കാസർകോട്∙ ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ദുരിതബാധിതരും അവരുടെ കുടുംബവും സമരവുമായി വീണ്ടും കലക്ടറേറ്റിലെത്തി. ഇന്നലെ രാവിലെ 11 മണിയോടെ എത്തിയ ദുരിതബാധിതർ ഉൾപ്പെടെയുള്ള സമരക്കാർ കലക്ടറുടെ ചേംബറിനു മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം വൈകിട്ടുവരെ നീണ്ടു.
സമരക്കാരുമായി 2 തവണ കലക്ടർ കെ.ഇമ്പശേഖർ ചർച്ച നടത്തിയതിൽ അന്തിമ തീരുമാനമാകാത്തതിനാലണു വൈകിട്ടു വരെ സമരം നീണ്ടത്.
ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ 1031 പേരെ കാസർകോട് വികസന പാക്കേജിന്റെ പരിധിയിൽ ഉൾപ്പെടുത്തി സഹായം അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നു 2024 ജൂലൈ 10നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ച് നടപ്പാക്കണമെന്നു ആവശ്യപ്പെട്ടാണു അമ്മമാർ ദുരിതബാധിതരോടൊപ്പം കലക്ടേററ്റിൽ ഇന്നലെ സമരത്തിനെത്തിയത്.മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത് നടപ്പിലാക്കേണ്ടത് കലക്ടർ ആണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തി ഒരു വർഷത്തിലേറെയായിട്ടും ദുരിതബാധിതർക്കു ഒരു ആനുകൂല്യവും ഇതുവരെ കിട്ടിയില്ലെന്നു സമരക്കാർ ആരോപിച്ചു. വീൽചെയറിലെത്തിയ ദുരിതബാധിതരും പ്രതിഷേധിക്കാനെത്തിയിരുന്നു.
കലക്ടർ കെ.ഇമ്പശേഖറുമായി നടത്തിയ ചർച്ചയിൽ എൻഡോസൾഫാൻ ദുരിതബാധിതരായ 1031 പേർക്കു ചികിത്സ നൽകുമെന്ന് പ്രഖ്യാപിച്ചത് രേഖാമൂലം എഴുതി നൽകണമെന്ന സമരക്കാരുടെ ആവശ്യം കലക്ടറുടെ അംഗീകരിച്ചില്ല.
എഴുതി തരാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നു പ്രതിഷേധക്കാർ ഉറച്ചുനിന്നതോടെ വിദ്യാനഗർ ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.ദുരിതബാധിതരുടെ വിഷയം സർക്കാരിന്റെ മുന്നിലാണെന്നും ഒരു മാസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നു കലക്ടർ സമരക്കാരെ അറിയിച്ചുവെങ്കിലും തീരുമാനം എഴുതി നൽകണമെന്ന ആവശ്യത്തിൽ ഉറച്ചതോടെ സമരക്കാർ ചേംബറിനു മുന്നിലിരിക്കുകയും കിടക്കുകയും ചെയ്തു.
2017ൽ നടന്ന മെഡിക്കൽ ക്യാംപിൽ പങ്കെടുത്തവരിൽ 1905 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് അധികൃതർ ആദ്യം അറിയിച്ചിരുന്നതായും പിന്നീട് പട്ടികയിലെ എണ്ണം 287 ചുരുക്കുകയായിരുന്നുവെന്നും സമരക്കാർ ആരോപിച്ചു. വീണ്ടും സമരം നടത്തിയതിനെ തുടർന്നു 76 പേരെയും 2019 നടന്ന സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിനു ശേഷം 511 പേരെയും ഉൾപ്പെടുത്തിയിരുന്നതായും ബാക്കിയുള്ള 1031 പേരാണു പട്ടികയിൽ ഉൾപ്പെടുത്താത്തതെന്നു ഇവർ പറഞ്ഞു. 1031 ദുരിതബാധിതർക്കു ഇതുവരെ ചികിത്സയും സഹായവും കിട്ടിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട
ഡപ്യൂട്ടി കലക്ടർ, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ ഒട്ടേറെ തവണ എത്തിയിരുന്നതായി ദുരിതബാധിതരുടെ അമ്മമാർ പറഞ്ഞു.
മുഖ്യമന്ത്രിയെ നേരിട്ടു കണ്ടപ്പോൾ ഇതിനുമേൽ നടപടി കലക്ടർ ചെയ്യുമെന്നും നിങ്ങളെ വിവരം അറിയിക്കുമെന്നായിരുന്നു മുഖ്യമന്ത്രി അന്നു പറഞ്ഞതെന്നു സമരസമിതി കൺവീനർ പി.ബിന്ദു പറഞ്ഞു. ഇനിയും കാത്തിരിക്കാൻ സാധിക്കാത്തതിനാലാണു സമരവുമായി ഇവിടെ എത്തിയതെന്നും സാമ്പത്തിക സഹായമല്ല, മറിച്ച് ചികിത്സ സഹായമാണ് വേണ്ടതെന്നു പെൻഷൻ തുക മാത്രമാണു ഏക വരുമാന മാർഗമെന്നും ബിന്ദു പറഞ്ഞു.
ടി.ഷൈനി,ഗീത ചെമ്മനാട്, നസീമ കാഞ്ഞങ്ങാട്, മിസ്രിയ ചെങ്കള എന്നിവരുടെ നേതൃത്വത്തിലാണു അമ്മമാരും ദുരിതാബാധിതരും സമരത്തിനെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]