
ചെറുവത്തൂർ∙ കൈതക്കാട് കുളങ്ങാട്ട് മലയിൽ കഴിഞ്ഞ ദിവസം രാത്രി വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾ ഭീതിയുടെ നിഴലിൽ. ജൂൺ 16ന് രാത്രിയിലാണ് ആദ്യമായി മലയിൽ വലിയ ഗർത്തം രൂപപ്പെട്ടതും ഇതിനടുത്തു തന്നെ വലിയ തോതിൽ മലയിടിഞ്ഞതും.
ഇപ്പോൾ ഇതേസ്ഥലത്തു തന്നെയാണ് കഴിഞ്ഞ ദിവസം രാത്രി മണിയോടെ വീണ്ടും മലയിടിച്ചിൽ ഉണ്ടായത്. മലയുടെ താഴ്വാരത്തിലായി താമസിക്കുന്ന ടി.വിനീതയുടെ വീടിന്റെ ആസ്ബസ്റ്റോസ് ഷെഡിന് മുകളിലാണ് മലയിടിഞ്ഞ് മണ്ണും മരങ്ങളും വന്നുപതിച്ചത്.തൊട്ടുസമീപത്ത് താമസിക്കുന്ന രതി, വിനോദ്, ഷബാന എന്നിവരുടെ വീടുകൾക്കും മലയിടിച്ചിൽ ഭീഷണി ആയതിനെത്തുടർന്ന് ഈ നാലു കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
സംഭവം നടന്ന ഉടനെ തന്നെ ജനപ്രതിനിധികൾ, ദേശീയ ദുരന്ത പ്രതിരോധ സേന, അഗ്നിരക്ഷാ സേന എന്നിവർ എത്തി വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു.
ഇന്നലെ രാവിലെ തന്നെ എം.രാജഗോപാലൻ എംഎൽഎ സ്ഥലത്ത് എത്തിയിരുന്നു.
എഡിഎം പി.അഖിൽ, ഹസാഡ് അനലിസ്റ്റ് ശിൽപ, ഹൊസ്ദുർഗ് തഹസിൽദാർ ജി.സുരേഷ് ബാബു, ഡിസാസ്റ്റർ മാനേജ്മെന്റ് കോഓർഡിനേറ്റർ പി.ഷഹീദ്, കാസർകോട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വി.വിനോദ്കുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മലയിലുള്ള അക്കേഷ്യ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ എഡിഎം വനം വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.
മരങ്ങൾ മുറിച്ചു മാറ്റിയാൽ മാത്രമേ തട്ടുകളാക്കി മലയ്ക്ക് സുരക്ഷാ ഭിത്തി നിർമിക്കാൻ സാധിക്കുകയുള്ളൂ. ജിയോളജിസ്റ്റ് എസ്.സൂരജ് സ്ഥലത്തെത്തി പരിശോധന നടത്തി ബാക്കി നടപടികൾ സ്വീകരിക്കും.പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, പഞ്ചായത്ത് സെക്രട്ടറി പ്രമീള ബോബി, തുരുത്തി വില്ലേജ് ഓഫിസർ കെ.സുരേഷ്, ദേശീയ പ്രതിരോധ സേന നാലാം ബറ്റാലിയൻ ടീം കമാൻഡർ ഇൻസ്പെക്ടർ അർജുൻപാൽ രജ്പുത്തിന്റെ നേതൃത്വത്തിലുള്ള സേന, തൃക്കരിപ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേന എന്നിവർ കഴിഞ്ഞ ദിവസം രാത്രി മുതൽ തന്നെ സംഭവ സ്ഥലത്തുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]