ദേലംപാടി ∙ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേലംപാടി പഞ്ചായത്തിൽ സിപിഎമ്മിന് തലവേദനയായി മുൻ നേതാക്കളുടെ വിമത നീക്കം. കാറഡുക്ക ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.മുസ്തഫ ഹാജി, പാണ്ടി മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷനുമായ എ.രത്തൻ കുമാർ നായ്ക് എന്നിവർ ഇടഞ്ഞുനിൽക്കുന്നതാണ് 30 വർഷം തുടർച്ചയായി ഭരിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്തിൽ സിപിഎമ്മിന് വെല്ലുവിളിയാകുന്നത്.
രത്തൻ കുമാർ നായ്ക്കിനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങാതെ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ്.
4 വർഷത്തിലേറെയായി പാർട്ടിയുമായി അകന്നു നിൽക്കുന്ന മുസ്തഫ ഹാജിയുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെങ്കിലും പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ തലപുകയ്ക്കുകയാണ് സിപിഎം നേതൃത്വം.
ദേലംപാടി, അഡൂർ വില്ലേജുകൾ ഉൾപ്പെടുന്ന ദേലംപാടി പഞ്ചായത്തിൽ ശക്തമായ ജനകീയ അടിത്തറയുള്ളവരാണ് ഇരുവരും. 20 വർഷം പഞ്ചായത്ത് അംഗമായിരുന്ന മുസ്തഫ ഹാജി 2 തവണ വൈസ് പ്രസിഡന്റും 2015 മുതൽ 2020 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് അദ്ദേഹത്തെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്. പഞ്ചായത്തിലെ തന്നെ ചില നേതാക്കളുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
അതോടെ പാർട്ടിയുമായി ഇടഞ്ഞ അദ്ദേഹം പിന്നീട് പാർട്ടി അംഗത്വം പുതുക്കിയിട്ടില്ല.
ഊജംപാടി, ദേലംപാടി, മയ്യള എന്നീ വാർഡുകളിൽ ഏതിലെങ്കിലും ഒന്നിൽ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമെന്നാണ് കരുതുന്നത്. യുഡിഎഫ് പിന്തുണ നൽകുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
ഇതിൽ ദേലംപാടി ഒഴികെ മറ്റു 2 വാർഡുകളും നിലവിൽ സിപിഎം ജനപ്രതിനിധികളാണ്. നിസ്സാര വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ഈ വാർഡുകൾ സിപിഎം ജയിച്ചത്.
മുസ്തഫ ഹാജിയുടെ പിന്തുണയുണ്ടെങ്കിൽ ഈ 2 വാർഡുകളും പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.
അതുപോലെ അഡൂർ മേഖലയിൽ ശക്തമായ സ്വാധീനമുള്ളയാളാണ് രത്തൻ കുമാർ നായ്ക്. 2 തവണ പഞ്ചായത്ത് അംഗമായ രത്തൻ 2015 മുതൽ 2020 വരെ സ്ഥിരസമിതി അധ്യക്ഷനുമായിരുന്നു.
അഡൂർ, ദേവറടുക്ക വാർഡുകളിൽ ഒന്നിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള ഈ വാർഡുകളിൽ രത്തൻ മത്സരിക്കുകയാണെങ്കിൽ വലിയ വെല്ലുവിളിയാകുമെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്.
പാണ്ടി ലോക്കൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തെ ചർച്ചകളൊന്നുമില്ലാതെ ഒഴിവാക്കിയതാണ് അദ്ദേഹം അകലാൻ കാരണം.
പഞ്ചായത്തിൽ പാർട്ടി കെട്ടിപ്പടുക്കാൻ മുന്നിൽ നിന്ന മുതിർന്ന സിപിഎം നേതാവും മുൻ പ്രസിഡന്റുമായ ബി.ജനാർദ്ദന നായ്ക്കിന്റെ മകൻ കൂടിയാണ് രത്തൻ കുമാർ നായ്ക്. ഇദ്ദേഹത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ സാന്നിധ്യത്തിൽ പാർട്ടി ഓഫിസിലേക്ക് വിളിപ്പിച്ച് ചർച്ച നടത്താൻ സിപിഎം ശ്രമിച്ചെങ്കിലും പാർട്ടി ഓഫിസിൽ ചെന്ന് ചർച്ചയ്ക്കില്ലെന്നായിരുന്നു മറുപടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]