വിദ്യാനഗർ ∙ വാഹനം ആളെ ഇറക്കി പുറത്തു പോകണം. അകത്ത് പാർക്കിങ് സൗകര്യം അനുവദിക്കില്ല.
ജില്ലാ കോടതി കോംപ്ലക്സ് കോംപൗണ്ടിൽ വാഹന പാർക്കിങ് പരിമിതികൾ കാരണം അഭിഭാഷകരും കക്ഷികളും ഉൾപ്പെടെ വലയുന്നു. വാഹനങ്ങൾ അകത്തു കയറുമ്പോൾ തന്നെ ജീവനക്കാർ തടയുന്നു. കോംപ്ലക്സ് കവാടത്തിനു പുറത്ത് റോഡിനു ഇരു വശത്തും നിറഞ്ഞു നിൽക്കുന്ന വാഹനങ്ങളിൽ ഈ വഴിയുള്ള വാഹനഗതാഗതത്തിനും കാൽനട
യാത്രയ്ക്കു പോലും അലോസരമുണ്ടാക്കുന്നുണ്ട്. പ്രത്യേക പാർക്കിങ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്.
പുതുതായി പണിയാൻ സാങ്കേതികാനുമതി കാത്തു നിൽക്കുന്ന കോടതി കോംപ്ലക്സിലും പണിതു വരുന്ന മൂന്നു നില കുടുംബ കോടതി കോംപ്ലക്സിലും നാമമാത്രമായ പാർക്കിങ് സൗകര്യം ആണ് ഉണ്ടാകുക. തലങ്ങും വിലങ്ങും ഇട്ട് റോഡ് ഗതാഗതത്തിനു തടസ്സമുണ്ടാക്കുന്ന വിധത്തിലാണ് വാഹനങ്ങൾ ഇപ്പോൾ പരക്കെ പാർക്ക് ചെയ്യുന്നത്.
ഇങ്ങനെ പാർക്ക് ചെയ്യുമ്പോൾ കാൽനടയാത്രക്കാർക്ക് വരെയാണ് ദുരിതം. സമീപ വിദ്യാലയങ്ങളിലെ ആയിരക്കണക്കിനു വിദ്യാർഥികൾ, കോടതികളിൽ എത്തുന്ന നൂറു കണക്കിനു കക്ഷികൾ, അഭിഭാഷകർ, പൊലീസ്, ജീവനക്കാർ, സമീപത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉൾപ്പെടെ ജീവനക്കാർ കടന്നു പോകുന്ന റോഡാണിത്.
സമീപത്ത് വിവാഹം ഉൾപ്പെടെ നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തുന്ന വാഹനങ്ങൾ പോലും ആവശ്യമായ സ്ഥലം കുറവ് കാരണം റോഡരികിൽ നിർത്തിയിടേണ്ടി വരുന്നുണ്ട്. കോടതി കോംപ്ലക്സിലും പുറത്തും വാഹന പാർക്കിങ് പലപ്പോഴും വാഹന ഉടമകൾ തമ്മിലും ജീവനക്കാരും തമ്മിൽ കശപിശ തുടങ്ങി ബഹളത്തിനു വരെ ഇടയാക്കുന്നുണ്ട്.
കോടതിയിലും സമീപത്തും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഫലപ്രദമായി വേണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് വാഹനങ്ങൾക്ക് മതിയായ പാർക്കിങ് സൗകര്യം ഇല്ലാത്തതിന്റെ പേരിലുണ്ടാകുന്ന ബഹളം.
അഭിഭാഷകരുടെ വാഹനങ്ങളും പുറത്ത്
നിലവിൽ പത്തോളം കോടതി പ്രവർത്തിക്കുന്ന കോടതി കോംപ്ലക്സ് കോംപൗണ്ടിൽ ദിവസവും ഇരുനൂറിലേറെ അഭിഭാഷകർ എത്തുന്നുണ്ട്. മുന്നൂറിലേറെ കോടതി ജീവനക്കാർ, പൊലീസ്, എക്സൈസ് തുടങ്ങി കോടതിയിൽ പല കേസുകളിലായി വിചാരണയ്ക്കും മറ്റും എത്തുന്ന നാനാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിങ്ങനെ വരുന്ന കോടതി കോംപൗണ്ടിൽ ചുരുങ്ങിയത് അറുപതോളം വാഹനങ്ങൾക്ക് കഷ്ടിച്ചു പാർക്ക് ചെയ്യാം.
ആദ്യം ഇടം പിടിക്കുന്ന വാഹനങ്ങൾ പോകുന്നത് വരെ ഇതിനു പിന്നാലെ വരുന്നവർ കാത്തു നിൽക്കേണ്ടി വരും. ഇരുപതോളം വാഹനങ്ങൾക്കുള്ള പാർക്കിങ് ഷെഡ് ഉണ്ട്.
ഭൂരിഭാഗം അഭിഭാഷകർക്കും കോടതി കോംപൗണ്ടിൽ വാഹനം പാർക്ക് ചെയ്യാൻ കഴിയുന്നില്ല.
വരാൻ പോകുന്ന കെട്ടിടങ്ങളിലും പാർക്കിങ് മുൻഗണന ഇല്ല
കോടതി കോംപ്ലക്സ് കോംപൗണ്ടിന്റെ പുറത്ത് റോഡിനു എതിർവശം അഞ്ചു കോടിയിലേറെ രൂപ ചെലവിൽ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 3 നില കുടുംബ കോടതി കെട്ടിടം പണിതു വരുന്നുണ്ട്. 1451 സ്ക്വയർഫീറ്റ് വിസ്തീർണം ആണ് ഇതിന്. ഇവിടെ ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ അറുപതോളം വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം മാത്രമാണ് ഉണ്ടാകുക.
കോടതി കോംപ്ലക്സ് കോംപൗണ്ടിൽ കോടതി അഡീഷനൽ കോംപ്ലക്സ് എന്ന നിലയിൽ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ ആറു നില കെട്ടിടം നിർമാണം താമസിയാതെ നടക്കും. 29 കോടി രൂപ ചെലവിൽ 5311 സ്ക്വയർഫീറ്റ് കെട്ടിടം. പണി തുടങ്ങിയാൽ ഒന്നര വർഷം കൊണ്ടു തീരണം.
2023 ജനുവരി 23 ന് ആണ് ഇതിനു ഭരണാനുമതി ലഭിച്ചത്. നിർമാണത്തിനുള്ള ടെൻഡർ നടപടികൾക്ക് സാങ്കേതികാനുമതി ലഭിക്കണം.
ഇവിടെ 52 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം എന്ന നിലയിലാണ് എസ്റ്റിമേറ്റ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]