
കാഞ്ഞങ്ങാട്∙ അജാനൂർ കടപ്പുറത്ത് കടലേറ്റം രൂക്ഷമായി. ചിത്താരിപ്പുഴ ഗതിമാറി ഒഴുകിയതോടെ മീനിറക്കു കേന്ദ്രത്തിന്റെ തറയുടെ വടക്കുഭാഗം ബുധനാഴ്ച രാത്രി ഇടിഞ്ഞുതാഴ്ന്നു.
ഇതോടെ കെട്ടിടം കൂടുതൽ അപകടനിലയിലായി. മീനിറക്കു കേന്ദ്രത്തിലേക്ക് നിർമിച്ച റോഡും സംരക്ഷിക്കാനായി നിർമിച്ച കോൺക്രീറ്റ് സംരക്ഷണഭിത്തിയും കടലേറ്റത്തിൽ നേരത്തേ തകർന്നിരുന്നു.ഇന്നലെ മീനിറക്കുകേന്ദ്രത്തിന്റെ ഗേറ്റിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ് പില്ലറും കടലെടുത്തു.
ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും അപകട ഭീഷണിയിലാണ്.
ജിയോ ട്യൂബ് സ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങി
അപകടാവസ്ഥയിലായ മീനിറക്കു കേന്ദ്രം സംരക്ഷിക്കാനായി പുഴയിൽ ജിയോ ട്യൂബ് സ്ഥാപിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് വടക്കുഭാഗത്ത് തുറന്നുവച്ച അഴിമുഖം വഴി പുഴവെള്ളം കടലിലേക്ക് വഴിതിരിച്ചു വിടും.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ വടക്കുഭാഗത്തായി നേരത്തേ അഴിമുഖം തുറന്നിരുന്നു. എന്നാൽ പുഴ ഗതിമാറി മീനിറക്കുകേന്ദ്രത്തിന് സമീപത്തു കൂടി ഒഴുകുകയായിരുന്നു.ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കടലേറ്റം തടയാനായി 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ 25 ലക്ഷം അനുവദിക്കുകയും ചെയ്തു.
കടലേറ്റത്തിൽ സമീപത്തെ വീടുകൾക്കും ഭീഷണിയുണ്ട്. 500 മീറ്റർ കടൽഭിത്തി പൂർണമായി തകർന്നു.
ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനു മുൻപായി സാൻഡ് പമ്പ് ഡ്രഡ്ജർ ഉപയോഗിച്ച് മണൽ കൂട്ടിയിടുന്ന പ്രവൃത്തിയാണ് ഇന്നലെ തുടങ്ങിയത്. 5 ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ശക്തമായ ഒഴുക്കും നിർമാണ ജോലിക്ക് തടസ്സമാകുന്നുണ്ട്.
സുരക്ഷിതമല്ല, മറ്റു തീരങ്ങളും …
∙ പെരിങ്കടിയിൽ തീരദേശ റോഡ് കടൽ എടുത്തതിനെ തുടർന്ന് പെരിങ്കടി – മുട്ടംഗേറ്റ് റോഡ് ഗതാഗതം സ്തംഭിച്ചു. വിവിധ സ്ഥലങ്ങളിൽ കടൽക്ഷോഭം മൂലം മരം കടൽ എടുത്തു.
കടൽ രൂക്ഷമായി തുടരുന്നു. മൊഗ്രാൽപുത്തൂരിലെ കടൽക്ഷോഭം രൂക്ഷമായിട്ടുണ്ട്.
കാറ്റാടി മരങ്ങളും തെങ്ങുകളും കടപുഴകി വീണു. ചേരങ്കൈയിലും കടൽക്ഷോഭമുണ്ട്.
ദുരിതബാധിത പ്രദേശങ്ങളിൽ ജനപ്രതിനിധികളും റവന്യു–പഞ്ചായത്ത് അധികൃതരും സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]