
തൃക്കരിപ്പൂർ∙ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നാലര വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ബഡ്സ് സ്കൂൾ അടഞ്ഞു തന്നെ. ലോക ബാങ്കിന്റെ സഹായത്തിൽ ഒരു കോടി രൂപ ചെലവിൽ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ട് പണിത ബഡ്സ് സ്കൂളിനാണ് ഈ ദുർഗതി.
കോവിഡ് കാലത്ത് 2020 ഒക്ടോബർ 22ന് അന്നത്തെ മന്ത്രി കെ.കെ.ശൈലജ ഓൺലൈനിലൂടെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നടത്തിയെന്നല്ലാതെ സ്കൂൾ പ്രവർത്തനം തുടങ്ങിയില്ല.
പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ നടത്തിപ്പ്. പക്ഷേ, നടത്തിപ്പിനുള്ള സംവിധാനം പഞ്ചായത്ത് ഒരുക്കാത്തത് പദ്ധതി അവതാളത്തിലാക്കി. കഴിഞ്ഞ ഭരണത്തിൽ പഞ്ചായത്തിനു ലോക ബാങ്ക് അനുവദിച്ച 2 കോടി രൂപയുടെ ധനസഹായത്തിൽ നിന്നാണ് ഒരു കോടി രൂപ ബഡ്സ് സ്കൂൾ പദ്ധതിക്കായി വിനിയോഗിച്ചത്.
600 ചതുരശ്ര മീറ്ററിൽ പണിത കെട്ടിടത്തിൽ പ്രീ പ്രൈമറി, പ്രൈമറി, വൊക്കേഷനൽ ഹയർസെക്കൻഡറി തുടങ്ങിയ ക്ലാസുകൾ നടത്താനുള്ള സൗകര്യവും സ്പീച്ച് തെറപ്പി, ഫിസിയോ തെറപ്പി തുടങ്ങിയവയ്ക്കുള്ള സൗകര്യവും ഉണ്ട്. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും സജ്ജീകരിച്ചു.
തുറന്നുകൊടുക്കാത്ത കെട്ടിടം പരിചരണമില്ലാത്തത് മൂലം നശിക്കുന്നുവെന്നു മാത്രമല്ല, കുടുംബശ്രീ ഉൾപ്പടെ നൽകിയ 30 ലക്ഷത്തിൽ പരം രൂപയുടെ ഉപകരണങ്ങളളും നാശം നേരിട്ടു കൊണ്ടിരിക്കുന്നു.
പലതും പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധം നശിച്ചു. മുസ്ലിം ലീഗ് നേതാവ് എം.ടി.അബ്ദുൽ ജബ്ബാർ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ബഡ്സ് സ്കൂൾ സ്ഥാപിച്ചത്.
കെട്ടിടം പണി പൂർത്തീകരിച്ചിട്ടും തുറന്നു കൊടുക്കാത്തതിനെതിരെ സിപിഎം അന്നു സമരം നടത്തുകയുണ്ടായി. നിലവിൽ പഞ്ചായത്ത് ഭരണം സിപിഎമ്മാണ്.
യുഡിഎഫ് ഭരണത്തിൽ സമരം നടത്തിയ സിപിഎം ഇപ്പോൾ മിണ്ടാട്ടം മുട്ടിയിരിപ്പാണ്. പ്രതിവർഷം 20 ലക്ഷത്തിൽ പരം രൂപ സ്കൂൾ നടത്തിപ്പിനു വേണം. പഞ്ചായത്താണ് ഈ ഫണ്ട് കണ്ടെത്തേണ്ടത്.
ഇത്രയും തുക കണ്ടെത്താൻ കഴിയാത്തതാണ് സ്കൂൾ നടത്തിപ്പിനു വിഘാതമെന്നു ബന്ധപ്പെട്ടവർ വിശദീകരിക്കുന്നുണ്ട്. എന്നാൽ ഭരണസമിതി ഫണ്ട് കണ്ടെത്തുന്നതിനു ശ്രമിക്കാൻ തയാറാകാത്തതാണ് കാരണമെന്നു കുറ്റപ്പെടുത്തലുണ്ട്.
സ്കൂൾ നടത്തിപ്പിനായി ഉണ്ടാക്കിയ സപ്പോർട്ടിങ് ഗ്രൂപ്പ് വിളിച്ചു ചേർക്കാൻ പോലും ബന്ധപ്പെട്ടവർ തയാറാകാത്തത് ഇതിലെ താൽപര്യമില്ലായ്മ വെളിവാക്കുന്നു.
സ്കൂൾ പ്രവർത്തനം നല്ല നിലയിൽ നടത്താൻ കഴിയുന്ന സാഹചര്യമുണ്ടായാൽ വലിയപറമ്പ് പഞ്ചായത്തിനൊപ്പം തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വലിയ തോതിൽ പ്രയോജനപ്പെടും. ഈ വർഷം ഒക്ടോബറിൽ കെട്ടിട
ഉദ്ഘാടനത്തിന്റെയും അടച്ചിടലിന്റെയും അഞ്ചാം വാർഷികം ആകുന്ന വേളയിലെങ്കിലും സ്കൂൾ തുറന്നുപ്രവർത്തിക്കാനുള്ള സംവിധാനം വേണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]