ചെറുപുഴ ∙ കർണാടക വനംവകുപ്പിൽ നിന്നുള്ള എതിർപ്പ് മൂലം രണ്ടാഴ്ച കഴിഞ്ഞിട്ടും പൊളിച്ചിട്ട വീടിന്റെ അറ്റകുറ്റപ്പണി നടത്താനാവാതെ ആറാട്ടുകടവ് നഗറിലെ ഇളയിടത്ത് മനോജും അമ്മ ജാനകിയും.
ഈ മാസം 3 ആണു ആറാട്ടുകടവ് നഗറിലെ മനോജിന്റെ കാലപ്പഴക്കം ചെന്ന വീടിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള ചെങ്കല്ലുമായി ലോറി വീട്ടുപടിക്കൽ എത്തിയത്. തുടർന്നു വാഹനത്തിൽ നിന്നു പകുതിയിലേറെ ചെങ്കല്ല് ഇറക്കുകയും ചെയ്തു.
ഈ സമയത്തു കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അനുമതി ഇല്ലാതെയാണു വാഹനം കർണാടക വനത്തിൽ പ്രവേശിച്ചുവെന്നു ആരോപിച്ച് വണ്ടിയുടെ താക്കോൽ ഊരി എടുത്തു.
പിന്നീട് ആറാട്ടുകടവിലെ വീടിനു സമീപം ഇറക്കിയിട്ട ചെങ്കല്ല് മുഴുവൻ നിർബന്ധിപ്പിച്ചു വാഹനത്തിൽ തിരികെ കയറ്റി.
ഇതിനുശേഷമാണു വാഹനം തിരികെ പോകാൻ അനുവദിച്ചത്. വിവരം അറിഞ്ഞു പഞ്ചായത്തംഗങ്ങളായ ജമീല കോളയത്ത്, റോഷി ജോസ്, പി.ജെ.ജോസ്, പി.വി.വിജയൻ എന്നിവർ സ്ഥലത്തെത്തി കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
വനംവകുപ്പിന്റെ അനുമതിയില്ലാതെ വനത്തിൽ കയറ്റിയതു കൊണ്ടാണു വാഹനം തടഞ്ഞതെന്നും പഞ്ചായത്തംഗം ഔദ്യോഗികമായി കത്ത് നൽകിയാൽ ചെങ്കല്ലിറക്കാൻ അനുമതി നൽകാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്തംഗങ്ങൾക്ക് ഉറപ്പുനൽകുകയും ചെയ്തു.
ഇതേത്തുടർന്നു അടുത്ത ദിവസം തന്നെ പഞ്ചായത്തംഗം ജമീല കോളയത്ത് കർണാടക വനംവകുപ്പിന്റെ അനുമതി തേടി കൊണ്ടുളള കത്ത് നൽകുകയും ചെയ്തു. എന്നാൽ കത്ത് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ചെങ്കല്ലുമായി വാഹനത്തിനു ആറാട്ടുകടവ് നഗറിലേക്ക് പ്രവേശിക്കാനുള്ള അനുമതി കർണാടക വനംവകുപ്പ് നൽകിയില്ല.
മഴക്കാലത്തിനു മുൻപ് ചെങ്കല്ല് ആറാട്ടുകടവിൽ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണു മനോജിന്റെയും മാതാവ് ജാനകിയുടെയും ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

