്ടാകാവുന്ന സമ്മർദ്ദത്തിന്റെ തെളിവാണ്.
∙ വീട്ടിലെ അമിതദേഷ്യം, വാശി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ∙ മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടികൾ ചെറിയ കാര്യങ്ങൾക്ക് അസസ്ഥ്വരാകും.
∙ ചെറിയ കാര്യങ്ങൾക്ക് വാശിയും വെല്ലുവിളികളും പ്രകടിപ്പിക്കുന്ന കുട്ടികളുണ്ട്. പ്രായം കൂടും തോറും ദേഷ്യവും വാശിയും വർധിച്ച് അക്രമവാസനയിലേക്കും എത്താം.
∙ കുട്ടികളെ കുറിച്ച് അധ്യാപകർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. (അവർക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഓർക്കുക)
ഇടപെടാം, തക്കസമയത്ത്
∙ മാതാപിതാക്കൾ കുട്ടികൾക്കായി സ്വതന്ത്രമായ എന്നാൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക.
∙ കുട്ടിക്ക് ശാരീരികമായും മാനസികമായും സുരക്ഷിതത്വം ഉറപ്പാക്കണം. ∙ മാതാപിതാക്കൾ തനിക്കൊപ്പമാണെന്നു കുട്ടിയെ ബോധ്യപ്പെടുത്താം.
∙ കുട്ടിയുടെ വികാരങ്ങളെയും ചിന്തകളെയും അംഗീകരിക്കണം. ∙ ഇതൊന്നും ഒരു പ്രശ്നമല്ല എന്നു പറയാതെ, കുട്ടിയുടെ പേടിയും വേദനയും കേൾക്കുക.
∙ സ്വതന്ത്രമായി വികാരങ്ങൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കണം ∙ സംസാരിക്കാൻ കുട്ടി തയാറല്ലെങ്കിൽ ഈ രംഗത്തെ വിദഗ്ധന്റെ മേൽനോട്ടത്തിൽ അവർ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കുക. ∙ സാധാരണ ദിനചര്യ സ്ഥിരമായി ഒരുക്കണം.
സ്ഥിരത കുട്ടികൾക്ക് ആത്മവിശ്വാസം നൽകും. ∙ ശാസിക്കാതെയും സമ്മർദം ചെലുത്താതെയും സ്നേഹം പ്രകടിപ്പിക്കുക.
∙ ചെറിയ പുരോഗതിയും പ്രശംസിക്കുക. ∙ മാതാപിതാക്കൾ തന്നെ ശാന്തമായും കരുതലോടെ പെരുമാറുമ്പോൾ കുട്ടി ആത്മവിശ്വാസം നേടും.
∙ പ്രശ്നം ഗുരുതരമാണെങ്കിൽ സൈക്കോളജിസ്റ്റ്/കൗൺസിലർ എന്നിവരുടെ സഹായം ആവശ്യമാണ്.
ഇവിടെയുണ്ട് ഡിഇഐസി
∙ കുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡിഇഐസി (ഡിസ്ട്രിക്ട് ഏർളി ഇന്റർവൻഷൻ സെന്റർ) പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം.
ഡിഇഐസിക്കു പ്രത്യേക ഒപിയുണ്ട്. സാധാരണ ഒപിയുടെ ഭാഗമായാണ് ഇതും പ്രവർത്തിക്കുന്നത്.
അവിടെ പ്രാഥമിക പരിശോധന നടത്തിയാണ് കുട്ടിക്കു സഹായം വേണ്ട വിഭാഗത്തിലേക്ക് അയയ്ക്കുന്നത്.
ചികിത്സ സെന്ററിൽനിന്നു തന്നെ ഏകോപിപ്പിക്കും. ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടാൽ ഡിഇഐസി വിഭാഗത്തിന്റെ സഹായം തേടാം.
ബ്ലോക്കുകൾ കേന്ദ്രീകരിച്ചു അഡോളസൻസ് ഹെൽത്ത് കൗൺസിലർമാരുടെ സേവനവും ലഭ്യമാണ്.
ഡിഇഐസി നമ്പർ: 9946900792, 0467 2209566
“കൗമാര കാലം കഴിയും വരെയാണ് കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ഏറ്റവും അനുകൂലകാലം. അതിനു ശേഷം വിജയശതമാനം കുറഞ്ഞുകൊണ്ടിരിക്കും.
ഇപ്പോൾ ഒരുപാടു രക്ഷിതാക്കൾ കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഇടപെടാൻ ശ്രമിക്കുന്നുണ്ട്. ചിലർ തെറ്റായ ധാരണങ്ങൾ മൂലം ഇപ്പോഴും പിന്തിരിഞ്ഞു നിൽക്കുന്നുമുണ്ട്.
ഇമോഷനൽ ട്രോമ മുതൽ എഡിഎച്ച്ഡി വരെ കൃത്യമായ ഇടപെടലിലൂടെ പരിഹരിക്കാം. ലക്ഷണങ്ങൾ പലതും ഒന്നാണെങ്കിലും സ്വഭാവത്തിലെ മാറ്റത്തിനു കാരണം പലതായിരിക്കും.
ഓരോ സാഹചര്യങ്ങളും കൈകാര്യം ചെയ്യേണ്ട രീതി വ്യത്യസ്തമാണ്.
അതിനായി വിദഗ്ധോപദേശം തേടണം. ഈ രംഗത്തെ വിദഗ്ധനെയാണ് സമീപിക്കുന്നതെന്ന് ഉറപ്പാക്കുക.
കള്ളനാണയങ്ങൾ ഈ മേഖലയിലുണ്ട്.”
ഡോ. ശ്രീജിത്ത് കൃഷ്ണൻ, കൺസൽറ്റന്റ് സൈക്കാട്രിസ്റ്റ്, ജനറൽ ആശുപത്രി കാസർകോട്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]