
നീലേശ്വരം ∙ ഫുട്ബാൾ ഗ്രാമമായ ബങ്കളത്തെ വിമൻസ് ഫുട്ബാൾ ക്ലിനിക്കിന്റെ ചിറകിലേറി ദേശീയ ടീം വരെയെത്തിയ പി.മാളവികയ്ക്കും, എസ്.ആര്യശ്രീക്കും കേരള ഫുട്ബോൾ അസോസിയേഷന്റെ അവാർഡ്. സീനിയർ കാറ്റഗറിയിലെ ഈ വർഷത്തെ മികച്ച വനിതാ താരമായി ബങ്കളത്തെ എസ്.ആര്യശ്രീയെ തിരഞ്ഞെടുത്തു.
ഇന്ത്യൻ സീനിയർ ടീമിനു വേണ്ടി മത്സരിച്ചതിനാണ് പി.മാളവികയ്ക്കു പുരസ്കാരം.
ആര്യശ്രീ അവാർഡ് നേടുന്നത് രണ്ടാം തവണ
ഇതു രണ്ടാം തവണയാണ് മികച്ച കളിക്കാരിക്കുള്ള സംസ്ഥാന പുരസ്കാരം ആര്യശ്രീയെ തേടി എത്തുന്നത്. പ്ലസ്ടു വരെ ബങ്കളത്തെ കക്കാട്ട് ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച ആര്യശ്രീ പഠനത്തോടൊപ്പം തന്നെ സ്കൂളിലെ കായികാധ്യാപികയായ ടി.ആർ.പ്രീതിമോളും, നിധീഷ് ബങ്കളവും നേതൃത്വം നൽകുന്ന വിമൻസ് ഫുട്ബാൾ ക്ലിനിക്കിലൂടെ ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ചു. കർണാടകയിലെ ബെൽത്തങ്ങാടിക്ക് സമീപമുള്ള സേക്രഡ് ഹാർട്ട് കോളജിലായിരുന്നു ബിരുദ പഠനം.
കേരള ബ്ലാസ്റ്റേഴ്സ്, മിസാക്ക ബെംഗളൂരു, ബ്രൈറ്റ്സ് ബെംഗളൂരു എന്നീ ക്ലബ്ബുകൾക്കു വേണ്ടി പ്രതിരോധനിര കാത്ത ആര്യശ്രീ കഴിഞ്ഞ 3 വർഷമായി മാളവിക കൂടി അംഗമായ സേതു എഫ്സി ക്ലബ്ബിന്റെ ഭാഗമാണ്. 7ാം ക്ലാസ് മുതൽ ജില്ലാ ടീമിലും തുടർന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ സംസ്ഥാന ടീമിലും അംഗമായിരുന്നു ആര്യശ്രീ.
10ാം ക്ലാസിൽ പഠിക്കുമ്പോൾ അണ്ടർ 15 പെൺകുട്ടികളുടെ ഇന്ത്യൻ ടീമിനായി ആദ്യമായി ബൂട്ട് കെട്ടി.
2018ൽ ഭൂട്ടാനിൽ നടന്ന സാഫ് ഗെയിംസിൽ ആര്യശ്രീ അടങ്ങുന്ന ഇന്ത്യൻ ടീം കരുത്തരായ ഭൂട്ടാനെ തോൽപിച്ചു കപ്പുയർത്തി. അതായിരുന്നു ആദ്യ അന്തർ ദേശീയ മത്സരം.
അതേ വർഷം തന്നെ മംഗോളിയയിൽ നടന്ന എഎഫ്സി അണ്ടർ 16 മത്സരത്തിലും ആര്യശ്രീ ഇന്ത്യൻ ടീമിനു വേണ്ടി കരുത്തുറ്റ പ്രതിരോധമൊരുക്കി, ഇന്ത്യൻ ടീം റണ്ണേഴ്സ് കപ്പടിച്ചു.
കളിക്കളത്തിലെ പെൺമതിലിന് വേണം, സർക്കാരിന്റെ കൈത്താങ്ങ്
നീലേശ്വരം തെക്കൻ ബങ്കളത്തെ എ.കെ.ഷാജുവിന്റെയും പി.വി.ശാലിനിയുടെയും മകളാണ് കളിക്കളത്തിലെ ഈ പെൺമതിൽ. വിദ്യാർഥിയായ എസ്.അഭിനവ് ഏക സഹോദരനാണ്.
2018ൽ അണ്ടർ 15 വിജയികളായി ഇന്ത്യൻ ടീം ഭൂട്ടാനിൽ നിന്നു നാട്ടിൽ വന്നിറങ്ങിയപ്പോൾ അന്നത്തെ കായിക മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ ആര്യശ്രീക്കും കുടുംബത്തിനും വീട് വച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു. സ്ട്രോക്ക് വന്നു തളർന്ന ലോട്ടറി വിൽപനക്കാരനായ അച്ഛൻ എ.കെ.ഷാജുവിന്റെ തുച്ഛമായ വരുമാനം കൊണ്ടു കഴിഞ്ഞു പോയിരുന്ന കുടുംബത്തിന് നല്ലൊരു വീടുണ്ടാക്കാൻ പാങ്ങില്ലായിരുന്നു.
അങ്ങനെ കുടുംബത്തിന്റെ 10 സെന്റ് സ്ഥലത്തു സർക്കാർ നിർമിച്ചു നൽകിയ വീട് 2021ൽ മന്ത്രി ഇ.പി.ജയരാജൻ തന്നെ ആര്യശ്രീയുടെ കുടുംബത്തിനു കൈമാറി.
സർക്കാരിന്റെ കൈത്താങ്ങ് കുടുംബത്തിന് വലിയ ആശ്വാസമായി. 18 വയസ്സ് പൂർത്തിയായാൽ സർക്കാർ ജോലി വാഗ്ദാനവും ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനം ഉണ്ടായില്ല.
ഷാജുവിന്റെ അസുഖം കാരണം സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഈ കുടുംബം. പരാധീനതകൾക്കിടയിലും അച്ഛൻ ഷാജു പറ്റാവുന്ന സ്ഥലങ്ങളിൽ ലോട്ടറി വിൽപന നടത്തിയാണ് ഇപ്പോൾ കുടുംബം മുന്നോട്ട് പോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]